1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2017

ബാല സജീവ് കുമാര്‍: യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ യുക്മ അംഗത്വം നേടിയതിനു ശേഷം ആദ്യമായി കലാമേളയില്‍ പങ്കെടുക്കുന്ന എച്ച്.എം.എ ഹേവാര്‍ഡ്‌സ് ഹീത്ത് (79 പോയിന്റ്) റീജിയണല്‍ ചാമ്പ്യന്മാരായി. കഴിഞ്ഞ 6 വര്‍ഷമായി റീജിയണല്‍ ചാമ്പ്യന്മാരായി നിറഞ്ഞു നിന്നിരുന്ന ഡി.കെ.സി ഡോര്‍സെറ്റ് (68 പോയിന്റ്) രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആദ്യമായി കലാമേളയില്‍ പങ്കെടുത്ത കെ.സി.ഡബ്ല്യു.എ ക്രോയിഡോണ്‍ (54 പോയിന്റ്) മൂന്നാം സ്ഥാനം നേടി. കലാതിലകമായി ഷാരോണ്‍ ജെയിംസ് (ഡി.കെ.സി ഡോര്‍സെറ്റ്) കലാപ്രതിഭയായി സെലസ്റ്റ്യന്‍ സിബി (എച്ച്.എം.എ ഹേവാര്‍ഡ്‌സ് ഹീത്ത്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ 11 മണിയ്ക്ക് തന്നെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. ചിട്ടയായ മത്സരക്രമീകരണവും പരിചയസമ്പന്നരായ സ്റ്റേജ് മാനേജ്‌മെന്റും ഒത്തുചേര്‍ന്നപ്പോള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നത് പോലെ വൈകിട്ട് 8.30 ഓട് കൂടി തന്നെ കലാമേളയുടെ എല്ലാ മത്സരങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിച്ചു.

രാവില യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് കലാമേള ഔപചാരികമായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. റീജിയണല്‍ പ്രസിഡന്റ് ലാലു ആന്റണി അധ്യക്ഷനായിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ് ആമുഖപ്രഭാഷണം നടത്തി. ദേശീയ കലാമേള ജനറല്‍ കണ്‍വീനര്‍ ഓസ്റ്റിന്‍ അഗസ്റ്റിന്‍ വിശിഷ്ടാതിഥിയായിരുന്നു. റീജണല്‍ സെക്രട്ടറി അജിത് കുമാര്‍ സ്വാഗതവും ട്രഷറര്‍ അനില്‍ പാലൂത്താനം നന്ദിയും രേഖപ്പെടുത്തി. യുക്മ മുന്‍ ദേശീയ ഭാരവാഹികളായ ബാലസജീവ് കുമാര്‍, ഷാജി തോമസ്, ടിറ്റോ തോമസ്, ബോട്ട് റേസ് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടന സമ്മേളനത്തിനു ഹോര്‍ഷാമിലെ പ്രശസ്ത ഗായകന്‍ ജോണ്‍സന്‍ ജോണ്‍ പ്രാര്‍ത്ഥന ഗാനാലാപനത്തിനു ശേഷം രംഗപൂജ അരങ്ങേറി.

തുടര്‍ന്ന് മൂന്ന് വേദികളിലായി മത്സരങ്ങള്‍ ആരംഭിച്ചു. പരിചയസമ്പന്നരായ മനോജ്?കുമാര്‍ പിള്ളൈ (സ്റ്റേജ്1), ജേക്കബ് കോയിപ്പള്ളി (സ്റ്റേജ് 2), ജോസ് പി.എം (സ്റ്റേജ് 3) എന്നിവരാണ് മൂന്ന് വേദികളും നിയന്ത്രിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന മത്സരക്രമങ്ങള്‍ പാലിച്ച് സമയനഷ്ടമില്ലാതെ കൃത്യതയോട് കൂടി നടത്തിയതിനാലാണ് മുന്നൂറില്പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത കലാമേള ഒരു ഗംഭീരവിജയമാക്കി മാറ്റുന്നതിന് സാധിച്ചത്. ബിപിന്‍ എബ്രാഹം, സന്തോഷ് ചന്ദ്രശേഖര്‍, അനുഷ സന്തോഷ് എന്നിവരാണ് ഓസ്റ്റിന്‍ അഗസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ഓഫീസ് നിയന്ത്രിച്ചത്.

