1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2011

ജേക്കബ്‌ പുന്നൂസ്‌

പണ്ടു പണ്ട് നമ്മുടെ നാട്ടില്‍ ഗാന്ധാരം എന്ന പേരില്‍ ഒരു രാജ്യമുണ്ടായിരുന്നു.(ഭാഷക്കും മതത്തിനും ജാതിക്കും വേണ്ടി ജനതകളെ വേര്‍തിരിച്ചപ്പോള്‍ ആ രാജ്യം ഇപ്പോഴത്തെ അഫ്‌ഗാനിസ്ഥാനിലായി).അതിസമ്പന്നമായിരുന്ന ഗാന്ധാരരാജ്യം ഭരിച്ചിരുന്നത് സുബലന്‍ എന്ന രാജാവായിരുന്നു.അദ്ദേഹത്തിന്‍റെ മക്കളായിരുന്നു ഗാന്ധാരിയും, ശകുനിയും.അന്ധനായ ഭര്‍ത്താവിനു കാണാന്‍ പറ്റാത്ത ലോകം തനിക്കും കാണേണ്ട എന്നുപറഞ്ഞ് ഗാന്ധാരി സ്വന്തം കണ്ണുകള്‍ മൂടിക്കെട്ടിയപ്പോള്‍ സഹോദരിക്ക് താങ്ങാവാന്‍ വേണ്ടി സ്വജീവിതം സമര്‍പ്പിച്ചയാളാണ് ശകുനി.

കൌശലബുദ്ധിക്കാരനായിരുന്ന ശകുനി ചൂതുകളിയിലൂടെ പാണ്ഡവരെ തോല്‍പ്പിക്കുന്നതിലും വനവാസത്തിന് അയക്കുന്നതിലും പ്രധാന പങ്കു വഹിച്ചു.ചതിയുടെ ആദ്യ പര്യായമായ ശകുനിക്ക് നീചന്‍, പിന്നില്‍ നിന്ന് കുത്തിയവന്‍ ,ഏഷണിക്കാരന്‍എന്നിങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ്.

ജാതിയെക്കുറിച്ച് പറയുന്നത് മൂന്നാം കിട സ്വഭാവമാണെന്ന് പറയുകയും ഒരു പേജില്‍ പത്തു പ്രാവശ്യം ജാതി പറയുകയും ചെയ്യുന്ന കലിയുഗ ശകുനിമാരെക്കുറിച്ചാണ് ഇനി പറയുവാനുള്ളത്.ക്നാനായ സമുദായത്തിന്‍റെ വളര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുതയുണ്ടെന്നും അവര്‍ അസൂയാലുക്കള്‍ ആണെന്നുമാണ് ഇത്തരക്കാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.സമുദായ സംഘടനയിലെ ചിലര്‍ക്ക് പറ്റിയ പിശക് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് സമുദായത്തെ മൊത്തത്തില്‍ സംശയത്തോടെ വീക്ഷിക്കാന്‍ കാരണമായെന്നുമാണ് ഇവര്‍ പുതിയ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയതിനു പിന്നില്‍ മറ്റുള്ളവരുമായി ക്നാനായ സമുദായത്തിനുള്ള ഐക്യം ഇല്ലാതാക്കാനും കുത്തിത്തിരുപ്പ് ഉണ്ടാക്കാനുമുള്ള രഹസ്യ അജണ്ട ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

യു കെ കെ സി എ എന്ന സംഘടന ഇന്ന് യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.ഈ കാലയളവില്‍ ആര്‍ക്കും സംഭവിക്കാവുന്ന മാനുഷികമായ ചില്ലറ തെറ്റുകുറ്റങ്ങള്‍ നേതൃത്വം വരുത്തിയിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല. ഇക്കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ദ്രുത വേഗത്തില്‍ സംഘടന വളര്‍ന്നതിന് പിന്നില്‍ ഇച്ഛശക്തിയും അര്‍പ്പണ ബോധവുമുള്ള നേതൃത്വത്തിനൊപ്പം സമുദായത്തിന്‍റെ പാരമ്പര്യവും തനിമയും കാത്തുസൂക്ഷിക്കാന്‍ ഉറച്ചു പ്രയത്നിച്ച അംഗങ്ങളും നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.

സംഘടനയുടെ ഈ നേട്ടത്തെക്കുറിച്ച് ഓരോ അംഗങ്ങളും തികച്ചും ബോധാവാന്മാരുമാണ്.സമുദായത്തിനു പുറത്തു നിന്നൊരാള്‍ വീണ്ടും വീണ്ടും ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിലെ കുന്നായ്മ തിരിച്ചറിയാനുള്ള വിവേകം ക്നാനായ മക്കള്‍ക്കുണ്ട്.

