1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2011


വില്‍‌പത്ര പ്രകാരം ബന്ധുക്കള്‍ക്ക് ലഭിക്കേണ്ട പൈസ മുന്‍ മന്ത്രി ബാലകൃഷ്ണപിള്ളയുടെ മകനും പ്രശസ്ത സിനിമാനടനുമായ കെബി ഗണേഷ്കുമാര്‍ അടിച്ചുമാറ്റി എന്ന് പ്രശസ്ത നടി ശ്രീവിദ്യയുടെ ഏക സഹോദരന്‍ കെ ശങ്കര്‍രാമന്‍ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. മരിക്കുന്നതിന്‌ രണ്ടുമാസം മുമ്പ്‌ ശാസ്തമംഗലം സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രം അനുസരിച്ച്‌ ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കൈകാര്യംചെയ്യാന്‍ ഗണേഷിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ സ്വത്തെല്ലാം ഗണേഷ് അടിച്ചുമാറ്റിയെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

“എന്റെ രണ്ട്‌ മക്കള്‍ക്ക്‌ ഓരോരുത്തര്‍ക്കും അഞ്ച്‌ ലക്ഷം വീതം ആകെ 10 ലക്ഷം രൂപ നല്‍കണമെന്ന്‌ വില്‍‌പത്രത്തില്‍ പറഞ്ഞിട്ടുണ്ട്‌. 2006 ഒക്ടോബര്‍ 19-നാണ് ശ്രീവിദ്യ മരിക്കുന്നത്. ഇതിനുശേഷം 2007 ജനുവരി മൂന്നിന്‌ വില്‍പ്പത്രത്തില്‍ പറയുന്ന പ്രകാരമുള്ള പണം നല്‍കണമെന്നാവശ്യപ്പെട്ട്‌ എന്റെ മകന്‍ നാഗപ്രസന്ന ഗണേഷിന് കത്തയച്ചു. ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട്‌ ആദായനികുതി സംബന്ധിച്ച മൂന്ന്‌ കേസ്‌ ചെന്നൈയിലുണ്ടെന്നും വീട്‌, വാഹനവായ്പകളുമായി ബന്ധപ്പെട്ട ബാധ്യതകളുണ്ടെന്നും ഇതൊക്കെ പരിഹരിക്കാന്‍ സാവകാശം വേണമെന്നതുകൊണ്ട്‌ വില്‍പ്പത്രം അനുസരിച്ചുള്ള 10 ലക്ഷം നല്‍കാന്‍ കുറച്ചുകൂടി സമയം വേണമെന്നും കാണിച്ച്‌ 2007 ജനുവരി 17 ന്‌ ഗണേശ്കുമാര്‍ നാഗപ്രസന്നയ്ക്ക് മറുപടി നല്‍‌കി.”

“ഇതിനുശേഷം നാലുവര്‍ഷം കഴിഞ്ഞിട്ടും പണം നല്‍കിയില്ല, പണത്തെ പറ്റി ഞങ്ങളോട് സംസാരിച്ചുമില്ല. ഇതിനിടയില്‍ പലതവണ ടെലിഫോണിലും വക്കീല്‍ നോട്ടീസ്‌ മുഖേനയും പണം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും ഗണേഷ് തയ്യാറായില്ല. മാത്രമല്ല, ഞങ്ങള്‍ എന്തോ കുഴപ്പക്കാരാണെന്ന മട്ടിലാണ് ഗണേഷ് സംസാരിച്ചത്. ഞങ്ങള്‍ ചെന്നൈയിലാണ് സ്ഥിരതാമസം. കേരളത്തില്‍ ഞങ്ങള്‍ക്ക് കേരളത്തില്‍ വേരുകളൊന്നുമില്ല. പിന്നെ, ഗണേഷ് രാഷ്‌ട്രീയം കൊണ്ടും സ്വാധീനം കൊണ്ടും ഉന്നതസ്ഥനത്താണ്. ഈ സാഹചര്യത്തില്‍ തുക വാങ്ങിയെടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയില്ല. ദയവായി അങ്ങ് ഇതിനൊരു പരിഹാരം ഉണ്ടാക്കണം” – മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഇങ്ങിനെ തുടരുന്നു.

വട്ടിയൂര്‍ക്കാവ്‌ വില്ലേജിലെ എട്ട്‌ സെന്റ്‌ സ്ഥലവും കെട്ടിടവും, ചെന്നൈ അഭിരാമപുരം സുബ്രഹ്മണ്യ അയ്യര്‍ റോഡിലെ സ്ഥലം, മെയിലാപ്പൂര്‍ സബ്ജില്ലയിലെ 1250 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം, 15.5 ലക്ഷത്തിന്റെ ബാങ്ക്‌ നിക്ഷേപം, 580 ഗ്രാം സ്വര്‍ണം, 1.5 കിലോഗ്രാം വെള്ളി, സാന്‍ട്രോ കാര്‍, മൂന്ന്‌ ലക്ഷത്തിന്റെ രണ്ട്‌ പോസ്റ്റ്‌ ഓഫീസ്‌ നിക്ഷേപം, മറ്റ്‌ വീട്ടു സാധനങ്ങള്‍ എന്നിവയാണ്‌ സ്വത്തുക്കളായി വില്‍പ്പത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇവയൊക്കെയും കൈകാര്യം ചെയ്യാന്‍ ഗണേഷിനെയാണ് ശ്രീവിദ്യ ചുമതലപ്പെടുത്തിയത്.

ഈ സ്വത്തുക്കളില്‍ നിന്നാണ് ശങ്കര്‍രാമന്റെ മക്കള്‍ക്ക് 10 ലക്ഷം രൂപ നല്‍കേണ്ടത്. ഒപ്പം, ശ്രീവിദ്യയുടെ ജോലിക്കാരനായിരുന്ന സഹദേവനും ഭാര്യ സിദ്ധമ്മാളിനും ഓരോ ലക്ഷം വീതം നല്‍‌കേണ്ടതുണ്ട്. ഈ രണ്ട്‌ തുകയും നല്‍കിയതിന്‌ ശേഷമുള്ള സ്വത്ത്‌ തന്റെ ചിരകാലാഭിലാഷമായ സംഗീത-നൃത്ത വിദ്യാലയം ആരംഭിക്കാന്‍ വിനിയോഗിക്കണമെന്നാണ്‌ പറഞ്ഞിട്ടുള്ളത്‌. എന്നാല്‍, ശ്രീവിദ്യ മരിച്ച് നാലുവര്‍ഷം കഴിഞ്ഞിട്ടും ഗണേഷ് മൌനത്തിലാണെന്ന് ശങ്കര്‍രാമര്‍ പറയുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.