1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2018

ബിജു നീണ്ടൂര്‍ (സ്‌കോട്ട്‌ലന്‍ഡ്): ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാം പിറന്നാളില്‍ വളര്‍ച്ചയുടെ അടുത്ത പടവിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസീസമൂഹം. നവംബര്‍ 23മുതല്‍ ഡിസംബര്‍ ഒന്‍പതുവരെ നീളുന്ന അജപാലനസന്ദര്‍ശനത്തില്‍വെച്ച് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി 75 മിഷന്‍ സെന്ററുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിലൊന്നായി മാറും സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് സീറോ മലബാര്‍ മിഷന്‍. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ നിലവിലുള്ള 173 വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ പുനഃക്രമീകരിച്ചാണ് 75 മിഷന്‍ സെന്ററുകള്‍ രൂപീകരിക്കുന്നത്.

സെന്റ് അല്‍ഫോന്‍സാ ആന്‍ഡ് സെന്റ് ആന്തണി എന്നായിരിക്കും എഡിന്‍ബര്‍ഗ് മിഷന്‍ സെന്ററിന്റെ നാമധേയം. നവംബര്‍ 24ന് മാര്‍ ആലഞ്ചേരി നിര്‍വഹിക്കുന്ന പ്രഖ്യാപന കര്‍മത്തില്‍ എഡിന്‍ബര്‍ഗ് ആന്‍ഡ് സെന്റ് ആന്‍ഡ്രൂസ് ആര്‍ച്ച്ബിഷപ്പ് ലിയോ കുഷ്‌ലി, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. ക്രോസ്‌റ്റോഫിര്‍ സെന്റ് കെന്റ്‌ഗെന്‍ ദൈവാലയം കേന്ദ്രീകരിച്ചാണ് എഡിന്‍ബര്‍ഗ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍.

സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് ആന്‍ഡ് സെന്റ് ആന്‍ഡ്രൂസ് അതിരൂപതയുടെ 40 മൈല്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന എഡിന്‍ബര്‍ഗ് സെന്റ് ആന്റണീസ് കമ്മ്യൂണിറ്റി, ലിവിംഗ്സ്റ്റണ്‍ അല്‍ഫോന്‍സാ കമ്മ്യൂണിറ്റി, ഫാല്‍കിര്‍ക് സെന്റ് ജൂഡ് കമ്മ്യൂണിറ്റി, ക്രിക്കാടിലി സെന്റ് മേരീസ് കമ്മ്യൂണിറ്റി എന്നീ ദിവ്യബലി അര്‍പ്പണ സെന്ററുകളെ കൂട്ടിച്ചേര്‍ത്താണ് എഡിന്‍ബര്‍ഗ് സെന്റ് അല്‍ഫോന്‍സാ ആന്‍ഡ് സെന്റ് ആന്തണി മിഷന്‍ സെന്റര്‍ രൂപീകരിക്കുന്നത്.

സീറോ മലബാര്‍ മിഷന്‍ രൂപീകരണത്തോടെ, ഈ മേഖലയിലുള്ള ക്‌നാനായ സമൂഹാംഗങ്ങള്‍ അധികം താമസിയാതെ ആരംഭിക്കുന്ന ക്‌നാനായ മിഷന്‍ കേന്ദ്രത്തിന്റെ ഭാഗമാകും. ഏതാണ്ട് 12 വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ച ക്‌നാനായ സമൂഹത്തിന് കൃതജ്ഞത അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാനുള്ള വേദികൂടി മാറ്റാനുള്ള തയാറെടുപ്പിലാണ് എഡിന്‍ബര്‍ഗ് മിഷന്‍ സെന്ററിലെ വിശ്വാസീസമൂഹം.

രൂപതാ സ്ഥാപിതമാകുന്നതിനു മുമ്പുതന്നെ, സീറോ മലബാര്‍ ചാപ്ലൈനായി ശുശ്രൂഷചെയ്യുന്ന ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളിയുടെ നേതൃത്വത്തില്‍ ഈ നാല് ദിവ്യബലി അര്‍പ്പണ സെന്ററുകളും സംഘടിതമായ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയമാണ്. സണ്‍ഡേ സ്‌കൂള്‍, പ്രെയര്‍ ഗ്രൂപ്പുകള്‍ എന്നിവയ്‌ക്കൊപ്പം അഞ്ച് വര്‍ഷംമുമ്പ് എഡിന്‍ബര്‍ഗില്‍ തുടക്കംകുറിച്ച മാതൃജോതി, പ്രവര്‍ത്തന ശൈലികൊണ്ട് ഇന്ന് രൂപതയ്ക്കുതന്നെ മാര്‍ഗദീപമാണ്. കേരളത്തിലെ യുവതികള്‍ക്കുള്ള വിവാഹ സഹായം, കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണ സഹായം എന്നിവയുള്‍പ്പെടെയുള്ള സഹായപദ്ധതികളും മാതൃജോതി നടപ്പാക്കുന്നുണ്ട്.

സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള മിഷന്‍ലീഗും ശക്തമാണ്. പുതുതലമുറയ്ക്ക് വിശ്വാസജീവിതത്തില്‍ വളരാന്‍ സഹായകമായ സമ്മര്‍ക്യാംപുകളും തീര്‍ത്ഥാടനങ്ങളും കൃത്യമായ ഇടവേളകളില്‍ സംഘടിപ്പിക്കുന്നതില്‍ മിഷന്‍ ലീഗ് ബദ്ധശ്രദ്ധരാണ്. ഇവിടത്തെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിശ്വാസ തീഷ്ണതയും താല്‍പ്പര്യവും സ്‌കോടിഷ് പാര്‍ലമെന്റിലെ റിലീജിയസ് റിഫ്‌ളക്ഷന്‍ സെഷനില്‍വരെ പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. അതുപോലെ, സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി ആരംഭിച്ച ഇംഗ്ലീഷിലുള്ള സീറോ മലബാര്‍ ദിവ്യബലി അര്‍പ്പണവും സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷവും വളരെയേറെ പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്.

‘യൂറോപ്പിലെ ഭരണങ്ങാനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലിവിംഗ്സ്റ്റണ്‍ അല്‍ഫോന്‍സാ കമ്മ്യൂണിറ്റി 10 വര്‍ഷംമുമ്പ് തുടക്കംകുറിച്ച അല്‍ഫോന്‍സാ തിരുനാള്‍ ഇന്ന് യു.കെ മലയാളി ക്രൈസ്തവരുടെ ആഘോഷമായി മാറിക്കഴിഞ്ഞു. 2013മുതല്‍ ഇതുവരെ തദ്ദേശീയ വൈദികരുടെ നേതൃത്വത്തില്‍ 100ല്‍പ്പരം വിശ്വാസികള്‍ ഭരണങ്ങാനത്തേക്ക് നടത്തിയ നാല് തീര്‍ത്ഥാടനങ്ങളും ശ്രദ്ധേയമാണ്. കുടുംബനാഥന്മാര്‍ കാന്‍സര്‍ ബാധിച്ച് മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ ലിവിംഗ്സ്റ്റണ്‍ അല്‍ഫോന്‍സാ സോഷ്യല്‍ സര്‍വീസ് സെന്റര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയിലൂടെ ഇതിനകം നിരവധി കുടുംബങ്ങളെ സഹായിക്കാനായിട്ടുണ്ട്.

അംഗബലം കൊണ്ട് ചെറുതെങ്കിലും ഫാല്‍കിര്‍ക്ക് സെന്റ് ജ്യൂഡ് കമ്മ്യൂണിറ്റിയും ഭവന നിര്‍മാണ, വിദ്യാഭ്യാസ സഹായ പദ്ധതികളും ആവിഷ്‌ക്കരിച്ച് മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ഒരുമയോടെ പ്രവര്‍ത്തിക്കുന്ന കിര്‍ക്കാസ് ലി സെന്റ് മേരീസ് കമ്മ്യൂണിറ്റിയും എക്യൂമെനിക്കന്‍ ഇടവക എന്ന നിലയില്‍ ശ്രദ്ധേയമാണ്.

ദിവ്യബലി അര്‍പ്പണ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന ചെറിയ കൂട്ടായ്മകളെ ഒന്നിച്ചുചേര്‍ത്ത് ഭാവിയില്‍ ഇടവകകളായി മാറ്റുന്നതിനുള്ള ആദ്യപടിയാണ് മിഷന്‍ സെന്ററുകളുടെ രൂപീകരണം. സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും അതിലൂടെ ഇടവകസമൂഹമായി മാറാനും മിഷന്‍ രൂപീകരണം സഹായകമാകും. ഭാരതത്തിന് വെളിയില്‍ ഇന്ന് സീറോ മലബാര്‍ സഭ ശക്തമായ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇപ്രകാരമായിരുന്നു ഇടവകളുടെ രൂപീകരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.