1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2017

സ്വന്തം ലേഖകന്‍: അഭയ കേസ് ബോളിവുഡിന്റെ വെള്ളിത്തിരയിലേക്ക്, ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തും. ഏറെ നാളായി കേസില്‍ നിയമ പോരാട്ടം നടത്തുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ 1992 മാര്‍ച്ച് 27ന് നടന്ന കൊലപാതകം, മാറി മാറി വന്ന വിവിധ ഏജന്‍സികളുടെ അന്വേഷണം, നീണ്ട 25 വര്‍ഷത്തെ കോടതി നടപടികള്‍, ഇപ്പോഴും തുടരുന്ന നിയമ പോരാട്ടം എന്നിവയെല്ലാം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ ആസ്ഥാനമായ നിര്‍മ്മാണ കമ്പിനികളാണ് ചിത്രം നിര്‍മിക്കുന്നത്. ഐസിഎം എന്റര്‍റ്റെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിനും കാള്‍ട്ട് എന്റര്‍റ്റെയ്ന്‍മെന്റിനും വേണ്ടി നിര്‍മ്മാതാവ് ആദിത്യ ജോഷി താനുമായി ചര്‍ച്ച നടത്തിയെന്ന് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. അഭയ കേസ് ഡയറി എന്ന പേരില്‍ ജോമോന്‍ എഴുതിയ ആത്മകഥ അടിസ്ഥാനമാക്കിയാകും സിനിമ ഒരുക്കുക.

ഈ മാസം 31ന് കരാര്‍ ഒപ്പുവയ്ക്കും. ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനാകും നായകനെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും കേരളത്തില്‍ തന്നെ ചിത്രീകരിക്കാനാണ് ആഗ്രഹമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞതായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.

അഭയ കേസ് പശ്ചാത്തലമാക്കി ക്രൈംഫയല്‍ എന്ന ചിത്രം നേരത്തെ മലയാളത്തില്‍ ഇറങ്ങിയിരുന്നു. സിബിഐ അന്വേഷണത്തിന് ശേഷമുള്ള വിചാരണ നടക്കാനിരിക്കെയാണ് ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴി വച്ച കേസ് സിനിമയാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.