1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2015

സ്വന്തം ലേഖകന്‍: മദ്യപാനം മൗലികാവകാശം ആണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. മദ്യപിക്കുന്നത് മൗലികാവകാശമാണെന്നും സ്റ്റാറ്റസ് ചിഹ്നമാണെന്നുമുള്ള ബാബുലാല്‍ ഗൗറിന്റെ പ്രസ്താവനയാണ് വിവാദമായത്. ഭോപാലില്‍ മദ്യ വില്‍പനക്കുള്ള സമയം രാത്രി പത്ത് മണിയില്‍ നിന്ന് 11.30 ആക്കി മാറ്റിയതിനെ കുറിച്ച് അഭിപ്രായമാരാഞ്ഞ റിപ്പോര്‍ട്ടര്‍മാരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മദ്യ വില്‍പന കൊണ്ട് കുറ്റ കൃത്യങ്ങള്‍ കൂടുകയില്ലെന്ന ഗൌറിന്റെ പ്രസ്താവന ബി.ജെ.പിയെയും പ്രതിരോധത്തിലാക്കി. മദ്യം കുറ്റകൃത്യങ്ങള്‍ കൂട്ടുകയില്ല. മദ്യം കഴിച്ചാല്‍ ജനങ്ങള്‍ക്ക് സ്വബോധം നഷ്ടപ്പെടും. അതെങ്ങിനെയാണ് കുറ്റകൃത്യങ്ങള്‍ കൂട്ടുക..ബാബുലാല്‍ ഗൌര്‍ ചോദിക്കുന്നു.

നിയന്ത്രണത്തോടെ മദ്യം കഴിക്കുന്ന ആള്‍ കുറ്റകൃത്യം ചെയ്യുകയില്ലെന്നും ആരും അമിതമായി കുടിക്കരുതെന്നും മന്ത്രി പറഞ്ഞു. മദ്യപാനം ഒരാളുടെ മൗലികാവകാശമാണെന്നും സോഷ്യല്‍ സ്റ്റാറ്റസ് ചിഹ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയിലേക്കുള്ള യാത്രക്കിടെ പ്രാദേശിക നേതാവിന്റെ ഭാര്യയുമായി ദോത്തി ധരിക്കുന്നതിനെ കുറിച്ച് സംസാരിച്ചെന്ന കഥയിറക്കി കഴിഞ്ഞ മാസം ബാബുലാല്‍ ഗൌര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഞെട്ടിച്ചിരുന്നു. ബെല്‍റ്റോ സിബ്ബോ ഇല്ലാതെ എങ്ങിനെയാണ് ദോത്തി ധരിക്കുന്നതെന്ന് ചോദിച്ച സ്ത്രീയോട് ദോത്തിയുടുക്കുന്നതെങ്ങിനെയാണെന്ന് സ്വകാര്യമായി കാണിച്ചു തരാമെന്ന് പറഞ്ഞെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ബലാത്സംഗം ചിലപ്പോഴൊക്കെ ശരിയായ നടപടിയാണെന്ന ബാബുലാല്‍ ഗൌറിന്റെ പ്രസ്താവന കഴിഞ്ഞ വര്‍ഷം രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും പറഞ്ഞായിരുന്നു ബി.ജെ.പി പ്രശ്‌നത്തില്‍ നിന്ന് തലയൂരിയത്.

മുമ്പൊരിക്കല്‍ ചെന്നൈ സന്ദര്‍ശനത്തിനിടെ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ നല്ല രീതിയില്‍ വസ്ത്രം ധരിക്കുന്നത് കൊണ്ട് ദക്ഷിണേന്ത്യയില്‍ ബലാത്സംഗം കുറവാണെന്ന് ഗൌര്‍ തട്ടിവിട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.