1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2016

സ്വന്തം ലേഖകന്‍: രാജ്യ വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളില്‍ 50% വനിതാ സംവരണം നിര്‍ബന്ധമാക്കാന്‍ നിയമ ഭേദഗതി വരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണം 50 ശതമാനമായി ഉയര്‍ത്താന്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് പഞ്ചായത്ത് രാജ് മന്ത്രി ബീരേന്ദര്‍ സിങ് പറഞ്ഞു.

ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ത്തന്നെ സ്ത്രീകള്‍ക്ക് 50 ശതമാനം സ്ഥാനങ്ങള്‍ സംവരണമുണ്ട്. ഭരണഘടനാ ഭേദഗതിവഴി ഇത് രാജ്യവ്യാപകമായി നടപ്പാക്കും. ആദിവാസിമേഖലകളിലെ പ്രത്യേക പഞ്ചായത്ത് നിയമം (പെസ) സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വനിതാസംവരണ വാര്‍ഡുകളെ തുടര്‍ച്ചയായ രണ്ടുകാലാവധിയില്‍ ഇത്തരത്തില്‍ തുടരാന്‍ നിയമഭേദഗതിവഴി വ്യവസ്ഥചെയ്യുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണം ഉറപ്പാക്കാനാണിത്. രാഷ്ട്രീയപാര്‍ടികള്‍ ഈ നിയമഭേദഗതിക്ക് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷ.

1995ല്‍ സമര്‍പ്പിച്ച ഭൂരിയ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആദിവാസിമേഖലകള്‍ക്കുവേണ്ടിയുള്ള പ്രത്യേക പഞ്ചായത്ത് നിയമം (പെസ) 1996ല്‍ നടപ്പാക്കിയത്. 10 സംസ്ഥാനങ്ങളിലെ 108 ജില്ലയിലാണ് പെസ നിലവിലുള്ളത്. ആദിവാസിമേഖലകളുടെ വികസനത്തിനായി പെസ ഫലപ്രദമായും വേഗത്തിലും നടപ്പാക്കണം. തീരുമാനം എടുക്കല്‍പ്രക്രിയയില്‍ ആദിവാസിവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാന്‍ പെസവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.

കേരളം, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവില്‍ 50 ശതമാനം പഞ്ചായത്ത് പദവികള്‍ സ്ത്രീകള്‍ക്ക് സംവരണംചെയ്തിട്ടുണ്ട്. മറ്റുസംസ്ഥാനങ്ങളില്‍ 33 ശതമാനമാണ് സ്ത്രീസംവരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.