1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2020

സ്വന്തം ലേഖകൻ: അബുദാബിയിൽ റെഡ് സിഗ്‌നൽ മറികടന്നാൽ ഇനി 50,000 ദിർഹം പിഴ ചുമത്തും. വാഹനാപകടങ്ങൾ കുറച്ച് സുരക്ഷിതമായ ഗതാഗത സംവിധാനം നിലവിൽവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പിഴനിരക്ക് ഉയർത്തിയിരിക്കുന്നത്.

മത്സരയോട്ടം നടത്തുക, നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുക, പോലീസ് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും 50000 ദിർഹം പിഴ ചുമത്തും. ഇതിനൊപ്പം ആറ് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. അനുമതിയില്ലാതെ വാഹനത്തിന്റെ എൻജിനിലോ ഷാസിയിലോ മാറ്റം വരുത്തിയാൽ 10,000 ദിർഹം പിഴ ചുമത്തും.

അമിത വേഗം, പെെട്ടന്ന് വഴിമാറുക, അകലം പാലിക്കാതെ വാഹനമോടിക്കുക, സീബ്രാ ലൈനിൽ കാൽനടയാത്രക്കാർക്ക് മുൻഗണ നൽകാതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ അപകടമുണ്ടായാൽ ഡ്രൈവർക്ക് 5000 ദിർഹമാണ് പിഴ .

പത്തുവയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ 5000 ദിർഹം പിഴയ്ക്കുപുറമേ വാഹനം കണ്ടുകെട്ടുകായും ചെയ്യും. റോഡിലെ നിശ്ചിത പരിധിയിൽ 60 കിലോമീറ്റർ വേഗം മറികടന്നാൽ 5000 ദിർഹം പിഴ നൽകണം. അധിക നിയമലംഘനത്തിന് 100 ദിർഹം വീതം പിഴ ചുമത്തും.

7000 ദിർഹത്തിനു മുകളിലുള്ള എല്ലാ പിഴകളും ഒറ്റത്തവണയായി അടയ്ക്കണമെന്നും പോലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനം മൂന്നുമാസത്തിനുശേഷം തിരിച്ചെടുത്തില്ലെങ്കിൽ ലേലത്തിനു വയ്ക്കുമെന്നും പോലീസ് മുന്നറിയിപ്പുനൽകി. നിരത്തുകളിലെ മത്സരപ്പാച്ചിലാണ് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നത്.

വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതിരിക്കുക, പെെട്ടന്ന് ലൈൻ മാറുക എന്നിവയും പ്രധാന അപകട കാരണങ്ങളാണെന്ന് അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് അബ്ദുല്ല അൽ സെഹി പത്ര സമ്മേളനത്തിൽ അറിയിച്ചു.

നിയമ ലംഘനങ്ങൾക്ക് പിഴയടക്കമുള്ള ശിക്ഷാവിധികൾ കർശനമാക്കുന്നതോടെ അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.