1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2011

‘ദൈവം ഏറെ കരുണയുള്ളവനാണ്. പ്രവീണ്‍ കുമാറിന്റെ അവസ്ഥയില്‍ സങ്കടമുണ്ട്. അദ്ദേഹം വളരെവേഗം ഫോമിലെത്തട്ടെ എന്നാശംസിക്കുന്നു’ – ടീമില്‍ തിരിച്ചെത്തിയശേഷം ശ്രീശാന്ത് ആദ്യമായി പ്രതികരിച്ചതിങ്ങനെയായിരുന്നു. സന്തോഷവും ആവേശവും എല്ലാം ശ്രീശാന്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. അതെ, ശ്രീശാന്ത് മടങ്ങിയെത്തിയിരിക്കുന്നു. ഇനി കളിക്കളത്തിലെ പ്രകടനങ്ങള്‍ക്കായി കാത്തിരിക്കാം.

സ്വപ്നംപോലെ ഒരു തിരിച്ചുവരവ്
ജനുവരി 17ന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവുമധികം ദു: ഖിച്ചത് ശ്രീശാന്തായിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും ചിലരുടെ താല്‍പ്പര്യങ്ങള്‍ മൂലം ടീമിന് പുറത്തുപോകേണ്ടി വന്നതിലായിരുന്നു ശ്രീശാന്തിന് ദു:ഖം.

ഹൃദയഭേദകമെന്നാണ് ടീമിലേക്ക് സിലക്ഷന്‍ ലഭിക്കാത്തതിനെ ശ്രീശാന്ത് ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഒന്നാം പേസറായി സഹീര്‍ ഖാനും തുടര്‍ന്ന് പരിചയസമ്പത്തിന്റെ കരുത്തില്‍ നെഹ്‌റയും ടീമിലിടം നേടി. വാലറ്റത്തും ബാറ്റിംഗ് നടത്താനുള്ള കഴിവ് പ്രവീണ്‍ കുമാറിനും സഹായകമായി. ഒടുവില്‍ മുനാഫ് പട്ടേലും ശ്രീയും ബാക്കിയായി.

ഒരാള്‍ മാത്രം ടീമിലെത്തുമെന്ന അവസ്ഥ വന്നു. ഒടുവില്‍ ക്യാപ്റ്റന്‍ ധോണിയുടെ അനുഗ്രാഹിശിസ്സുകളോടെ മുനാഫ് പട്ടേല്‍ ടീമിലേക്ക്, ശ്രീ പുറത്തേക്ക്. മികച്ച ടെസ്റ്റ് താരമാണ് ശ്രീശാന്തെന്നു പറഞ്ഞ് സെലക്ടര്‍ ശ്രീകാന്ത് ശ്രീശാന്തിനെ ഒതുക്കിക്കളഞ്ഞു.

എന്നാല്‍ ശ്രീശാന്തിനെ പരിഗണിക്കാതിരുന്നത് ടീം മാനേജ്‌മെന്റും സിലക്ഷന്‍ കമ്മറ്റിയും തമ്മില്‍ ഉരസലിനിടയാക്കി എന്നായിരുന്നു അണിയറ വര്‍ത്തമാനം. അവസാനനിമിഷം വരെ ശ്രീശാന്തിനായി വാദിച്ചെങ്കിലും ക്യാപ്റ്റന്‍ ധോണിയുടെ കടുംപിടുത്തത്തില്‍ മുനാഫിനെ ടീമിലെടുക്കുകയായിരുന്നു.

ശ്രീശാന്തിന് ഇനിയും അവസരമുണ്ട് എന്ന ശ്രീകാന്തിന്റെ പ്രസ്താവന പലതും മുന്നില്‍കണ്ടുകൊണ്ടായിരുന്നു. ഏതെങ്കിലും തരത്തില്‍ ആര്‍ക്കെങ്കിലും കളിക്കാനായില്ലെങ്കില്‍ ടീമിലെത്തുന്ന താരം ശ്രീശാന്താകണമെന്ന് ശ്രീകാന്തിന് നിര്‍ബന്ധമുണ്ടായിരുന്നു.

ഒടുവില്‍ ആ അവസരം വന്നെത്തുകയായിരുന്നു. പേസര്‍ പ്രവീണിന് പരിക്കുപറ്റുന്നു. അത് ഫിറ്റ്‌നസിനെ ബാധിക്കുന്നു. ഒടുവില്‍ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നടന്ന പരിശോധനിയില്‍ പ്രവീണ്‍ ഫിറ്റല്ലെന്ന് തെളിയുന്നു. ഇതേദിനം തന്നെ ശ്രീശാന്ത് പരിശീലനം നടത്തുകയും തന്റെ ഫോം തെളിയിക്കുകയുമായിരുന്നു.

അവസാന മിനുറ്റില്‍ ശ്രീശാന്തും വിനയ് കുമാറും
എന്നാല്‍ ശ്രീശാന്തിന്റെ കാര്യത്തില്‍ ദൈവം കനിഞ്ഞാലും പൂജാരി കനിയണമെന്ന നിലയായിരുന്നു. പ്രവീണ്‍ കുമാറിന് പരിക്കാണെന്ന വാര്‍ത്ത വന്നതോടെ കര്‍ണാട താരം വിനയ് കുമാറിനെ പരിഗണിക്കാന്‍ നീക്കം നടന്നിരുന്നു.

ക്യാപ്റ്റന്‍ ധോണിയും കോച്ച് കേര്‍സ്റ്റനും വിനയ് കുമാര്‍ ടീമിലെത്തുന്നതിനെ അനുകൂലിച്ചിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സിലക്ടര്‍മാരും ടീം മാനേജ്‌മെന്റും തമ്മില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു.

ഒടുവില്‍ ശ്രീശാന്തിനുതന്നെ നറുക്കുവീഴുകയായിരുന്നു. ആദ്യ ട്വന്റ്ി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനായി ശ്രീ നടത്തിയ പ്രകടനങ്ങള്‍ സിലക്ടര്‍മാര്‍ക്ക് എളുപ്പം മറക്കാന്‍ കഴിയുന്നതായിരുന്നില്ല. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ ഇത്ര കഴിവുള്ള ബൗളര്‍ വേറെയില്ല. ഇക്കാര്യത്തില്‍ സഹീര്‍ ഖാന്‍ പോലും ശ്രീശാന്തിന് പിന്നിലെ വരൂ.

ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ശ്രീശാന്തിന് ‘നീതി’ നല്‍കാന്‍ സിലക്ടര്‍മാര്‍ തയ്യാറായത്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുക എന്ന സ്വപ്‌നമാണ് സഫലമായിരിക്കുന്നത്. ഇനി അവസാന പതിനൊന്നുപേരില്‍ എത്തുക എന്നതായിരിക്കും ശ്രീയുടെ ലക്ഷ്യം.

നിലവിലെ ടീം ഘടനയനുസരിച്ച് ശ്രീശാന്തിന് എന്തായാലും കളിക്കാനാകും എന്നുതന്നെയാണ് സൂചന. തുടക്കത്തില്‍ വിക്കറ്റുവീഴ്ത്തി, അച്ചടക്കത്തോടെ കളിച്ച് ക്യാപ്റ്റന്റേയും വിമര്‍ശകരുടേയും വായടക്കാനാണ് ഇനി ശ്രീശാന്ത് ശ്രമിക്കേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.