1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2011

ലണ്ടന്‍: അനി ദീവാനി കൊലപാതകത്തില്‍ ഭര്‍ത്താവ് ഷ്‌റീന്‍ ദീവാനിക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായി അനിയുടെ അമ്മാവന്‍ പരസ്യമായി വെളിപ്പെടുത്തി. അനി ദീവാനിയുടെ മരണത്തിനു ശേഷം കുടുംബത്തിലെ ഒരംഗം പരസ്യമായി പ്രതികരിക്കുന്നത് ആദ്യമായാണ്.

ഡെയ്‌ലി മെയിലിന് അനുവദിച്ച അഭിമുഖത്തിലാണ് അനിയുടെ അമ്മാവന്‍ അശോക് ഹിന്ദുജ പരസ്യമായി ഷ്‌റീനിനെതിരെ പൊട്ടിത്തെറിച്ചത്.

കെട്ടിക്കൊണ്ടുപോയ പെണ്ണിനെ നോക്കാന്‍ തന്റേടമില്ലാത്തവാനാണ് അായള്‍. ഭാര്യയെ കാറില്‍ മറ്റുള്ളവര്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ ഒരു മല്‍പ്പിടിത്തത്തിനു പോലും അയാള്‍ തയ്യാറായില്ല. ഭാര്യയെ മറ്റൊരാള്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ ഭര്‍ത്താവിനു വെറുതെ നോക്കിനില്‍ക്കാനാവുമോ? ഞാനാണെങ്കില്‍ എന്റെ വളര്‍ത്തുനായയെപ്പോലും ഇങ്ങനെ കൊല്ലാന്‍ വിട്ടുകൊടുക്കില്ല- അശോക് ഹിന്ദുജ പറയുന്നു.

അനി സുഹൃത്തുക്കള്‍ക്കയച്ച മെസേജുകളുടെയും കത്തുകളുടെയും വെളിച്ചത്തിലാണ് താന്‍ ഇതു പറയുന്നതെന്നും അശോക് ഹിന്ദുജ വ്യക്തമാക്കി.

താന്‍ കണ്ണീര്‍ കടലിലാണെന്നാണ് അനി മരണത്തിന് ആറു ദിവസം മുന്‍പ് മുബയിലെ ഒരു സുഹൃത്തിനയച്ച എസ് എം എസില്‍ പറഞ്ഞിരുന്നു. ദ സണ്‍ ദിനപത്രം ഇതു കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നിരുന്നു.

പുതിയ ജീവിതം എങ്ങനെ എന്നായിരുന്നു മുംബയ്ക്കാരി സുഹൃത്തിന്റെ ചോദ്യം. അയാം ഓകെ. പക്ഷേ, കരച്ചില്‍ എനിക്ക് ഒരു ഹോബി പോലെ ആയിരിക്കുന്നു എന്നായിരുന്നു അനിയുടെ മറുപടി. എല്ലാം ഒരുനാള്‍ ശരിയാവുമെന്നാശിക്കാം എന്നാണ് അടുത്ത സന്ദേശത്തില്‍ അനി സ്വയം സമാധാനിപ്പിക്കുന്നത്.

ഈ സന്ദേശങ്ങള്‍ അനിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങള്‍ ഒന്നുകൂടി ബലപ്പിക്കുന്നതാണ്.

അനിയുടെ മരണവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിടുന്ന ഭര്‍ത്താവ് ഷ്‌റീന്‍ ദീവാനി ഇപ്പോള്‍ ജാമ്യത്തിലാണ്. ഇദ്ദേഹത്തെ ചോദ്യംചെയ്യലിനായി ദക്ഷിണാഫ്രിക്കന്‍ പൊലീസിനു വിട്ടുകൊടുക്കണോ എന്ന കാര്യത്തില്‍ കോടതി ഇനിയും വാദം ആരംഭിച്ചിട്ടില്ല.

ബ്രിട്ടീഷ് ഇന്ത്യന്‍ വംശജനായ ഷ്‌റീന്‍ ദീവാനിയും നവവധുവും സ്വീഡനില്‍ കുടിയേറി ഇന്ത്യക്കാരിയായ അനി ദീവാനിയും കഴിഞ്ഞ നവംബര്‍ 13ന് കേപ് ടൗണില്‍ ഹണിമൂണിനു പോയ വേളയില്‍ അക്രമികള്‍ അനിയെ തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ സൊലാ ടോങ്കോയ്ക്ക് 15,000 റാന്‍ഡ് (1400 പൗണ്ട്) വാഗ്ദാനം ചെയ്താണ് ഷ്‌റീന്‍ കൊലപാതകത്തിന് വഴിയൊരുക്കിയതെന്നാണ് ദക്ഷിണാഫ്രിക്കന്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞത്. കുറ്റം ഏറ്റുപറഞ്ഞ ഡ്രൈവര്‍ക്ക് കോടതി 18 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.