1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2020

സ്വന്തം ലേഖകൻ: നേപ്പാളില്‍ വിനോദസഞ്ചാരത്തിനെത്തിയ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യ മൂന്നുമക്കളും കോഴിക്കോട് കുന്ദമംഗലത്ത് നിന്നുള്ള രഞ്ജിതും ഭാര്യയും മകനുമാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന റൂമിലെ ഹീറ്ററിലെ വിഷപുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഠ്മണ്ഡവിലെ ത്രിഭുവന്‍ ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശിയും ദുബായില്‍ എഞ്ചിനീയറുമായ പ്രവീണ്‍ കൃഷ്ണന്‍ നായര്‍ ഭാര്യ ശരണ്യ മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരാണ് ദാരുണമായി മരിച്ചത്. രഞ്ജിതിന്റെ മൂത്ത മകന്‍ ആറുവയസുള്ള മാധവ് സുഹൃത്തിന്റെ കുടുംബത്തിനൊപ്പം മറ്റൊരു മുറിയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. പ്രവീണും രഞ്ജിത് ഉള്‍പ്പെടെ 15 പേരടങ്ങുന്ന നാലു കുടുംബങ്ങള്‍ ശനിയാഴ്ചയാണ് നേപ്പാളിലെത്തിയത്. ഇന്നലെ രാത്രി 9.30ഓടെ കാഠ്മണ്ഡുവില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ ദാമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തു. കടുത്ത തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ റൂം ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു.

ഒരുമുറിയില്‍ കിടന്നിരുന്ന എട്ടുപേരെ ഇന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം കാഠ്മണ്ഡുവിലെ ഹാംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹീറ്ററില്‍ നിന്ന് പുറത്തേക്ക് വന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്.

കാര്‍ബണും, ഓക്‌സിജനും ചേര്‍ന്നതും മണവും, നിറവും, ഇല്ലാത്തതും ആയ ഒരു വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ് (Carbon monoxide). തന്മാത്രാ ഭാരം 28.01 g/mol ആണ്. കുറഞ്ഞ അളവില്‍ പോലും വളരെ മാരകമായ ഒരു വാതകമായതിനാല്‍ ഇതിനെ പലപ്പോളും ‘നിശബ്ദ കൊലയാളി’ എന്ന് വിളിക്കാറുണ്ട്.

ശ്വസന വായുവിന്റെ കൂടെക്കലരുന്ന കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലരുകയും, ഓക്‌സിജന്റെ അഭാവം രക്തത്തില്‍ വരികയും ചെയ്യുമ്പോള്‍ ആണ് മരണകാരണം ആകുന്നത്. അതായത് അന്തരീക്ഷ വായുവില്‍ 35 parts per million (ppm) ല്‍ താഴെ ആണെങ്കില്‍ സാധാരണ പ്രശ്‌നം ഉണ്ടാകാറില്ല.

400 ppm ല്‍ തലവേദന, തലചുറ്റല്‍ ഒക്കെ അനുഭവപ്പെടാം. 3,200 ppm ആകുമ്പോളേക്കും പത്തു മിനിറ്റിനകം അബോധാവസ്ഥയില്‍ എത്താം; 12,800 ppm നു മുകളില്‍ എത്തിയാല്‍ അത് ഉടനടി മരണകാരണം ആകും എന്നും പഠനങ്ങള്‍ പറയുന്നു. എത്ര സമയം ശ്വസിക്കുന്നു എന്നതും അപകടത്തിന്റെ അളവ് കൂട്ടും, 10 ppm CO ക്കു മുകളില്‍ അന്തരീക്ഷവായുവില്‍ എന്നത് പോലും കൂടുതല്‍ സമയം ശ്വസിച്ചാല്‍ അപകടകരം ആകാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അപകടം ഉണ്ട് എന്ന് ബോധ്യം വന്നാല്‍ ഉടനെ തന്നെ വൈദ്യ സഹായം നേടണം.

തണുപ്പുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍, റൂമുകളില്‍ കാര്‍ബണ്‍ മോണോക്സൈഡ് അലാമുകള്‍ ഉണ്ടോ എന്ന് ഫോണ്‍ ചെയ്‌തോ, ഇമെയില്‍ അയച്ചോ ചോദിക്കാം. ഉണ്ടെങ്കില്‍ അവയുടെ ബ്രാന്‍ഡ്, ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണോ എന്നും കൂടി അന്വേഷിക്കാം. നിങ്ങള്‍ ഹോട്ടല്‍ ഉടമകള്‍ ആണെങ്കില്‍ എല്ലാ ഗസ്റ്റ് റൂമുകളിലും കാര്‍ബണ്‍ മോണോക്സൈഡ് അലാമുകള്‍ ഫിറ്റ് ചെയ്യാന്‍ ശ്രദ്ധിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.