1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2018

സ്വന്തം ലേഖകന്‍: പത്രപ്രവര്‍ത്തനത്തിനുള്ള പുലിറ്റ്‌സര്‍ സമ്മാനം സ്വന്തമാക്കി രണ്ട് ഇന്ത്യന്‍ ഫൊട്ടോഗ്രഫര്‍മാര്‍. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതജീവിതം പകര്‍ത്തിയ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ഡാനിഷ് സിദ്ദിഖി, അഡ്‌നാന്‍ അബിദി എന്നിവര്‍ക്കാണു പുരസ്‌കാരം ലഭിച്ചത്.

ഫീച്ചര്‍ ഫൊട്ടോഗ്രഫി വിഭാഗത്തില്‍ റോയിട്ടേഴ്‌സിന്റെ സംഘത്തിനാണു പുരസ്‌കാരം. സംഘത്തില്‍ അംഗങ്ങളാണു ഡാനിഷും അബിദിയും. രാജ്യാന്തര റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡും റോയിട്ടേഴ്‌സിനാണ്. ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട് ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി തുടങ്ങിയ പൊലീസ് സംഘങ്ങളുടെ ക്രൂരതകള്‍ വെളിപ്പെടുത്തിയതിനും റോഹിന്‍ഗ്യ പ്രതിസന്ധിയുടെ ചിത്രപരമ്പരയ്ക്കും ചേര്‍ത്താണു പുരസ്‌കാരം.

ക്ലെയര്‍ ബാള്‍ഡ്!വിന്‍, ആന്‍ഡ്രു ആര്‍സി മാര്‍ഷല്‍, മാന്വല്‍ മൊഗാട്ടോ എന്നീ ലേഖകരാണ് ഫിലിപ്പീന്‍സില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തത്. പത്രപ്രവര്‍ത്തനം, സാഹിത്യം, സംഗീതം എന്നീ മേഖലകളിലെ 21 വിഭാഗങ്ങളിലാണു പുരസ്‌കാരങ്ങള്‍.

അമേരിക്കയിലെ അതിസമ്പന്നരുടെയും വന്‍കിടക്കാരുടെയും സ്ത്രീപീഡനങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് ന്യൂയോര്‍ക്ക് ടൈംസ്, ന്യൂയോര്‍ക്കര്‍ എന്നിവരും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ നടിമാരെ പീഡിപ്പിച്ചതിന്റെ വെളിപ്പെടുത്തലുമായി ആരംഭിച്ച ടൈംസിന്റെ ജോജി കാന്റര്‍, മെഗാന്‍ ടുഹേ, ന്യൂയോര്‍ക്കറിന്റെ റോണന്‍ ഫാരോ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പിന്നീടു ലോകമെങ്ങും തരംഗമായ ‘മീ ടൂ’ പ്രചാരണത്തിനു കാരണമായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.