1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2019

സ്വന്തം ലേഖകന്‍: പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് അവതരിപ്പിച്ചേക്കും; ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനമെന്ന് വിമര്‍ശകര്‍. ഭരണഘടന ഭേദഗതി ചെയ്തു കൊണ്ട് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പുതിയ തീരുമാനം വഴി രാജ്യത്തെ സവര്‍ണ വിഭാഗത്തിനും സംവരണത്തിന് യോഗ്യത ലഭിക്കും. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാവും സംവരണയോഗ്യത.
എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം ലഭിക്കുക. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും. നിലവില്‍ ഒബിസി, പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്.

സര്‍ക്കാര്‍ ജോലികളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. ഈ വിധി തിരുത്തി അറുപത് ശതമാനം സംവരണം കൊണ്ടു വരാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും സംവരണ ലക്ഷ്യങ്ങളെത്തന്നെ അട്ടിമറിക്കുന്ന തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും. നിലവില്‍ പട്ടികജാതി പട്ടിക വര്‍ഗമടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ 50 ശതമാനമാണ് ഭരണഘടനാപ്രകാരം സംവരണമുള്ളത്. ഇതിന് പുറമെയാണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം. ഭരണഘടനയുടെ 15, 16 അനുഛേദങ്ങളാണ് ഭേദഗതി ചെയ്യുക.

ഇതോടൊപ്പം സാമൂഹ്യമായ പിന്നാക്കവസ്ഥയ്ക്കുള്ള പരിഹാരമെന്ന സംവരണത്തിന്റെ വ്യാഖ്യാനത്തിലും ഭേദഗതി വേണ്ടിവരും. ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചാലും ഈ സഭ സമ്മേളനത്തില്‍ പാസാക്കാനാകില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാവണം. സംസ്ഥാന നിയമസഭകളിലും ബില്‍ പാസാക്കേണ്ടതുണ്ട്. ഗൌരവമുള്ള ഭരണഘടന ഭേദഗതിയായതിനാല്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ട് പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ആ പ്രക്രിയയിലേക്ക് കടക്കൂ. എങ്കിലും ബില്ലുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ച നടക്കും.

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തികസംവരണം സ്വാഗതാര്‍ഹമാണ്. നിലവിലെ സംവരണം തകര്‍ത്താകരുത് പുതിയ നീക്കം. ഇടതുപക്ഷം മുമ്പ് തന്നെ ആവശ്യപ്പെടുന്ന കാര്യമാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തെ പിന്തുണയ്ക്കുന്നതാണ് സി.പി.ഐ.എം പൊതുവില്‍ സ്വീകരിച്ചിരിക്കുന്ന സമീപനമെന്ന് എം.ബി രാജേഷ് എം.പി അഭിപ്രായപ്പെട്ടു. സംവരണത്തെ കേവലം സാമുദായികപരമായി മാത്രമല്ലാതെ വര്‍ഗപരമായിട്ടാണ് സി.പി.ഐ.എം കാണുന്നത്. എല്ലാ സമുദായങ്ങളിലുമുള്ള പാവപ്പെട്ടവരെ കാണുന്ന ഒരു സമീപനമാണത്.

അതില്‍ പാവപ്പെട്ടവരെ ജാതീയമായിട്ട് മാത്രം വിഭജിക്കാതെ മുന്നാക്ക സമുദായത്തിലും പാവപ്പെട്ടവരെക്കൂടി പരിഗണിക്കണമെന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചിട്ടുള്ളത്. സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ഒറ്റമൂലിയല്ല സംവരണം. ഒരാശ്വാസ നടപടി മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ച് എന്‍.എസ്.എസും രംഗത്തെത്തി. സാമൂഹിക നീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.