റീജിയണിലെ ആകെയുള്ള 21 അംഗ അസോസിയേഷനുകളില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് എന്‍ട്രി ഉണ്ടായിരുന്നു. വാശിയേറിയ പോരാട്ടമാണ് ഒട്ടുമിക്ക ഇനങ്ങളിലും അരങ്ങേറിയത്. ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ പങ്കെടുത്തവരില്‍ 15 അസോസിയേഷനുകള്‍ക്കും ഏതെങ്കിലും ഒരു സമ്മാനമെങ്കിലും നേടുവാന്‍ കഴിഞ്ഞു. എല്ലാ വിജയികളും കൂടി ആകെ സ്‌ക്കോര്‍ ചെയ്തിരിക്കുന്നത് 403 പോയിന്റാണ്. വിജയം നേടിയ അസോസിയേഷനുകള്‍ക്ക് പ്രത്യേക മേല്‍കൈ അവകാശപ്പെടാനാവാത്ത വിധമാണ് പോയിന്റ് നില നില്‍ക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് എല്ലാ ഇനങ്ങളിലും തന്നെ നടന്നത്.

യുക്മ അംഗത്വം നേടിയതിനു ശേഷം ആദ്യമായി കലാമേളയില്‍ പങ്കെടുക്കുന്ന എച്ച്.എം.എ ഹേവാര്‍ഡ്‌സ് ഹീത്ത് (79 പോയിന്റ്) റീജിയണല്‍ ചാമ്പ്യന്മാരായി പ്രൈം കെയര്‍ എവര്‍ റോളിങ്ങ് ട്രോഫിയില്‍ മുത്തമിട്ടത്. റീജിയണല്‍ കലാമേളയില്‍ ഡബിള്‍ ഹാട്രിക്ക് വിജയം സ്വന്തമാക്കി നിറഞ്ഞു നിന്നിരുന്ന ഡി.കെ.സി ഡോര്‍സെറ്റ് (68 പോയിന്റ്) രണ്ടാം സ്ഥാനമായെങ്കിലും കലാതിലകപ്പട്ടം ഉള്‍പ്പെടെ നേടി തങ്ങളുടെ കരുത്ത് തെളിയിച്ചു. ആദ്യമായി കലാമേളയില്‍ പങ്കെടുത്ത കെ.സി.ഡബ്ല്യു.എ ക്രോയിഡോണ്‍ (54 പോയിന്റ്) മൂന്നാം സ്ഥാനം നേടി തങ്ങളുടെ യുക്മയിലേയ്ക്കുള്ള എന്‍ട്രി ഗംഭീരമാക്കി. മലയാളി അസോസിയേഷന്‍ പോര്‍ട്ട്‌സ്മൗത്ത് (45 പോയിന്റ്), ആതിഥേയരായ റിഥം ഹോര്‍ഷം (37 പോയിന്റ്) കഴിഞ്ഞ വര്‍ഷം റണ്ണേഴ്‌സ് അപ് ആയ വോക്കിങ് മലയാളി അസോസിയേഷന്‍ (28 പോയിന്റ്), ഹേവാര്‍ഡ്‌സ് എച്ച്.യു.എം.സി.എ (28 പോയിന്റ്) എന്നിവരും വാശിയേറിയ പോരാട്ടമാണ് കാഴ്ച്ചവച്ചത്. സംഗീത ഓഫ് യു.കെ (15 പോയിന്റ്), ബ്രിട്ടീഷ് കേരളൈറ്റ്‌സ് (15 പോയിന്റ്), സീമ ഈസ്റ്റ്‌ബോണ്‍(13 പോയിന്റ്) എന്നീ അസോസിയേഷനുകളും ശക്തമായ സാന്നിധ്യമായി. കാന്റര്‍ബറി കേരളൈറ്റ്‌സ് (8 പോയിന്റ്), സഹൃദയ ടണ്‍ബ്രിഡ്ജ് (7 പോയിന്റ്), സ്ലോ മലയാളീസ് (3 പോയിന്റ്), ഡബ്ല്യു.എം.സി.എ വോക്കിങ് (2 പോയിന്റ്), സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ (1 പോയിന്റ്) എന്നിവരും സാന്നിധ്യമറിയിച്ചു. എന്‍ട്രി ഉണ്ടായിരുന്ന 21 അസോസിയേഷനുകളില്‍ 15ഉം പോയിന്റ് നേടിയത് മത്സരങ്ങളില്‍ സൗത്ത് ഈസ്റ്റ് റീജിയണില്‍ ഏകപക്ഷീയമായി ഏതെങ്കിലും ഒരു അസോസിയേഷന് വിജയിക്കാനാവില്ലെന്ന് തെളിയിച്ചു.

