1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2018

സ്വന്തം ലേഖകന്‍: ആണ്‍മക്കളില്ല! മാതാപിതാക്കളുടെ നിര്‍ബന്ധിത്തിനു വഴങ്ങി അഫ്ഗാന്‍ പെണ്‍കുട്ടി ആണായി ജീവിച്ചത് പത്തു വര്‍ഷം. സിതാര വഫേദാര്‍ എന്ന പെണ്‍കുട്ടിയാണ് മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി എട്ടാം വയസുമുതല്‍ ആണ്‍വേഷം ധരിച്ചു തുടങ്ങിയത്. ഇഷ്ടിക കമ്പനിയില്‍ പിതാവിനൊപ്പം ജോലിക്ക് പോയിത്തുടങ്ങുമ്പോഴായിരുന്നു അത്. ആണ്‍കുട്ടിയായാല്‍ ലഭിക്കുന്ന സുരക്ഷിതത്വവും അവകാശങ്ങളുമായിരുന്നു മകളെ അങ്ങനെ വേഷം ധരിപ്പിക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചത്.

‘ബച്ചാ പോഷി’ എന്ന ഈ സമ്പ്രദായം കാലങ്ങളായി അഫ്ഗാന്റെ കിഴക്കന്‍ പ്രവിശ്യയിലുള്ള നന്‍ഗര്‍ഹാര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതാണ്. ആണ്‍മക്കളില്ലാത്തവര്‍ പെണ്‍മക്കളിലൊരാളെ ഇങ്ങനെ ആണ്‍കുട്ടിയായി വളര്‍ത്തും. എന്നാല്‍,ഏറിയ പങ്കും ആര്‍ത്തവാരംഭത്തോടെ പെണ്‍ജീവിതത്തിലേക്ക് മടങ്ങും. വിവാഹം കഴിച്ച് കുടുംബവും കുട്ടികളുമായാല്‍ അവരുടെ ജീവിതം വീടിനുള്ളില്‍ത്തന്നെയാണ്. സ്ത്രീകള്‍ക്ക് ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശം ഇവര്‍ക്കിടയിലില്ല. അതുകൊണ്ടാണ് 18 വയസ്സായിട്ടും താന്‍ ആണ്‍കുട്ടിയായി തുടരുന്നതെന്ന് സിതാര പറയുന്നു.

ചേച്ചിമാര്‍ മൂന്നു പേരും വിവാഹിതരാണ്. താന്‍ പെണ്‍കുട്ടിയായി ജീവിക്കാന്‍ തീരുമാനിച്ചാല്‍ 13കാരിയായ അനിയത്തിക്ക് തന്നെപ്പോലെ ആണ്‍വേഷം കെട്ടേണ്ടിവരും. അവളുടെ സ്വപ്‌നങ്ങള്‍ കൂടി ഇല്ലാതാവേണ്ടെന്ന് കരുതിയാണ് ഈ വേഷം തുടരുന്നതെന്നും സിതാര പറയുന്നു. വൃദ്ധനായ പിതാവിനൊപ്പമാണ് സിതാര ജോലിക്ക് പോവുന്നത്. പ്രമേഹരോഗിയായ അമ്മയ്ക്ക് മരുന്നുകള്‍ വാങ്ങാനും കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും സിതാരയുടെ ഈ ആണ്‍വേഷമല്ലാതെ വേറെ നിവൃത്തിയില്ലെന്ന് പിതാവ് പറയുന്നു.

തൊഴിലിടത്തില്‍ ഒരു പെണ്‍കുട്ടിയിങ്ങനെ ജോലി ചെയ്യുന്നുണ്ടെന്നറിഞ്ഞാല്‍ അവളുടെ ജീവന്‍ പോലും അപകടത്തിലാവാനുള്ള സാധ്യയുണ്ടെന്നും പിതാവ് പറയുന്നു. ആണ്‍വേഷത്തില്‍ ജിവിക്കുന്നതു കൊണ്ടുമാത്രം മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനും പല പ്രധാനചുമതലകളും കുടുംബത്തിനു വേണ്ടി നിര്‍വ്വഹിക്കാനും സിതാരക്ക് കഴിയുന്നു. എന്നാല്‍, ബച്ചാ പോഷി സമ്പ്രദായം പിന്തുടരുന്ന പെണ്‍കുട്ടികളുടെ മാനസികാരോഗ്യം പ്രതിസന്ധിയിലാകുമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.