1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2017

സ്വന്തം ലേഖകന്‍: ഓണത്തിരക്ക് ഒഴിഞ്ഞപ്പോള്‍ ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കേരളത്തിലേക്ക് പറക്കുന്ന പ്രവാസികളെ ചാക്കിടാന്‍ പുതിയ അടവുമായി എയര്‍ ഇന്ത്യ, ലഗേജ് പരിധി 50 കിലോയായി ഉയര്‍ത്തി. തിരക്ക് ഒഴിഞ്ഞതോടെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ചരിത്രത്തിലാദ്യമായി കേരളത്തിലേക്ക് ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 50 കിലോഗ്രാം ബാഗേജ് അലവന്‍സുമായാണ് എയര്‍ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഇക്കണോമി ക്ലാസുകാര്‍ക്കായി കഴിഞ്ഞ ദിവസം ആരംഭിച്ച ആനുകൂല്യം ഒക്ടോബര്‍ 31 വരെയാകും യാത്രക്കാര്‍ക്ക് ലഭിക്കുക.

ഒരാള്‍ക്ക് ചെക്ക്ഡ് ബാഗേജില്‍ 50 കിലോഗ്രാം കൊണ്ടുപോകാമെങ്കിലും ഒരു ബാഗില്‍ 32 കിലോയില്‍ കൂടുതല്‍ പാടില്ലെന്നും മുന്നറിയിപ്പ് എയര്‍ ഇന്ത്യ നല്‍കുന്നുണ്ട്. ദുബായില്‍ നിന്നും കോഴിക്കോട്, നെടുമ്പാശേരി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, വിശാഖപട്ടണം, ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്കാണ് ലഗേജ് ഇളവിന്റെ ആനുകൂല്യം ലഭിക്കുക

എന്നാല്‍ എയര്‍ ഇന്ത്യ ഇപ്പോള്‍ പ്രഖ്യാപിച്ച ഓഫര്‍ പ്രവാസികളുടെ ഇടയില്‍ വന്‍ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്. അടുത്ത മൂന്ന് മാസം ദുബായില്‍ നിന്നും കോഴിക്കോട്, നെടുമ്പാശ്ശേരി, മുംബെ, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലേക്കും ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് അന്‍പത് കിലോഗ്രാം സാധനങ്ങള്‍ കൊണ്ട് വരാം എന്നതാണ് പുതിയ ഓഫര്‍.

ഇത് പ്രവാസികളെ സഹായിക്കാനല്ലെന്നും യാത്രക്കാര്‍ കുറവായതിനാല്‍ പ്രവാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണിത് എന്നും പ്രവാസികള്‍ പറയുന്നു. ഗള്‍ഫില്‍ നിന്ന് ഏറ്റവുമധികം ആളുകള്‍ നാട്ടിലേക്ക് വരുന്നത് ഓണം ബക്രീദ് ആഘോഷങ്ങള്‍ക്കായാണ്. ബക്രീദ് പ്രമാണിച്ച് ഗള്‍ഫില്‍ ലഭിക്കുന്ന അവധി ദിനങ്ങള്‍ കുടുംബത്തോടൊപ്പം ചിലവഴിച്ച് ഓണവും ആഘോഷിച്ചേ മലയാളികള്‍ മടങ്ങു.

ഈ സമയത്ത് നാട്ടിലുള്ളവര്‍ക്ക് സമ്മാനങ്ങളും മറ്റുമായി വളരെയധികം സാധനങ്ങളാണ് പ്രവാസികള്‍ നാട്ടിലേക്ക് കൊണ്ട് വരിക. ഉത്സവ സീസണില്‍ ലഗേജ് തൂക്കം മുപ്പത് കിലോഗ്രാം മാത്രം അനുവദിച്ച എയര്‍ ഇന്ത്യ ഇപ്പോള്‍ അന്‍പത് കിലോഗ്രാം ആക്കിയത് കണ്ണില്‍ പൊടിയിടല്‍ നടപടിയാണെന്നാണ് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നുത്. ഒക്ടോബര്‍ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇക്കോണമി ക്‌ളാസ് യാത്രക്കാര്‍ക്കാണ് ഈ സൗകര്യം എന്നതും തട്ടിപ്പാണ്.

ഇനി ക്രിസ്തുമസ് കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഈ ആനുകൂല്ല്യം ലഭിക്കില്ല. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാത്രമേ പ്രവാസികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് ക്രിസ്തുമസ് അവധിക്ക് എത്താന്‍ കഴിയു. മൂന്ന് മാസം മുന്നേ ടിക്കറ്റ് ബുക്ക് ചെയ്യാനൊന്നും സാധാരണ തൊഴിലാളികള്‍ക്ക് അവസരം ലഭിക്കാറില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.