1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2020

സ്വന്തം ലേഖകൻ: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയില്‍ കണ്ടെത്തി. ദമനിലെ റിസോര്‍ട്ട് മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവരെ ഹെലികോപ്റ്ററില്‍ അശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. മരിച്ചവരില്‍ രണ്ട് ദമ്പതികളും നാലുകുട്ടികളുമാണുള്ളത്. തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാകാം മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34) രഞ്ജിത് കുമാര്‍ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. ഇവര്‍ തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണെന്നാണ് വിവരം. കാഠ്മണ്ഡുവിലെ എച്ച്. എ.എം.എസ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോര്‍ട്ടില്‍ എത്തിയത്. ആകെ നാല് മുറികളായിരുന്നു ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എട്ടുപേര്‍ ഒരു മുറിയില്‍ താമസിച്ചു. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. ഇതിനിടെ രാത്രി ഗ്യാസ് ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ വാതകം മുറിയില്‍ വ്യാപിച്ചതാകാം മരണകാരണമെന്നാണ് സംശയം. മുറിയിലെ ജനലുകളും വാതിലുകളുമെല്ലാം അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് മാനേജറുടെ മൊഴി.

ചൊവ്വാഴ്ച രാവിലെ സംഘത്തിലെ മറ്റുള്ളവര്‍ മുറിയില്‍ പോയസമയത്താണ് എട്ടുപേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ധംബരാഹിയിലെ എച്ച്.എ.എം.എസ്. ആശുപത്രിയിലെത്തിച്ചു. രാവിലെ 10.40 നും 11.30നുമാണ് എട്ടുപേരെയും ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേ മരണം സംഭവിച്ചിരുന്നതായാണ് എച്ച്.എ.എം.എസ്. ആശുപത്രി അധികൃതരുടെ വിശദീകരണം.

മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുന്നതിനും മറ്റു നടപടിക്രമങ്ങള്‍ക്കുമായി ഇന്ത്യന്‍ എംബസിയുമായും നേപ്പാള്‍ പോലീസുമായും ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.