1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2017

സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി, കേസ് പഠിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍. നേരത്തെ കേസ് പരിഗണിക്കുന്ന അങ്കമാലി കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിലീപിന് വേണ്ടി അഭിഭാഷകന്‍ രാംകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാന രഹിതമാണെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാല്‍ ജാമ്യം അനുവദിക്കണം. പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ളതെന്നും അന്വേഷണത്തില്‍ സഹകരിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. അപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഉച്ചയ്ക്ക് 1.45 ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കേസിനെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

പ്രതിഭാഗം പുതിയ ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചത്. തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നാണ് സര്‍ക്കാര്‍ ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീട് വാദം കേട്ട കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യ ഹര്‍ജി എതിര്‍ത്ത് പോലീസ് എതിര്‍ സത്യവാങ്മൂലം നല്‍കും. നേരത്തെ കീഴ്‌ക്കോടതിയില്‍ രണ്ട് ഫോണുകള്‍ പ്രതിഭാഗം സമര്‍പ്പിച്ചിരുന്നു.

ദിലീപിനേയും പള്‍സര്‍ സുനിയേയും ബന്ധിപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ അന്വേഷണവുമായി ബന്ധപ്പെട്ട് എംഎല്‍എമാരായ മുകേഷിന്റേയും അന്‍വര്‍ സാദത്തിന്റേയും മൊഴിയെടുത്തു. നടന്‍ ദിലീപുമായി തനിക്ക് സുഹൃദ്ബന്ധം മാത്രമേ ഉള്ളൂവെന്നും റിയല്‍ എസ്‌റ്റേറ്റ്ബിസിനസ് ബന്ധങ്ങളില്ലെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എയും പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയപ്പോള്‍ അയാളെ തന്റെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് മാറ്റിയതായി മുകേഷും മൊഴി നല്കിയതായാണ് റിപ്പോര്‍ട്ട്.

അതിനിടെ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ബന്ധുക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചു. സഹോദരന്‍ അനൂപ്, ബന്ധുക്കളായ വെട്ടിങ്ക സുനില്‍, സുരാജ് എന്നിവരാണ് ആലുവ സബ്ജയിലിലെത്തി ദിലീപിനെ കണ്ടത്. ദിലീപുമായി സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ 10 മിനിറ്റ് അനുവദിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗൂഢാലോചന കേസില്‍ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലായ ദിലീപിന് ഒരാഴ്ചക്ക് ശേഷമാണ് ബന്ധുക്കളുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്.

റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി സുനിക്കെതിരെ 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് എറണാകുളം സെന്‍ട്രല്‍ പോലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. ജോണി സാഗരിക നിര്‍മിച്ച ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവനടിയെ തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍, ആളുമാറി മറ്റൊരു നടിയെയാണ് തട്ടിക്കൊണ്ടുപോയത്. വാഹനം റൂട്ട് മാറി സഞ്ചരിച്ചതോടെ നിര്‍മാതാവിനെയും ഭര്‍ത്താവിനെയും നടി ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിനുമുന്നില്‍ നടിയെ ഇറക്കി സുനി രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.