1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2015

ജോണ്‍ കെജെ (ഉംറ്റാറ്റാ): വിദ്യാഭ്യാസ, ആതുരശുശ്രൂഷാ, സാമൂഹിക രംഗങ്ങളില്‍ അനിര്‍വചനീയമായ പ്രവര്‍ത്തന ശൈലി കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹല്‍വ്യക്തിത്വത്തിനുടമയായ സിസ്റ്റര്‍ ലിയോബ സന്യാസ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.
ഈരാറ്റുപേട്ടയില്‍ ജനിച്ചു, അരുവിത്തുറ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് മഠത്തില്‍ ചേര്‍ന്ന്, കര്‍ത്താവിന്റെ മണവാട്ടിയാവാന്‍ നന്നെ ചെറുപ്പത്തിലെ തീരുമാനമെടുത്ത്, പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്നുകൊണ്ട് അചഞ്ചലയായി, ഇക്കഴിഞ്ഞ അര നൂറ്റാണ്ടുകാലം കുരിശുകളും സഹനങ്ങളും ചോദിച്ചുവാങ്ങുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയെ മാതൃകയാക്കിയ മഹനീയമായ വ്യക്തിപ്രഭാവമാണ് ലിയോബാമ്മ.

പാലാ അല്‍ഫോന്‍സാ കോളേജില്‍ വൈസ് പ്രിന്‍സിപ്പല്‍ സ്ഥാനമാലങ്കരിച്ചു പ്രവര്‍ത്തന നൈപുണ്യം നേടിയ ശേഷം തങ്ങളുടെ കോണ്‍ഗ്രിഗേഷന്റെ മറ്റു പ്രമുഖ മേഖലകളിലും സേവനനിരതയായ ലിയോബാമ്മ 2010ല്‍ സൌത്ത് ആഫ്രിക്കയിലെ ഉംറ്റാറ്റായില്‍ പ്രവര്‍ത്തിക്കുന്ന കന്നീസ്സ ചില്‍ഡ്രന്‍സ് ഹോമിന്റെ സാരഥിയായി. അശരണരും അഗതികളും അവഗണിക്കപ്പെട്ടവരുമായ ഒരു പറ്റം കുഞ്ഞുങ്ങളെ, തന്റെ സ്വന്തം മക്കളായി പരിപാലിച്ചു പോരുന്നു.

ഇന്ന് വേദനകളില്‍നിന്ന് ഓടിയകലുകയും അത്ഭുതങ്ങള്‍ക്കുവേണ്ടി ഓടിക്കൂടുകയും ചെയ്യുന്ന ലോകത്തെയാണ് നാം കാണുന്നത്. ആധുനിക സംസ്‌കാരത്തിന്റെ കുറവ് ശക്തിയുടെയോ അധികാരത്തിന്റെയോ ധനത്തിന്റെയോ അറിവിന്റെയോ അല്ല, പ്രത്യുത ആത്മീയ ഉണര്‍വ്വിന്റെ കുറവാണ്. ഉപ്പ് ഭക്ഷണത്തിന് രുചിപകരുന്നതുപോലെയും പ്രകാശം അന്ധകാരത്തെ അകറ്റുന്നതുപോലെയും ലിയോബാമ്മയുടെ കന്നീസ്സ അനാഥ ശിശുഭവനത്തിലെ പ്രവര്‍ത്തനം ഇവിടെ വസിക്കുന്ന എല്ലാ മലയാളികള്‍ക്കെന്നല്ല നാനാ ജാതി മതസ്തര്‍ക്കും ഒരു മാതൃക തന്നെയാണ്. ഈ ഭവനത്തില്‍ കഴിയുന്ന മക്കളോടൊത്തല്ലാതെ ഒരാഘോഷങ്ങള്‍ക്കും പോകാന്‍ കൂട്ടാക്കാതെ, നിശ്ശബ്ദ സ്‌നേഹത്തിന്റെയും നിറകുടമായി എല്ലാവരുടെയും നന്മയ്ക്കായി പ്രാര്‍ത്ഥനയോടെ ജീവിക്കുന്ന ലിയോബാമ്മ ഉംറ്റാറ്റാക്കാരുടെ അവലംബവും ആശ്രയവും അനുഗ്രഹവുമാണ്.
വേദനകളെ പരാതികളും വിലാപങ്ങളുമാക്കാതെ സേ്താത്രങ്ങളും പ്രാര്‍ത്ഥനകളുമാക്കാന്‍ പഠിപ്പിച്ച സാത്വികത്യാഗിയായ അല്‍ഫോന്‍സാമ്മയുടെ സന്ന്യാസ കുടുംബത്തില്‍ നിന്നുള്ള ഞങ്ങളുടെ ലിയോബമ്മയ്ക്ക് സര്‍വ്വശക്തനായ ദൈവം എല്ലാ അനുഗ്രഹങ്ങളും നല്‍കി പരിപാലിച്ചുകൊണ്ട് അനേക ജീവിതങ്ങള്‍ക്ക് താങ്ങായി തണലായി അനുഗ്രഹമായി തീരാന്‍ ഇടവരട്ടെഎന്ന് ഈ കൊച്ചു ഉംറ്റാറ്റാ നിവാസികള്‍ ആശംസിക്കുന്നു.

ലോക സമാധാന സന്ദേശവുമായി ‘ദി വേള്‍ഡ് പീസ് മിഷന്‍’ ഇന്ന് ലോകത്തില്‍ എല്ലായിടത്തും ഈശ്വരന്റെ സ്‌നേഹവും കരുണയും ഔദാര്യവും സമാധാനവും അനുഭവിക്കുവാന്‍ ഈ പ്രപഞ്ചത്തിനും മനുഷ്യരാശിക്കും ഇടയാകണം എന്നുള്ള സന്ദേശത്തോടുകൂടി പ്രവര്‍ത്തിച്ചു വരികയാണ്. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് ഇന്ന് പ്രവാസികളുടെ ഇടയില്‍ ഈയൊരു സമാധാന സന്ദേശം എത്തിച്ചുകൊടുക്കുവാന്‍ മാധ്യമങ്ങളിലൂടെയുള്ള പരിശ്രമമാണ് ദി വേള്‍ഡ് പീസ് മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്നത്. ഈ സംരംഭത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ലിയോബാമ്മയ്ക്ക് ഇത്തരുണത്തില്‍ എല്ലാ ആശംസകളും ദി വേള്‍ഡ് പീസ് മിഷന്‍ അധ്യക്ഷന്‍ ശ്രീ സണ്ണിസ്റ്റീഫന്‍ അര്‍പ്പിക്കുന്നു.

ഉംറ്റാറ്റാ നിവാസികള്‍ തങ്ങളുടെ സ്വന്തം ലിയോബാമ്മയുടെ ഈദിവസം സമുചിതമായി ഒക്ടോബര്‍ മാസം 10നു ശനിയാഴ്ച്ച കന്നീസ്സ ഹൈസ്‌കൂള്‍ ഹാളില്‍ വിശുദ്ധ ദിവ്യ ബലിയോടെ ആചരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.