1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2019

സ്വന്തം ലേഖകന്‍: സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു; സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താളംതെറ്റി; ട്രെയിന്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി; കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍. രാജ്യത്തെ പ്രധാന യൂണിയനുകള്‍ അണിനിരക്കുന്ന പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതത്തെ സാരമായി ബാധിച്ചു. ശബരിമല തീര്‍ഥാടനം, പത്രം, പാല്‍ വിതരണം, ആശുപത്രികള്‍, ടൂറിസം എന്നീ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു.

സമരം മൂലം സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി. വേണാട് എക്‌സ്പ്രസ് പുറപ്പെട്ടത് ഒന്നര മണിക്കൂര്‍ വൈകിയാണ്. പരശുറാം, ജനശതാബ്ദി, രപ്തിസാഗര്‍ തുടങ്ങിയ ട്രെയിനുകള്‍ വൈകുന്നു. ട്രെയിന്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി. റെയില്‍വേ ജീവനക്കാരില്‍ ബിഎംഎസ് ഒഴികെയുള്ള തൊഴില്‍യൂണിയനുകളും പണിമുടക്കിന് അനുകൂലമാണ്.

എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്റെ ഭാഗമാകും. കെഎസ്ആര്‍ടിസിയിലെ പ്രമുഖ യൂണിയനുകളെല്ലാം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി പമ്പയിലേക്കുള്ള സര്‍വീസ് മാത്രമാണ് തുടങ്ങാനായത്. മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ സ്വകാര്യ ബസുകളും ഇന്ന് നിരത്തിലിറങ്ങില്ല.

സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്നും നാളെയും പ്രവൃത്തി ദിവസങ്ങളാണെങ്കിലും ബഹൂഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും എത്തുമോയോന്നതില്‍ ആശങ്കയുണ്ട്. പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് രണ്ടു ദിവസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും എംഡി ടോമിന്‍ തച്ചങ്കരി യൂണിയനുകളോട് ആവശ്യപ്പെട്ടെങ്കിലും യൂണിനുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

അതേസമയം, ശബരിമല സര്‍വീസിനെ പണിമുടക്ക് ബാധിക്കില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍, സഹകരണ മേഖലയിലെ ഓഫീസുകളും അസംഘടിത മേഖലയിലെ തൊഴിലാളികളും ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കും. വിനോദസഞ്ചാരികളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. പണിമുടക്ക് ദിനം കടകള്‍ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുളള സംഘടനകളുടെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.