1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2017

സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും, തയ്യാറാകുന്നത് എല്ലാ പഴതുമടച്ചുള്ള കുറ്റപത്രമെന്ന് സൂചന. ഗൂഢാലോചനയ്ക്ക് ദിലീപ് നേതൃത്വം നല്‍കിയെന്ന് പറയുന്ന കുറ്റപത്രത്തില്‍ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ പേരിലുള്ള ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ദിലീപിലും ചുമത്തിയിട്ടുണ്ട്. പുറത്തുവരാത്ത നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെടെ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിലാണ് സമര്‍പ്പിക്കുക.

ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന. മജിസ്‌ട്രേട്ടിനു മുന്നില്‍ പള്‍സര്‍ സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവരടക്കം 16 പേര്‍ നല്‍കിയ രഹസ്യമൊഴികള്‍ കേസില്‍ നിര്‍ണായകമാകും. രഹസ്യമൊഴികള്‍, കുറ്റസമ്മതമൊഴികള്‍, സാക്ഷിമൊഴികള്‍, സൈബര്‍ തെളിവുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാഹചര്യത്തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍ എന്നിവ പ്രത്യേക പട്ടികയായി കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും. പലതും പ്രതികളുടെ ജാമ്യാപേക്ഷ വേളയില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചവയാണ്.

ബലാത്സംഗത്തിനു പുറമെ, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍, പ്രതിയെ സഹായിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍വയ്ക്കല്‍, ഐടി ആക്ട്പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയും ദിലീപില്‍ ചുമത്തും. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കേസിന്റെ പ്രാധാന്യവും സാക്ഷികളെ സ്വാധീനിക്കാനിടയുള്ള പ്രതികളുടെ സ്വാധീനവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശയും അന്വേഷണസംഘം ഉന്നയിക്കുമെന്നാണ് വിവരം.

കേസില്‍ നിര്‍ണായകമാകുന്ന, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് കോടതിയെ അറിയിക്കും. ഫെബ്രുവരി 17 ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗ സംഘം യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് ആ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അറസ്റ്റിലായ സുനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മൂന്നു മാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപ് കഴിഞ്ഞ ആഴ്ച ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.