1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2019

സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിൽ വിമത നീക്കം നടത്തി ബിജെപിക്കൊപ്പം സർക്കാർ രൂപീകരിച്ച എൻസിപി നേതാവ് അജിത് പവാർ പാർട്ടി നേതൃസ്ഥാനത്തേയ്ക്ക് തിരികെയെത്തുമെന്നു സൂചന. അജിത് പവാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാനാണ് തീരുമാനമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. ശനിയാഴ്ച ബിജെപിക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അജിത്തിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നു നീക്കിയിരുന്നു. പകരം ജയന്ത് പാട്ടീലിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

പരസ്യവോട്ടിലൂടെ ബുധനാഴ്ച തന്നെ സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെ അജിത് പവാറും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവയ്ക്കുകയായിരുന്നു. ശരദ് പവാർ പക്ഷത്തെ ഏതാണ്ട് എല്ലാ മുതിർന്ന എൻസിപി നേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ അജിത്തിനെ അനുനയിപ്പിക്കാൻ ചർച്ച നടത്തിയിരുന്നു. ഇതോടൊപ്പം, പവാർ കുടുംബത്തിലെ മുതിർന്ന അംഗങ്ങളും കുടുംബത്തിനൊപ്പം ഉറച്ചുനിൽക്കാൻ നേരിട്ടും ഫോണിലൂടെയും അഭ്യർഥിച്ചു.

സുപ്രിയ സുളെയും ഭർത്താവ് സദാനന്ദ് സുളെയും ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ നേരിൽ കണ്ടു ചർച്ച നടത്തിയപ്പോൾ, ശരദ് പവാറിന്റെ ഭാര്യ പ്രതിഭ പവാർ ഫോണിൽ സംസാരിച്ചു. തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി മുംബൈ ട്രൈഡന്റ് ഹോട്ടലിൽ പവാർ കുടുംബാംഗങ്ങൾ യോഗം ചേർന്നിരുന്നു.

“നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയെ ബഹുമാനിക്കും. നമ്മുടെ രാജ്യത്തിന്റെ പരമാധികാരവും ഐക്യവും കാത്തുസൂക്ഷിക്കും. എന്റെ കടമകളെല്ലാം ജാഗ്രതയോടെ നിറവേറ്റുമെന്ന് പ്രതിജ്ഞയെടുത്തു,” എന്നായിരുന്നു പവാറിന്റെ പ്രതികരണം. സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് താന്‍ നിലപാട് മാറ്റാന്‍ തീരുമാനിച്ചതെന്നും അതിന് ശേഷം എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നുവെന്നും പവാര്‍ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.