1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2017

സ്വന്തം ലേഖകന്‍: ദിലീപിന് നാലാം തവണയും ജാമ്യം നിഷേധിച്ചു, ചുമത്തിയിരിക്കുന്നത് 20 വര്‍ഷമോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റങ്ങളെന്ന് കോടതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ‘ജാമ്യം നിഷേധിച്ചിരിക്കുന്നു’ എന്ന ഒറ്റ വാക്കിലുള്ള വിധിയാണ് ഇന്ന് പറഞ്ഞത്. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കും. പ്രതിഭാഗം ഉന്നയിക്കുന്ന വാദങ്ങള്‍ പരിഗണിക്കേണ്ട ഘട്ടമല്ലിത് എന്നീ പ്രോസിക്യൂഷന്‍ വാദങ്ങള്‍ പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.

റിമാന്‍ഡ് 68 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ കൂടിയാണ് ജാമ്യം നിഷേധിക്കുന്നത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമേ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ വിധി പകര്‍പ്പ് പുറത്ത് വന്നു. 20 വര്‍ഷമോ ജീവപര്യന്തം തടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

നടിയുടെ നഗ്‌നചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റമെന്നും ഈ കേസില്‍ അറുപത് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. ദിലീപിനെതിരെ പുതിയ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ജൂലൈ 10ന് അറസ്റ്റിലായതിന് ശേഷം ഇത് നാലാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ വിവിധ കോടതികള്‍ തള്ളുന്നത്. നടി ആക്രമിക്കപ്പെട്ട ദിവസം വൈകിട്ട് നടി രമ്യാ നമ്പീശന്റെ വീട്ടിലെ ഫോണിലേക്ക് ദിലീപ് വിളിച്ചത് അടക്കമുള്ള തെളിവുകളാണ് ഇത്തവണ പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കിയത്. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. അന്ന് അര്‍ദ്ധരാത്രിക്ക് ശേഷവും ദിലീപ് പലരുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.