1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2016

സ്വന്തം ലേഖകന്‍: സെപ്റ്റംബര്‍ 11 ആക്രമണം, സൗദിക്കെതിരെയുള്ള യുഎസ് കോണ്‍ഗ്രസ് പ്രമേയം വീറ്റോ ചെയ്യുമെന്ന് ഒബാമ. സെപ്റ്റംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അവസരം നല്‍കുന്ന യു.എസ് കോണ്‍ഗ്രസ് പ്രമേയം പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് ഒബാമ വീറ്റോ ചെയ്യുമെന്നാണ് സൂചന.

യു.എസില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ ബന്ധുക്കള്‍ക്ക്, കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന രാജ്യങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു.എസ് കോണ്‍ഗ്രസ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കിയത്. എന്നാല്‍, മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളിയുയര്‍ത്തുന്നതാണ് പ്രമേയത്തിന്റെ ഉള്ളടക്കമെന്നാണ് ഒബാമയുടെ നിലപാട്.

പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്ന വിഷയം പ്രസക്തമാണെങ്കിലും, രാഷ്ട്രീയ തിരിച്ചടി ഭയന്നാണ് ഭൂരിഭാഗം അംഗങ്ങളും ബില്ലിനെ പിന്തുണക്കുന്നതെന്നു വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു. ബില്ലിന്മേല്‍ അഭിപ്രായം തിരുത്താന്‍ കോണ്‍ഗ്രസ് അംഗങ്ങളെ ഒബാമ പ്രേരിപ്പിക്കുമെന്നും ശ്രമം വിജയിച്ചില്ലെങ്കില്‍ പ്രസിഡന്റ് വീറ്റോ അധികാരം പ്രയോഗിക്കുമെന്നും ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.

സെനറ്റും, കോണ്‍ഗ്രസും പാസാക്കിയ ഒരു ബില്ലും ഒബാമ ഇതുവരെ വീറ്റോ ചെയ്തിട്ടില്ല. യു.എസിന്റെ വിശ്വസ്ത സുഹൃത്തായ സൗദി അറേബ്യക്ക് ഹിതകരമല്ലാത്ത പ്രമേയം, സെനറ്റും കോണ്‍ഗ്രസും ഭൂരിപക്ഷത്തോടെ പാസാക്കിയത് യുഎസില്‍ വളര്‍ന്നുവരുന്ന സൗദി വിരുദ്ധ വികാരത്തിന്റെ സൂചനയായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രമേയത്തില്‍ തങ്ങള്‍ക്കുള്ള അപ്രിയം സൗദിയും വെളിപ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.