1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2017

സ്വന്തം ലേഖകന്‍: യുദ്ധത്തിന് സിറിയയിലെ കെട്ടിടങ്ങള്‍ തകര്‍ക്കാനായെങ്കിലും 11 കാരിയായ സനയുടെ പാട്ടിനെ തകര്‍ക്കാനായില്ല, പാട്ടുപാടി യുദ്ധക്കെടുതിയെ നേരിടുന്ന സനയുടെ കഥ. യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയയിലെ അലപ്പോയില്‍ ഇരുന്നാണ് 11 കാരിയായ പാട്ടുകാരി സന യുദ്ധത്തിന്റെ ഭീകരതയെ പാട്ടിലൂടെ മറക്കാന്‍ ശ്രമിക്കുന്നത്. വിമതരുടെ പിടിയിലുള്ള വടക്കന്‍ സിറിയയിലെ അതാറബിലാണ് സനയുടെ താമസം. സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലെ വീടു വിട്ട് പലായനം ചെയ്തവരാണ് സനയുടെ കുടുംബം.

സംഗീതത്തെ താന്‍ അതിയായി ഇഷ്ടപ്പെടുന്നതായും അത് തന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായും സന പറയുന്നു. സനയുടെ പിതാവു തന്നെയാണ് അവളുടെ ഏറ്റവും കടുത്ത ആരാധകന്‍. ‘തകര്‍ക്കപ്പെട്ട മേഖലയിലാണ് ഞങ്ങളുടെ ജീവിതം. എന്നാല്‍, ഇവിടെയുള്ളവര്‍ കടുത്ത ഇച്ഛാശക്തിയുള്ളവരാണ്,’ സനയുടെ പിതാവ് മുസ്തഫ ഹല്ലാഖ് പറയുന്നു. ‘ഞങ്ങള്‍ക്കിവിടെ ജീവിക്കാന്‍ വളരെ പരിമിതമായ വിഭവങ്ങളേ ഉള്ളൂ. എങ്കിലും ഞങ്ങളുടെ മക്കള്‍ക്ക് സന്തോഷിക്കാന്‍ കുറച്ചു നിമിഷങ്ങളെങ്കിലും വേണം.

അലപ്പോയില്‍ എത്തിയതിനു ശേഷം 60 ഓളം സംഗീത പരിപാടികള്‍ ഞങ്ങള്‍ നടത്തി. പലപ്പോഴും പ്രാദേശിക ക്ലബുകളില്‍ ആണ് പരിശീലനം. ചിലപ്പോള്‍ അവയും അടച്ചിടും. അപ്പോള്‍ തകര്‍ന്നടിഞ്ഞ കല്‍ക്കൂമ്പാരത്തിന് ഇടയിലാകും പരിശീലനം,’ മുസ്തഫ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ സൈന്യം അലപ്പോ തിരിച്ചുപിടിച്ചിരുന്നു. എങ്കിലും അതാറബ് ഇപ്പോഴും വിമതരുടെ നിയന്ത്രണത്തിലാണ്.

‘യുദ്ധം എന്നെ വല്ലാതെ പേടിപ്പിക്കുന്നു. പ്രത്യേകിച്ചും സംഗീത പരിപാടികള്‍ക്കായി വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍. ഒരു ബോംബ് വന്നു വീഴുമെന്നും കൊല്ലപ്പെടുമെന്നുമുള്ള ഭയം എന്നെ വേട്ടയാടും,’ സന പറയുന്നു. വീട്ടിനകത്ത് ആയിരിക്കുമ്പോഴും ഈ ഭയം ഒപ്പമുണ്ടെന്ന് പറയുന്ന സന എന്നാല്‍ എന്തു സംഭവിച്ചാലും പാട്ട് വിട്ടൊരു കളിയില്ലെന്ന് ഉറപ്പിച്ച് പറയുന്നു. പാട്ടു പാടുന്നത് തുടരുമെന്നും ഇനിയും പരിപാടികള്‍ നടത്തുമെന്നും പറയുന്ന സനയുടെ സ്വപ്നം ഒരു ദിവസം സിറിയന്‍ ജനത ഏറ്റുപാടുന്ന ഗായികയായി മാറുകയെന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.