1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2017

സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടികള്‍ രഹസ്യമാക്കി, പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കോടതി നടപടികള്‍ രഹസ്യമാക്കിയത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച ഘട്ടത്തിലാണ് അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അടച്ചിട്ട മുറിയില്‍ വാദം കേട്ടത്. അതേസമയം, സുനിയുടെ ജാമ്യാപേക്ഷയില്‍ 28 ന് വിധി പറയും.

ദൈവത്തിന്റെ കൈ ഇല്ലായിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസ് ഡല്‍ഹിയിലെ നിര്‍ഭയ കേസിനേക്കാള്‍ പ്രഹര ശേഷിയുള്ള ഒന്നായി മാറുമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ രഹസ്യമായി നടത്തണമെന്നും നടിയുടെ രഹസ്യ മൊഴിയുടെ പകര്‍പ്പ് പ്രതിഭാഗത്തിനു നല്‍കരുതെന്നും കോടതിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

ഈ മാസം 18 നായിരുന്നു സുനിക്ക് വേണ്ടി അഭിഭാഷകന്‍ ബിഎ ആളൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സുനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആളൂരിന്റെ വാദം. സുനിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി ഓഗസ്റ്റ് ഒന്നിന് അവസാനിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.