1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2018

സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടികള്‍ തുടങ്ങുന്നു; ദിലീപിന് ഇനി വിചാരണയുടെ ദിനങ്ങള്‍. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് കോടതി നേരത്തെ സമന്‍സ് അയച്ചിരുന്നു. ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും ബുധനാഴ്ച കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ തുടങ്ങിയ കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. നിയമാനുസൃതമായ രേഖകളൊന്നും ഇതുവരെ കിട്ടാത്ത സാഹചര്യത്തില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നത് വൈകിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് തൃശ്ശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്. കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേര്‍ സാക്ഷികളായ കുറ്റപത്രത്തില്‍ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ആക്രമണത്തിനു പിന്നില്‍ നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ ദിലീപും പള്‍സര്‍ സുനിയും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നാണ് പറയുന്നത്.
രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. ദിലീപിനെതിരേ കൂട്ട ബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.