1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2015

ആം ആദ്മി പാര്‍ട്ടിയിലെ പടല പിണക്കങ്ങളെ മാധ്യമങ്ങളും മറ്റിതര രാഷ്ട്രീയ കഷികളും വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുമ്പോളും അതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ, തന്നെ തിരഞ്ഞെടുത്ത ഒരു വലിയ വിഭാഗം സാധാരണ ജനങ്ങളോടുള്ള കടമകള്‍ നിറവേറ്റി മുന്നേറുകയാണ് ഡല്‍ഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജരിവാള്‍. മുന്‍ ഗവര്‍മെന്ടുകളുടെ കാലത്ത് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന മേഖലകളില്‍ ആണ് ഇപ്പോള്‍ കേജരിവാ ളും സംഘവും കൂടുതല്‍ ഊന്നല്‍ നല്കുന്നത്.ഡല്‍ഹിയിലെ വസന്ത് കുന്ജിലുള്ള ഐ എല്‍ ബി എസ് ഹോസ്പിറ്റലിലെ നേഴ്‌സുമാരുടെ കാര്യം തന്നെ അതിനുത്തമോദാഹരണം ആണ്.

ഡല്‍ഹി ഗവര്‍മെന്റിന്റ്‌റെയും സ്വകാര്യ സംഘങ്ങളുടെയും തുല്യ പങ്കാളിത്തത്തോടെ ആറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കരള്‍രോഗങ്ങളുടെ ചികിത്സക്ക് ലക്ഷ്യമിട്ട് ആരംഭിച്ച ഈ സൂപ്പര്‍ സ്‌പെഷ്യാലിട്ടി ഹോസ്പിറ്റലില്‍ ഏതാണ്ട് നാനൂറിലധികം നേഴ്‌സുമാര്‍ ജോലി ചെയ്തു വരുന്നു.ഇതില്‍ തൊണ്ണൂറു ശതമാനത്തിലേറെ മലയാളികള്‍ ആണ്.എന്നാല്‍ നാളിതുവരെ ഇവരിലാരും തന്നെ സ്ഥിര ജോലിക്കാര്‍ ആയിരുന്നില്ല.എല്ലാ വര്‍ഷവും പുതുക്കി നല്കപ്പെടുന്ന ഉടമ്പടി വ്യവസ്ഥയില്‍ ആയിരുന്നു ഇവരുടെ നിയമനം.അതിനാല്‍ തന്നെ എപ്പോള്‍ വേണമെങ്കിലും പിരിച്ചു വിടപ്പെടാം എന്ന ഭീതി ഇവരില്‍ നിലനിന്നിരുന്ന വേളയില്‍ ആണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവരുടെ കാര്യം ആം ആദ്മി പാര്‍ട്ടിയുടെ നേത്രുത്വത്തിന്റ്‌റെ ശ്രദ്ധയില്‍ പെടുത്തിയത്.അധികാരത്തില്‍ വന്നാല്‍ ഉടനെ തന്നെ ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ ഉണ്ടാവും എന്ന് കേജരിവാള്‍ ഈ നേഴ്‌സുമാര്‍ക്ക് ഉറപ്പു നല്കിയിരുന്നു.

ഭരണത്തില്‍ വന്ന് ഒരു മാസത്തിനകം എടുത്ത സുപ്രധാന തീരുമാനങ്ങളില്‍ ഒന്ന് ഇവരുടെ നിയമന വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിച്ചു കൊണ്ട് എല്ലാവരെയും സ്ഥിര ജോലിക്കാരാക്കുക എന്നതായിരുന്നു.ഇനി ഇവിടെ ജോലി ചെയുന്ന ഒരു നേഴ്‌സ് പോലും പിരിച്ചുവിടല്‍ ഭീഷണിയുടെ നിഴലില്‍ ജീവിക്കേണ്ട ആവശ്യം ഇല്ല എന്ന് സര്‍ക്കാര്‍ ഇവര്‍ക്ക് ഉറപ്പു നല്കി കഴിഞ്ഞു.തിരഞ്ഞെടുപ്പ് കാലത്തെ വോട്ടിനു വേണ്ടിയുള്ള വെറും ഒരു വാഗ്ദാനം എന്നതിലുപരി തങ്ങള്‍ കേജരിവാളിന്റ്‌റെ വാക്കുകളെ അന്ന് കരുതിയിരുന്നില്ല എന്നും ഇത്ര പെട്ടെന്ന് തങ്ങളുടെ കാര്യത്തില്‍ ആരുടേയും നിര്ബന്ധം കൂടാതെ അനുഭാവപൂര്‍വമായ ഒരു തീരുമാനം ഉണ്ടാവും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നുമാണ് ഈ നേഴ്‌സുമാര്‍ തുറന്നു പറഞ്ഞത്.ജനങ്ങളുടെ വിഷമങ്ങളും ആവശ്യങ്ങളും അറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു യഥാര്‍ത്ഥ നേതാവിനെ തങ്ങള്‍ കേജരിവാളില്‍ കാണുന്നു എന്നാണ് ഒരു മലയാളി നേഴ്‌സ് നിറഞ്ഞ കണ്ണുകളോടെ പ്രതികരിച്ചത്.

രാജ്യതലസ്ഥാനത്തെ വിവിധ ഭരണ മേഖലകളില്‍ നിലന്നിന്നു പോരുന്ന അഴിമതിയെ തുടച്ചു നീക്കുവാനും അധ്വാനിക്കുന്ന ജനവിഭാഗ ങ്ങള്‍ക്ക് ക്ഷേമകരമായ തീരുമാനങ്ങള്‍ എടുക്കുവാനും ഉള്ള നടപടികള്‍ക്ക് ഡല്‍ഹി ഗവര്‍മെന്റ്‌റ് വലിയ മുന്‍ഗണനയാണ് നല്കുന്നത്.കൈക്കൂലി തുടങ്ങിയ അഴിമതികള്‍ക്കെതിരെ തത്സമയം പ്രതികരിക്കുവാന്‍ സാധാരണക്കാരായ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ഹെല്‍പ് ലൈന്‍ നമ്പരുകള്‍ (1031) പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഫ്‌ലെക്‌സുകള്‍ ഡെല്‍ഹിയുടെ എല്ലാ പ്രദേശങ്ങളിലും ജന ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.പോലീസുകാര്‍ അടക്കം താഴെക്കിടയിലുള്ള ഉധ്യോഗസ്ഥരില്‍ നിലനിന്നു പോന്നിരുന്ന അഴിമതികളും കൈമടക്കു സ്വീകരണവും ഇപ്പോള്‍ ഡല്‍ഹിയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.