1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2017

സ്വന്തം ലേഖകന്‍: 1993 ലെ മുംബൈ സ്‌ഫോടന പരമ്പര, അധോലോക നായകന്‍ അബു സലീമിന് ജീവപര്യന്തം, രണ്ടു പ്രതികള്‍ക്ക് തൂക്കുകയര്‍. താഹിര്‍ മര്‍ച്ചന്റ്, ഫിറോസ് ഖാന്‍ എന്നിവരെയാണ് മുംബൈയിലെ പ്രത്യേക ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. അധോലോക കുറ്റവാളി അബു സലിം, കരിമുള്ളഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും റിയാസ് സിദ്ദിഖിക്ക് 10 വര്‍ഷം തടവുമാണ് ശിക്ഷ. 1993 മാര്‍ച്ച് 12നാണ് മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായത്.

മഹാനഗരത്തെ നടുക്കിയ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ രണ്ടാം ഘട്ട വിചാരണയാണിത്. ആദ്യത്തേത് 2006ല്‍ പൂര്‍ത്തിയായിരുന്നു. 123 പേര്‍ വിചാരണ നേരിട്ടതില്‍ 100 പേരെ ശിക്ഷിച്ചു. സ്‌ഫോടന പരമ്പരയിലെ സൂത്രധാരന്‍ യാക്കൂബ് മേമനെ വധശിക്ഷയ്ക്കു വിധിച്ചു. 2015ല്‍ യാക്കൂബിന്റെ വധശിക്ഷ നടപ്പാക്കി. കഴിഞ്ഞ ജൂണ്‍ 16നാണ് രണ്ടാമത്തെ വിചാരണ നടപടികള്‍ തുടങ്ങിയത്.

2006 2010 കാലഘട്ടത്തില്‍ അറസ്റ്റിലായ ഏഴു പേരാണ് വിചാരണ നേരിട്ടത്. സിബിഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ദീപക് സാല്‍വിയുടെ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം. ഇവരില്‍ പ്രധാന സൂത്രധാരനായിരുന്ന മുസ്തഫ ദോസ വിചാരണയ്ക്കിടെ മരിച്ചു. പ്രതി ചേര്‍ക്കപ്പെട്ട ക്വയാം ഷെയ്ഖിനെ നേരത്തെ തന്നെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. ദുബായില്‍ നിന്ന് ആയുധങ്ങള്‍ കടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.

വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. താഹിറിനും ഫിറോസിനും കരിമുള്ളയ്ക്കും വധശിക്ഷ നല്‍കണമെന്നും അബു സലിമിന് ജീവപര്യന്തം നല്‍കണമെന്നുമാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ദീപക് സാല്‍വി ആവശ്യപ്പെട്ടത്. 2005 ല്‍ പോര്‍ച്ചുഗല്‍ അബു സലിമിനെ ഇന്ത്യക്ക് വിട്ടുനല്‍കിയപ്പോള്‍ വച്ച നിബന്ധനയാണ് സലിമിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. ഇന്ത്യയില്‍ ഇയാള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പോര്‍ച്ചുഗല്‍ കോടതി നിര്‍ദേശിച്ചിരുന്നു.

വധശിക്ഷ ലഭിച്ച താഹിര്‍ ഗൂഢാലോചന നടത്തിയവരില്‍ പ്രധാനിയെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പ്രതികളില്‍ പലരെയും പാക്കിസ്ഥാനില്‍ അയച്ച് പരിശീലനം നല്‍കിയത് താഹിറായിരുന്നു. ദുബായിലിരുന്നാണ് ഇയാള്‍ ഇതെല്ലാം നിയന്ത്രിച്ചത്. സ്‌ഫോടനം നടത്താന്‍ ആവശ്യമായ പണം സമാഹരിച്ചതും ആയുധങ്ങള്‍ സംഘടിപ്പിച്ചതും ഇയാളായിരുന്നുവെന്നും കോടതി കണ്ടെത്തി. ഗൂഢാലോചനയിലെ പ്രധാന പങ്കാളിയാണ് ഫിറോസ് ഖാനെന്നും ഇയാളാണ് സ്‌ഫോടകവസ്തുക്കള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കിയതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദവും കോടതി ശരിവച്ചു.

അതേസമയം, അബു സലിമിനെ ശിക്ഷിക്കരുതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇയാളെ വിട്ടു നല്‍കുമ്പോള്‍ 25 വര്‍ഷത്തില്‍ കൂടുതല്‍ ജയിലിലിടില്ലെന്ന് ഇന്ത്യ സമ്മതിച്ചുവെന്നായിരുന്നു അഭിഭാഷകന്റെ വാദം. മുംബൈയിലെ ഒരു കെട്ടിട നിര്‍മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഇപ്പോള്‍ അബു സലിം. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം, സഹോദരന്‍ അനീസ് ഇബ്രാഹിം, മുസ്തഫ ദോസയുടെ സഹോദരന്‍ മുഹമ്മദ് ദോസ, ടൈഗര്‍ മേമന്‍ തുടങ്ങി 32 പ്രതികളെ ഇപ്പോഴും പിടികൂടാനുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.