സമുദായത്തിന്‍റെ ഈ നേട്ടം മറ്റുള്ളവര്‍ കുറച്ചു കാണുമെന്നും,അസഹിഷ്ണത പുലര്‍ത്തുമെന്നും അസൂയാലുക്കളാകുമെന്നും ആരും കരുതുന്നില്ല.മറിച്ചുള്ള പ്രചാരണം വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള അടവ് നയമായി മാത്രമേ കാണേണ്ടതുള്ളൂ.തോമസ്‌ ചാഴികാടന്റെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാനുള്ള ശ്രമം ഫലം കാണാഞ്ഞപ്പോള്‍ പുതിയ തന്ത്രം പയറ്റാനുള്ള ശ്രമമാണിത്.

ഓരോ സംഘടനയും പ്രവര്‍ത്തിക്കുന്നത്‌ അവരുടെതായ ശൈലിയിലാണ്.പാരമ്പര്യം കാത്തു സൂസ്ക്ഷിക്കാനും തനിമ നിലനിര്‍ത്താനും കാലാകാലങ്ങളായി ക്നാനായ സമുദായം കാണിക്കുന്ന താല്‍പ്പര്യം സീറോ മലബാര്‍ സഭയിലെ ഇതര ഭൂരിപക്ഷം കാണിക്കുന്നില്ല എന്നത് സത്യമാണ്.മേല്‍പ്പറഞ്ഞ താല്‍പ്പര്യവും താല്പ്പര്യമില്ലായ്മയും രണ്ടു വിഭാഗങ്ങളുടെ പ്രവര്‍ത്തന ശൈലിയായി മാത്രം കണ്ടാല്‍ മതി.

തങ്ങളുടെ നേട്ടത്തില്‍ ക്നാനായ സമുദായം അതിരറ്റ് അഹങ്കരിക്കുമെന്നോ ഇതര കത്തോലിക്കരെ വില കുറച്ചു കാണുമെന്നോ ആരും കരുതുന്നില്ല.അതുപോലെ തന്നെ ഇതര കത്തോലിക്കര്‍ ക്നാനായ സമുദായത്തോട് അസൂയ വച്ചു പുലര്‍ത്തുകയോ ഒരു സുപ്രഭാതത്തില്‍ മല്‍സര ബുദ്ധിയോടെ ക്നാനായ സമുദായത്തിനൊപ്പമെത്താന്‍ തങ്ങളുടെ പ്രവര്‍ത്തന ശൈലി മാറ്റുകയോ ചെയ്യില്ല.ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവരുടെ ലക്‌ഷ്യം ഇരു വിഭാഗങ്ങളും തമ്മിലുള്ള സഹിഷ്ണുത ഇല്ലാതാക്കുക എന്നത് മാത്രമാണ്.കലിയുഗ ശകുനിമാരുടെ ഈ കുബുദ്ധി തിരിച്ചറിയാനുള്ള വിവേകം യു കെയിലെ മലയാളി സമൂഹത്തിനുണ്ട്.

ഒരു വശത്തു സമുദായത്തെയും പിതാവിനെയും പുകഴ്ത്തുകയും മറു വശത്ത് ഏഷണി പരത്തി സഹിഷ്ണുതയ്ക്ക് കത്തി വയ്ക്കാനും വിദ്വേഷം വളര്‍ത്താനും ശ്രമിക്കുന്ന നീചനായ ശകുനിയെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.ഇല്ലാത്ത കാര്യം പെരുപ്പിച്ച് വാദപ്രദിവാദങ്ങള്‍ നിരത്തി മാധ്യമശ്രദ്ധ നേടാനുള്ള ശ്രമം ഇവിടെ വിലപ്പോവില്ല. പണ്ടൊരിക്കല്‍ പരീക്ഷിച്ചു വിജയിച്ച സാമുദായിക വിദ്വെഷമെന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വിവാദം വളര്‍ത്താന്‍ ശ്രമിക്കുന്നര്‍ ഇത്തവണ പരാജിതരായി മടങ്ങേണ്ടി വരും.ആടുകള്‍ തമ്മിലടിക്കുമ്പോള്‍ ചോര കുടിക്കാന്‍ കാത്തു നില്‍ക്കുന്ന ചെന്നായ ഒരു കാര്യം മനസിലാക്കുക.ഈ പരിപ്പ് ഇനിയിവിടെ വേവില്ല.വര്‍ഷം കുറെ ആയില്ലേ ഈ കാളയെ കാണാന്‍ തുടങ്ങിയിട്ട് …അവനെന്തിനാ വാലുപോക്കുന്നതെന്ന് ജനത്തിന് നന്നായി അറിയാം..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.