1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2017

സജീഷ് ടോം: യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തില്‍ സെഞ്ചുറി കടന്നു. ‘നൂറോളം അംഗ അസോസിയേഷനുകള്‍’ എന്ന പല്ലവി, ‘നൂറിലധികം അംഗ അസോസിയേഷനുകള്‍’ എന്നായി മൊഴിമാറുന്നു. ലോക പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടന എന്ന ഖ്യാതിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി യുക്മക്ക് സ്വന്തം.

മാര്‍ച്ച് ആറാംതീയതി തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ പത്തു തിങ്കള്‍ വരെയുള്ള അഞ്ചാഴ്ചക്കാലം യുക്മ ‘മെമ്പര്‍ഷിപ് ക്യാമ്പയിന്‍’ ആയി ആചരിക്കുകയായിരുന്നു. ആവേശകരമായ പ്രതികരണമാണ് ക്യാമ്പയിന് ലഭിച്ചത്. ആദ്യ ഘട്ടം എന്നനിലയില്‍ ഒന്‍പത് അസോസിയേഷനുകളുടെ അംഗത്വമാണ് പ്രഖ്യാപിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. യുക്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട ചില നിബന്ധനകളുടെ വെളിച്ചത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായ അപേക്ഷകളാണ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിക്കുവാന്‍ സാധിക്കാതെ വന്നത്. പ്രസ്തുത അപേക്ഷകളില്‍ എത്രയും വേഗം തീരുമാനമെടുത്തു രണ്ടാം ഘട്ടമായി ഉടന്‍ പ്രഖ്യാപനം ഉണ്ടാകുന്നതാണ്.

കഴിഞ്ഞ ദേശീയ ഭരണസമിതിയുടെ കാലാവധി അവസാനിക്കുമ്പോള്‍ 100 അംഗ അസ്സോസ്സിയേഷനുകളാണ് യുക്മക്ക് ഉണ്ടായിരുന്നത്. ഒന്‍പത് പുതിയ അസ്സോസിയേഷനുകളെ യുക്മയിലേക്ക് പ്രവേശിപ്പിക്കുവാന്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലയളവില്‍ കഴിഞ്ഞിരുന്നു.

പുതിയ അസ്സോസ്സിയേഷനുകളില്‍, യുക്മയുടെ നൂറാമത്തെ അംഗ അസോസിയേഷന്‍ എന്ന ബഹുമതി നേടാന്‍ കഴിഞ്ഞത് വോക്കിംഗ് മലയാളീ കള്‍ച്ചറല്‍ അസോസിയേഷനാണ്. ജോജി ജോസഫ് പ്രസിഡന്റും അരുണ്‍ വര്‍ഗീസ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന വോക്കിംഗിലെ പ്രബലമലയാളി കൂട്ടായ്മയായ ഡബ്ലിയു.എം.സി.എ., യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ കരുത്താവുമെന്നതില്‍ സംശയമില്ല.

ടിനോ സെബാസ്റ്റ്യന്‍ പ്രസിഡന്റും പോളച്ചന്‍ യോഹന്നാന്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഹേവാര്‍ഡ്‌സ് ഹീത്ത് യുണൈറ്റഡ് മലയാളീ കള്‍ച്ചറല്‍ അസോസിയേഷന്‍, ബിജു പോത്താനിക്കാട് പ്രസിഡന്റും ജോസഫ് തോമസ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഹേയ്‌വാര്‍ഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷന്‍ എന്നീ രണ്ട് സംഘടനകളാണ് ഹേയ്‌വാര്‍ഡ്‌സ് ഹീത്ത് മലയാളികളെ പ്രതിനിധീകരിച്ചു യുക്മയിലേക്ക് കടന്ന് വരുന്നത്. ഈ രണ്ട് അസോസിയേഷനുകളും സൗത്ത് ഈസ്റ്റ് റീജിയണില്‍ അംഗങ്ങളാകുന്നു.

എക്‌സിറ്റര്‍ മലയാളി അസോസിയേഷനാണ് യുക്മയിലെ മറ്റൊരു പുതിയ അംഗം. സാബു എബ്രഹാം പ്രസിഡന്റും റോബി വര്‍ഗീസ് സെക്രട്ടറിയുമായ അസോസിയേഷന്‍ യുക്മ സൗത്ത് വെസ്റ്റ് റീജിണനില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക. തോമസ് ചാക്കുന്നി പ്രസിഡന്റും ജോജി സെബാസ്റ്റ്യന്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഓക്‌സ്‌ഫോര്‍ഡ്‌ഷെയറില്‍നിന്നുള്ള ‘ഒരുമ’യും സൗത്ത് വെസ്റ്റ് റീജിയന് ശക്തിപകര്‍ന്നുകൊണ്ടാണ് യുക്മയിലേക്ക് കടന്ന് വരുന്നത്.

ഹെരിഫോര്‍ഡ് മലയാളി അസോസിയേഷനാണ് യുക്മയിലെ മറ്റൊരു നവാഗത അംഗം. മിഡ്‌ലാന്‍ഡ്‌സ് റീജിയണിലൂടെ യുക്മയിലെത്തിയിരിക്കുന്ന ഹെരിഫോര്‍ഡ് അസോസിയേഷന്റെ പ്രസിഡന്റ് ഷിനോയ് കൊച്ചുമുട്ടവും സെക്രട്ടറി മെല്‍ബിന്‍ തോമസുമാണ്. ഈസ്റ്റ് ആംഗ്ലിയ റീജിയണിലേക്കും രണ്ട് പുതിയ അസോസിയേഷനുകള്‍ കടന്നുവന്നിട്ടുണ്ട്. ജോണ്‍സി സാംകുട്ടി പ്രസിഡന്റും അനില്‍ സാം സെക്രട്ടറിയുമായുള്ള ഹാര്‍ലോ മലയാളി അസോസിയേഷനും, ജോണ്‍ കെ ജോണ്‍ പ്രസിഡന്റും അജിത് ഭഗീരഥന്‍ സെക്രട്ടറിയുമായുള്ള എഡ്മണ്ടന്‍ മലയാളി അസോസിയേഷനും.

പുതിയ യുക്മ അംഗ അസോസിയേഷനുകളില്‍ ഒന്‍പതാമത്തെ അസോസിയേഷന്‍ ‘സീമ’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍ ആണ്. സാബു മാത്യു പ്രസിഡന്റും സനോജ് ജോസ് സെക്രട്ടറിയുമായുള്ള ‘സീമ’ യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ ഭാഗമാവുന്നു. യുക്മയിലെ അംഗത്വം ഓരോ യു.കെ.മലയാളി അസ്സോസിയേഷനുകളുടെയും അവകാശമാണെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. കൂടുതല്‍ അസ്സോസിയേഷനുകളെ സംഘടനയിലേക്ക് ഉള്‍പ്പെടുത്തുന്നതിന്റെ തുടര്‍ച്ചയായി കൂടുതല്‍ റീജിയണുകള്‍ രൂപീകരിക്കുക, കൂടുതല്‍ അസോസിയേഷനുകള്‍ ഉള്ള റീജിയനുകളെ സജീവമല്ലാത്ത റീജിയനുകളുമായി ചേര്‍ത്ത് ദേശീയ തലത്തില്‍ റീജിയനുകളുടെ പുനഃസംഘടന നടപ്പിലാക്കുക തുടങ്ങി സംഘടനയെ ശക്തിപ്പെടുത്താനുള്ള കൂടുതല്‍ നയപരിപാടികളും ദേശീയ നേതൃത്വത്തിന്റെ സജീവ പരിഗണയില്‍ ഉണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.