1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2015

സ്വന്തം ലേഖകന്‍: ഏറെ നാളായി വിങ്ങിപ്പൊട്ടി നിന്നിരുന്ന ആം ആദ്മി പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ണമാക്കിക്കൊണ്ട് മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ അച്ചടക്ക സമിതിയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളുടേയും പേരില്‍ ഇരുവരേയും പുറത്താക്കിയത്. ഒപ്പം ആനന്ത് കുമാര്‍, അജിത് ഝാ എന്നിവരേയും പുറത്താക്കിയിട്ടുണ്ട്.

നേരത്തെ പാര്‍ട്ടിയുടെ അച്ചടക്ക സമിതി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. അച്ചടക്ക ലംഘനം നടത്തി എന്നാരോപിക്കുന്ന അച്ചടക്ക സമിതി രൂപീകരിച്ചത് എപ്പോഴാണെന്നോ ആരാണ് സമിതിയിലെ അംഗങ്ങളെന്നോ തനിക്ക് അറിയില്ലെന്ന് ഭൂഷണ്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച സ്വരാജ് അഭിയാന്‍ എന്ന സ്വയംഭരണ സംഘടന രൂപീകരിച്ചതിനു ശേഷമാണ് ഭൂഷണും യാദവിനുമെതിരെ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. പാര്‍ട്ടി പിളര്‍ക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിച്ചു. എന്നാല്‍ മുമ്പ് തനിക്കെതിരെ പരാതിപ്പെട്ടവര്‍ തന്നെ ഇന്ന് വിധികര്‍ത്താക്കളാകുവാന്‍ ശ്രമിക്കുന്നുതെന്ന് ആരോപിച്ച ഭൂഷണ്‍ പാര്‍ട്ടി അംഗങ്ങളായ പങ്കജ് ഗുപ്തയെയും ആഷിഷ് ഖേതനെയും പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്തുകയും ചെയ്തു.

ഗുപ്തയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നത് ഓര്‍മിപ്പിച്ച ഭൂഷണ്‍ രാഷ്ട്രീയകാര്യ സമിതിയുടെ അനുവാദം വാങ്ങാതെ ഗുപ്ത ഷെല്‍ കമ്പനിയില്‍ നിന്ന് 2 കോടി രൂപ സംഭാവന കൈപ്പറ്റിയ കാര്യം സൂചിപ്പിച്ചു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് തെളിവു നല്‍കുകയാണ് വേണ്ടതെന്നും അല്ലാത്ത പക്ഷം ഭൂഷണ്‍ മാപ്പു പറയണമെന്നും പാര്‍ട്ടി നേതാവ് അശുതോഷ് പറഞ്ഞു.

അതേസമയം കേജ്‌രിവാളിനെതിരേ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളും പ്രശാന്ത് ഭൂഷന്റെ പിതാവുമായ ശാന്തിഭൂഷണ്‍ രംഗത്തെത്തി. കേജ്‌രിവാള്‍ ഹിറ്റ്‌ലറിനെ പോലെയാണ് പെരുമാറുന്നതെന്നായിരുന്നു ശാന്തിഭൂഷന്റെ ആരോപണം. യാദവിനേയും തന്റെ മകനായ പ്രശാന്തിനേയും പുറത്താക്കിയതു പോലെ എന്തു കൊണ്ടാണ് തന്നേയും പുറത്താക്കാതിരുന്നതെന്ന് ഭൂഷണ്‍ ചോദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.