1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2017

അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വനിതകളുടെ ഉന്നമനത്തിനും,കൂട്ടായ്മ്മക്കും, ശാക്തീകരണത്തിനുമായി രൂപം കൊടുത്ത വനിതാ ഫോറത്തിന് ലണ്ടന്‍ റീജണില്‍ നവ നേതൃത്വം ആയി. രൂപതാദ്ധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍,ബ്രെന്‍ഡ്‌വുഡ്, സൗത്താര്‍ക്ക് ചാപ്ലിന്‍സികളുടെ കീഴിലുള്ള 22 കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി എത്തിയ നൂറില്‍പ്പരം പ്രതിനിധികളുടെ യോഗമാണ് റീജണല്‍ വനിതാ ഫോറം പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വനിതാ ഫോറം ഡയറക്ടര്‍ സി.മേരി ആന്‍ മാധവത് യോഗത്തിനു നേതൃത്വം നല്‍കി. വനിതാ ഫോറം എന്ന സംഘടനകൊണ്ട് രൂപത വിഭാവനം ചെയ്യുന്ന ആല്മീയസാമൂഹ്യ മൂല്യങ്ങളും ആശയങ്ങളും പ്രതിഫലിച്ച സിസ്റ്റര്‍ മേരിയുടെ ആമുഖ പ്രസംഗത്തില്‍ സംഘടനയുടെ അനിവാര്യത,ലക്ഷ്യം,കര്‍മ്മ പരിപാടികള്‍ എന്നിവ സവിസ്തരം പ്രതിപാദിക്കുകയുണ്ടായി.സ്ത്രീ എന്ന നിലയിലും, കുടുംബ നാഥയെന്ന നിലയിലും ഏറെ ഉത്തരവാദിത്വങ്ങള്‍ നിക്ഷിപ്തമായിട്ടുള്ള വനിതകളുടെ അര്‍പ്പണ മനോഭാവത്തിനും, ത്യാഗങ്ങള്‍ക്കും അര്‍ഹമായ ബഹുമാനവും,മഹത്വവും ലഭിക്കുവാനും സംഘടന പ്രയോജനകരമാകും.സാമൂഹിക രംഗങ്ങളിലും കുടുംബങ്ങളിലും ചാലിക ശക്തിയായി വര്‍ത്തിക്കുന്ന വനിതകളുടെ ഈ മുന്നേറ്റം സഹവര്‍ത്തത്തോടെയുള്ള ഏകോപന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപകരിക്കും.

ലണ്ടന്‍ റീജണല്‍ ചാപ്ലിന്‍സികളുടെ നേതൃത്വം നല്‍കുന്ന ഫാ.സെബാസ്റ്റിന്‍ ചാമക്കാല, ഫാ.ജോസ് അന്ത്യാംകുളം, പിതാവിന്റെ സെക്രട്ടറി ഫാന്‍സുവ പത്തില്‍ എന്നിവര്‍ റീജണല്‍ യോഗത്തിനും, തെരഞ്ഞെടുപ്പിനും മേല്‍നോട്ടം വഹിച്ചു. തെരഞ്ഞെടുപ്പില്‍ ലണ്ടന്‍ റീജണയിലെ എല്ലാ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും ഉള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

ലണ്ടന്‍ റീജണല്‍ വനിതാ ഫോറം പ്രഥമ ഭാരവാഹികളായി ഡെയ്‌സി ജെയിംസ് വാല്‍ത്തംസ്റ്റോ (പ്രസിഡണ്ട്) അല്‍ഫോന്‍സാ ജോസ് എന്‍ഫീല്‍ഡ് (വൈസ് പ്രസിഡണ്ട്) ജെസ്സി റോയി (സെക്രട്ടറി), ജെയ്റ്റി റെജി (ജോ. സെക്രട്ടറി) ആലീസ് ബാബു (ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ലണ്ടന്‍ റീജണല്‍ വുമണ്‍സ് ഫോറം ഉദ്ഘാടനം നിര്‍വ്വഹിച്ച അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവ് നവ സാരഥികള്‍ക്ക് വിജയങ്ങള്‍ നേരുകയും തങ്ങളുടെ അര്‍പ്പണത്തിലൂടെയും, സഹനത്തിലൂടെയും, ത്യാഗങ്ങളിലൂടെയും കുടുംബ ഭദ്രത കുരുപ്പിടിപ്പിക്കുന്നതുപോലെ വിശ്വാസത്തിന്റെ മേഖലയിലും സഭയുടെ വളര്‍ച്ചാ മേഖലകളിലും തങ്ങളുടെ നിസ്തുലമായ സേവനങ്ങള്‍ക്കൊണ്ട് നാളിന്റെ ഭാവി സുദൃഢമാക്കട്ടേ എന്നാശംസിക്കുകയും ചെയ്തു.

ലണ്ടനിലെ വാല്‍ത്തംസ്റ്റോ ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ്ജ് ചര്‍ച്ചിലാണ് ലണ്ടന്‍ റീജണല്‍ വനിതാ ഫോറത്തിന്റെ പ്രഥമ യോഗത്തിനും,തെരഞ്ഞെടുപ്പിനും വേദിയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.