1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2015

മാഞ്ചസ്റ്റര്‍: സാബു കുര്യനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംസ്റ്റണ്‍ ആന്‍ഡ് സ്റ്റഡ്‌ഫോര്‍ഡ്‌ ഡെപ്യൂട്ടി ചെയര്‍മാനായി നിയമിച്ചു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ നടന്ന പാര്‍ട്ടിയുടെ വാര്‍ഷികപൊതുയോഗത്തിലാണ് നിയമനം. ഈ മേയില്‍ യു.കെ.യില്‍ പൊതുതെരഞ്ഞെടുപ്പ നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരുടെ വോട്ട് നിര്‍ണായകമായ സാഹചര്യത്തിലാണ് സാബുവിന്റെ നിയമനം.മാഞ്ചസ്റ്ററിലെ ആറ് നിയോജക മണ്ഡലങ്ങളില്‍ ഇന്ത്യന്‍ വംശജരുടെ വോട്ട് ഉറപ്പിക്കുകയാണ് സാബുവിന്റെ ചുമതല. ഇതാദ്യമായാണ് ഒരു മലയാളി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനാകുന്നത്. നിലവില്‍ കന്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ പേട്രണ്‍കൂടിയാണ് സാബു.

ലേബര്‍പാര്‍ട്ടിയില്‍ നിരവധി മലയാളികള്‍ ഉണ്ടെങ്കിലും ടോറിപാര്‍ട്ടിയുടെ പദവികളില്‍ മലയാളികള്‍ ഇതുവരെ നിയമിതരായിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയെ നിര്‍ണയിക്കുന്നതില്‍ ഇന്ത്യന്‍ വംശജരുടെ പങ്ക് നിര്‍ണായകമാകുന്ന സാഹചര്യത്തില്‍ ഓരോ ഇന്ത്യന്‍ വംശജരുടെ വോട്ടും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ടോറികളും ലേബര്‍ പാര്‍ട്ടിയും മല്‍സരിക്കുകയാണ്. അതിനിടയിലാണ് മലയാളിയെ ടോറി ഡപ്യൂട്ടി ചെയര്‍മാനായി കണ്ടെത്തിയത്.

ഇന്ത്യക്കാരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് സാബു കുര്യന്‍ നിരവധി തവണ പ്രധാനമന്ത്രി ഡേവിഡ് കവമറൂണിനെയും പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന മന്ത്രിമാരെയും കണ്ടിരുന്നു. നിരന്തരമായി ഇന്ത്യക്കാരുടെ വിഷയങ്ങള്‍ പാര്‍ട്ടി യോഗങ്ങളിലും ഉന്നത തല യോഗങ്ങളിലും ഉന്നയിക്കുന്ന സാബുവിനെ ഡെപ്യൂട്ടി ചെയര്‍മാനാക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങിയ മഹത്‌വ്യക്തികള്‍ മുതല്‍ ഡേവിഡ് കാമറൂണ്‍വരെയുള്ളവരുടെ കാല്‍പാതുകള്‍ പതിഞ്ഞ പാര്‍ട്ടിയില്‍ ഒരു മലയാളി കൈവരിക്കുന്ന ഈ നേട്ടം നിസാരമല്ല.

സാബുവിന്റെ നിയമനത്തോടെ കൂടുതല്‍ മലയാളികള്‍ക്ക് ടോറിപാര്‍ട്ടിയില്‍ അവസരം ലഭിക്കും. വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു മലയാളിക്ക് എങ്കിലും പാര്‍ലമെന്റിലേക്ക് മല്‍സരിക്കാന്‍ സീറ്റ് ലഭിക്കുന്നതിന് വേണ്ടി സമ്മര്‍ദം ചെലുത്തുമെന്ന് സാബു പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഇന്ത്യക്കാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുകയാണ് തന്റെ പ്രഥമലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തെരഞ്ഞെടുപ്പില്‍ കാര്‍ഡിഫില്‍ നിന്നോ, ബ്രിസ്‌റ്റോളില്‍ നിന്ന് മലയാളി സ്ഥാനാര്‍ഥിയുണ്ടാകാനുള്ള സാധ്യത ഏറെക്കൂടുതലാണെന്നും ഇത്തവണ മലയാളികള്‍ക്ക് സീറ്റ് ലഭിക്കാത്ത പക്ഷം അടുത്ത തവണ മലയാളികള്‍ പാര്‍ലമെന്റില്‍ എത്തുമെന്നും സാബു ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. തന്റെ ഈ നിയമനം പാര്‍ട്ടിയില്‍ ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമ്മര്‍ദം ചെലുത്തുന്നതിനായി ഉപയോഗിക്കുമെന്നും കൂടുതല്‍ മലയാളികള്‍ ടോറിപാര്‍ട്ടിയിലേക്ക് എത്തണമെന്നും ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് പാര്‍ട്ടിയും കാമറൂണ്‍സര്‍ക്കാരും മുന്തിയ പരിഗണന നല്‍കുന്നതായും സാബു പറഞ്ഞു. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലഘൂകരിക്കുന്നതിനായി പാര്‍ട്ടിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും പറഞ്ഞു.

മലയാളികളെയും ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആളുകളെയും പാര്‍ട്ടിയുമായി അടുപ്പിക്കുന്നതിന് താന്‍ യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ ദക്ഷിണേന്ത്യന്‍ ആളുകളുമായി ആശയ വിനിമയം നടത്തുമെന്നും സാബു വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.