1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2019

സ്വന്തം ലേഖകന്‍: 2019 മുതല്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍; സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം മുതല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിന് സംവരണം ലഭിക്കുമെന്ന് ജാവദേക്കര്‍ പറഞ്ഞിരുന്നു. എന്നാലിത് നിലവിലെ ജാതി സംവരണത്തെ ബാധിക്കാത്ത തരത്തില്‍ നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സംവരണത്തെ ബാധിക്കാതിരിക്കാനായി സര്‍ക്കാറിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ജാവേദ്കര്‍ പറഞ്ഞു. മുന്നാക്ക ജാതി സംവരണം നിലവിലെ സംവരണത്തിനെ ബാധിക്കാതിരിക്കാനായി 25 ശതമാനത്തോളം അധികം സീറ്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ധിപ്പിക്കും ജാവദേക്കര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഈ വര്‍ഷം ആദ്യം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് ലോകസഭയിലും രാജ്യസഭയിലും ബില്‍ അവതരിപ്പിക്കുകയും വലിയ എതിര്‍പ്പുകളില്ലാതെ ബില്‍ പാസാവുകയും ചെയ്യുകയായിരുന്നു. ഭരണഘടനയുടെ പതിനഞ്ചാം വകുപ്പില്‍ ‘സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനു പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നതിനു തടസ്സമില്ല,’ എന്ന അനുച്ഛേദമാണു ഭേദഗതിയായി ലോക്‌സഭ കൂട്ടിച്ചേര്‍ത്തത്.

സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു വ്യവസ്ഥ ബാധകമാണെങ്കിലും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു ബാധകമല്ല. 10% ആണു പരമാവധി സംവരണ പരിധി. തവര്‍ചന്ദ് ഗെലോട്ടായിരുന്നു ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.