1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2018

സ്വന്തം ലേഖകന്‍: മേഘാലയില്‍ പൂര്‍ണമായും അരുണാചല്‍ പ്രദേശില്‍ ഭാഗികമായും പ്രത്യേക സൈനികാധികാര നിയമം പിന്‍വലിച്ചു. അരുണാചലിലെ എട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അഫ്‌സ്പാ ഒഴിവാക്കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഈ നടപടി. അരുണാലചലിലെ പതിനാറ് പൊലീസ് സ്‌റ്റേഷനുകളാണ് അഫ്‌സ്പായുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ എട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നാണ് നിയമം പിന്‍വലിച്ചത്.

ഇതിന് പിന്നാലെ മറ്റ് ചില ഇളവുകളും ഈ വിജ്ഞാപനത്തിലുണ്ട്. മണിപ്പൂര്‍, മിസോറം, നാഗലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിദേശ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്കും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ‘കണ്‍ട്രീസ് ഓഫ് കണ്‍സേണ്‍’ എന്ന വിഭാഗത്തില്‍ പെടുന്ന രാജ്യങ്ങളില്‍ നിന്നും വരുന്ന വിനോദ സഞ്ചാരികളുടെ കാര്യത്തില്‍ നിലവിലുളള നിയന്ത്രണങ്ങള്‍ തുടരും. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവ.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദീര്‍ഘകാലമായി നടപ്പാക്കിയിരുന്നു പ്രത്യേക സൈനികാധികാര നിയമം ഏറെക്കാലമായി ഒട്ടേറെ വിവാദങ്ങളും പ്രക്ഷോഭങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുളളതായിരുന്നു. മണിപ്പൂരില്‍ ഈ നിയമത്തിനെതിരെ പതിനഞ്ച് വര്‍ഷത്തിലേറെ നിരാഹരമനുഷ്ഠിച്ച ഇറോം ശര്‍മ്മിളയുടെ പോരാട്ടം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സംസ്ഥാന സര്‍ക്കാരുമായുളള ചര്‍ച്ചയ്ക്കു ശേഷമാണ് ഈ നിയമം പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.

ഈ നിയമത്തിന്റെ പരിധിയില്‍ അസ്വസ്ഥ പ്രദേശങ്ങള്‍ എന്ന് നിശ്ചയിക്കപ്പെട്ടയിടങ്ങളില്‍ സൈന്യത്തിന് പൗരന്മാരെ അറസ്റ്റ് ചെയ്യാനും റെയ്ഡ് നടത്താനും സ്വയരക്ഷയ്ക്കായി സൈനികാക്രമണം നടത്താനും അനുമതി നല്‍കിയിരുന്നു. ഈ മേഖലയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുളളില്‍ കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 63 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. മണിക് സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ വര്‍ഷം ത്രിപുരയില്‍ അഫ്‌സ്പാ പിന്‍വലിച്ചിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.