1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ 5000 വര്‍ഷത്തോളം പഴക്കമുള്ള മരിച്ചവരുടെ വീട് കണ്ടെത്തി, നിര്‍ണായകമായ ചരിത്ര തെളിവുകള്‍ ലഭിച്ചേക്കുമെന്ന് ചരിത്രകാരന്മാര്‍. ഇംഗ്ലണ്ടിലെ ചരിത്രസ്മാരകമായ സ്‌റ്റോണ്‍ഹെഞ്ചിന് സമീപം കാറ്റ്‌സ് ബ്രെയിന്‍ എന്ന സ്ഥലത്താണ് നവീനശിലായുഗ കാലഘട്ടത്തിലെ ശ്മശാനമാണെന്ന് കരുതപ്പെടുന്ന സ്ഥലം കണ്ടെത്തിയത്. അക്കാലത്ത് ഇവിടെ താമസിച്ചിരുന്നവരുടെ ശേഷിപ്പുകള്‍ ഈ സ്ഥലത്ത് ഉണ്ടായേക്കാമെന്നാണ് കരുതുന്നതെന്ന് ബ്രിട്ടനിലെ യൂനിവേഴ്‌സിറ്റി ഓഫ് റീഡിങ്ങിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

3600 ബി.സിയില്‍ മറവുചെയ്യപ്പെട്ട മനുഷ്യാവശിഷ്ടങ്ങള്‍ ഇവിടെയുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ആകാശത്തു നിന്നുള ദൃശ്യങ്ങളെടുത്ത് സൂക്ഷമായി പഠിച്ചതിലൂടെയാണ് ഈ പ്രദേശം ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ഭൂതലത്തില്‍ ഭൗതിക സര്‍വേ നടത്തുകയായിരുന്നു. ഈ സ്ഥലം കാലക്രമേണ മണ്ണുകൊണ്ട് മൂടിപ്പോയതാണെന്ന് കരുതുന്നു. പിന്നീട് താമസിക്കാന്‍ എത്തിയവര്‍ ഇത് ഉഴുതുമറിക്കുകയും ചെയ്തു. ബ്രിട്ടനിലെ ആദ്യകാല കര്‍ഷക സമൂഹത്തിന്റെ ഒരു സ്മാരകം കൂടിയാണ് ഈ സ്ഥലമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

കരകൗശല ഉല്‍പന്നങ്ങള്‍, എല്ലുകള്‍, മറ്റ് അവശിഷ്ടങ്ങള്‍ എന്നിവ പുറത്തെടുത്ത് പഠനം നടത്തുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മൂന്നു വര്‍ഷം നീളുന്ന ഈ പഠനം ആ കാലഘട്ടത്തിലെ ബ്രിട്ടനിലെ ആളുകളെയും സമൂഹത്തെയും സംബന്ധിച്ച് കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുമെന്നാണ് സൂചന. കാറ്റ്‌സ് ബ്രെയിനിലെ സ്ഥലത്തിനു പുറമെ 2400 ബി.സി കാലത്തേതെന്ന് കരുതുന്ന മാര്‍ഡന്‍ ഹെഞ്ച് എന്ന ചരിത്ര സ്മാരകത്തിലും റീഡിങ് യൂനിവേഴ്‌സിറ്റിയിലെ ആര്‍ക്കിയോളജി ഫീല്‍ഡ് സ്‌കൂള്‍ പഠനം നടത്തുന്നുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.