കലാതിലകമായി ഷാരോണ്‍ ജെയിംസ് (ഡി.കെ.സി ഡോര്‍സെറ്റ്) കലാപ്രതിഭയായി സെലസ്റ്റ്യന്‍ സിബി (എച്ച്.എം.എ ഹേവാര്‍ഡ്‌സ് ഹീത്ത്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

വിവിധ കാറ്റഗറികളില്‍ വിജയികളായവര്‍:

കിഡ്‌സ്: ശ്രദ്ധ വിവേക് ഉണ്ണിത്താന്‍ (സംഗീത ഓഫ് യു.കെ, ക്രോയിഡോണ്‍)

സബ് ജൂനിയേഴ്‌സ്: നിയ അലക്‌സാണ്ടര്‍ (എം. എ പോര്‍ട്ട്‌സ്മൗത്ത്)

ജൂനിയേഴ്‌സ്: ഷാരോണ്‍ ജെയിംസ് (ഡി.കെ.സി ഡോര്‍സെറ്റ്)

സീനിയേഴ്‌സ്: മേരി ക്ലീറ്റസ് (വോക്കിങ് മലയാളി അസോസിയേഷന്‍)

വൈകുന്നേരം നടന്ന സാംസ്‌ക്കാരിക സമ്മേളനവും സമ്മാനദാനവും യുക്മ മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു ഉദ്ഘാടനം ചെയ്തു. യുക്മ സാംസ്‌ക്കാരിക വേദി വൈസ് ചെയര്‍മാന്‍ സി. എ ജോസഫ്,
യുക്മ സാംസ്‌കാരിക വേദി കണ്‍വീനര്‍ മാത്യു ഡൊമിനിക്, നഴ്‌സസ് ഫോറം അഡ്വൈസര്‍ എബ്രാഹം പൊന്നുംപുരയിടം എന്നിവര്‍ വിശിഷ്ടാതിഥിയായിരുന്നു. പുതിയതായി യുക്മയില്‍ അംഗത്വം എടുത്ത അസോസിയേഷനുകള്‍ക്ക് ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

റീജിയണല്‍ ഭാരവാഹികളോടൊപ്പം വിവിധ അംഗ അസോസിയേഷന്‍ ഭാരവാഹികളായ, സാം ജോര്‍ജ് തോമസ് എണ്ണപ്ലാക്കല്‍ , ജോഫി ജേക്കബ്, ജിമ്മി അഗസ്റ്റിന്‍, ഷാജി ചെരമേല്‍, ജിഷ ജിതിന്‍, ഗിരീഷ് കൈപ്പിള്ളി, ബിജു പോത്താനിക്കാട്, സന്നമ്മ ബെന്നി, ടിനോ സെബാസ്റ്റ്യന്‍ ജോമോന്‍ ചെറിയാന്‍, സൈമി ജോര്‍ജ് എന്നിവരും ചേര്‍ന്ന് പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.