1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2019

സ്വന്തം ലേഖകന്‍: മലയാളിയായ അമ്മ പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു; അര നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ആ കുഞ്ഞ് സ്വിറ്റ്‌സര്‍ലന്‍ഡിലെ എംപിയും വ്യവസായ പ്രമുഖനുമായി മാറിയ കഥ. അരനൂറ്റാണ്ടു മുന്‍പാണ് അനസൂയയെന്ന മലയാളി ബ്രാഹ്മണ സ്ത്രീയുടെ മകനായി നിക് പിറന്നത്. അച്ഛനാരെന്നറിയാത്ത നിക്കിനെ അമ്മ ആശുപത്രിയില്‍ തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ജര്‍മ്മന്‍ ദമ്പതികള്‍ നിക്കിനെ ദത്തെടുത്തതോടെ നിക്കിന്റെ ജീവിതം മാറിമറിഞ്ഞു.

സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ എംപിയാണ് നിക് ഇപ്പോള്‍. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയശേഷം സൈക്കോളജിയിലും മാനേജ്‌മെന്റ് ആന്‍ഡ് ഇന്നവേഷനിലും ഉപരിപഠനം നടത്തിയ നിക് മാനേജ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷനില്‍ അറിയപ്പെടുന്ന പ്രഭാഷകനും വ്യവസായ സംരംഭകനും കൂടിയാണ്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഏറെ ജനപ്രിയമായ സിന്‍ജി എന്ന ഇഞ്ചിനീര് പാനീയം നികിന്റെ കമ്പനിയാണ് പുറത്തിറക്കുന്നത്. 1970 മെയ് ഒന്നിന് രാത്രി 1.20 ന് ഉഡുപ്പിയിലെ ലെംബാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു ജനനം. ‘ഇവനെ നന്നായി നോക്കുന്ന ഒരു കുടുംബത്തെ ഏല്‍പ്പിക്കണം,’ എന്ന അഭ്യര്‍ത്ഥനയോടെ കുഞ്ഞിനെ വനിതാ ഡോക്ടര്‍ ഫ്‌ളൂക്‌ഫെല്ലിനെ എല്‍പ്പിച്ച ശേഷം അനസൂയ ആശുപത്രിയില്‍ നിന്നു പോകുകയായിരുന്നു.

ആ സമയത്താണ് തലശേരിയില്‍ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനില്‍ പഠിപ്പിച്ചിരുന്ന ജര്‍മ്മന്‍ സ്വദേശികളായ എന്‍ജിനീയര്‍ ഫ്രിറ്റ്‌സും ഭാര്യ എലിസബത്തും മലേറിയക്കു ചികിത്സ തേടി ലെംബാര്‍ഡ് ആശുപത്രിയിലെത്തിലെത്തിയത്. അങ്ങനെ അവര്‍ നിക്കിനെ ദത്തെടുത്തു. അമ്മ തിരികെയെത്തുമോയെന്നു കാത്തിരുന്ന് 2 വര്‍ഷം കഴിഞ്ഞപ്പോള്‍, ഫ്രിറ്റ്‌സും എലിസബത്തും മലയാളം പത്രങ്ങളില്‍ പരസ്യം നല്‍കി. എന്നാല്‍ അനസൂയ വന്നില്ല. ആ പരസ്യം നിക് ഇന്നും സൂക്ഷിക്കുന്നു.

ഫ്രിറ്റ്‌സും ഭാര്യയും ആ കുഞ്ഞിന് നിക്‌ളൗസ് സാമുവല്‍ ഗുഗ്ഗര്‍ എന്ന പേരിട്ടു. അവന്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യനായി അവന്‍ വളര്‍ന്നു. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ എംപിയായി. ഫ്രിറ്റ്‌സിനൊപ്പം തലശേരി എന്‍ടിടിഎഫില്‍ അക്കൗണ്ട്‌സ് വിഭാഗത്തിലുണ്ടായിരുന്ന രഘുനാഥ് കുറുപ്പിന്റെ ഫോണ്‍ നമ്പര്‍ നിക്കിന്റെ മൊബൈലിലുണ്ട്. തലശേരി ജീവിതത്തിനു ശേഷം ഫ്രിറ്റ്‌സും എലിസബത്തും സ്വിറ്റ്‌സര്‍ലന്‍ഡിലെ ഥൂണ്‍ എന്ന ചെറു പട്ടണത്തിലേക്കു മടങ്ങി. അവര്‍ക്കു 2 പെണ്‍കുട്ടികള്‍ കൂടി ജനിച്ചു.

2002ലാണ് രാഷ്ട്രീയപ്രവേശനം. 2017 ല്‍ എംപിയുമായി. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ബന്ധമുള്ള എംപിമാരുടെ സമ്മേളനത്തിനായി ഡല്‍ഹിയില്‍ വന്നപ്പോള്‍ നിക്കിന്റെ ജീവിത കഥ കേട്ട്, ഒഡീഷയിലെ കലിംഗ സര്‍വകലാശാല സ്ഥാപകനും രാജ്യസഭാംഗവുമായ അച്യുത് സാമന്ത അന്തം വിട്ടു. തൊട്ടടുത്ത വര്‍ഷം കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡുകാരി ബിയാട്രീസാണ് ഭാര്യ. ആദ്യത്തെ മകള്‍ക്ക് അമ്മയുടെ പേരായ അനസൂയ എന്ന് തന്നെ പേരിട്ടു. 2 ആണ്‍കുട്ടികളും പിറന്നു. ലെ ആന്ത്രോയും മി ഹാറബിയും. തന്റെ ജീവിതകഥ പുസ്തകമാക്കണമെന്നാണ് നിക്കിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന്. മറ്റൊന്ന് കേരളത്തിന്റെ കായല്‍പ്പരപ്പില്‍ 25 മത് വിവാഹ വാര്‍ഷികം ആഘോഷിക്കണമെന്നതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.