1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2017

സ്വന്തം ലേഖകന്‍: അല്‍ അക്‌സ പള്ളി വീണ്ടും പലസ്തീന്‍കാര്‍ക്ക് സ്വന്തം, ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തു, പലസ്തീനില്‍ ആഹ്ലാദ പ്രകടനങ്ങള്‍. രണ്ടാഴ്ച പിന്നിട്ട ബഹിഷ്‌കരണം അവസാനിപ്പിച്ച് പലസ്തീന്‍ മുസ്‌ലിം വിശ്വാസികള്‍ കഴിഞ്ഞ ദിവസം കിഴക്കന്‍ ജറുസലമിലെ അല്‍ അക്‌സാ പള്ളി സ്ഥിതി ചെയ്യുന്ന മേഖലയില്‍ വീണ്ടും പ്രവേശിച്ചു. ഇസ്രേലി സൈന്യം അല്‍അക്‌സാ പള്ളിയിലേക്കുള്ള പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന മെറ്റല്‍ഡിറ്റക്ടറുകളും നിരീക്ഷണ കാമറകളും എടുത്തു മാറ്റിയതിനെത്തുടര്‍ന്നാണു പ്രതിസന്ധിക്കു പരിഹാരമുണ്ടായത്.

ചൊവ്വാഴ്ച തന്നെ മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കം ചെയ്തിരുന്നു. കാമറകളും ബാരിക്കേഡുകളും മറ്റും ഇന്നലെ നീക്കി. ഇതെത്തുടര്‍ന്നു പലസ്തീന്‍കാര്‍ ആഹ്‌ളാദ പ്രകടനം നടത്തി. ഇതു ചരിത്രവിജയമാണെന്നു ഗാസയില്‍ ഭരണം നടത്തുന്ന ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഇസാത് റിഷേക് ട്വീറ്റു ചെയ്തു. ഇന്നു ഗേറ്റുകള്‍ മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായി, നാളെ ഇസ്രേലി അധിനിവേശത്തിനു തന്നെ അവസാനമാകുമെന്നും അദ്ദേഹം പറഞ്ഞു. ജറുസലം ഗ്രാന്‍ഡ് മുഫ്തി മുഹമ്മദ് ഹുസൈന്റെയും മറ്റു മുസ്‌ലിം നേതാക്കളുടെയും ആഹ്വാന പ്രകാരം കഴിഞ ദിവസം ആയിരക്കണക്കിനു മുസ്‌ലിം വിശ്വാസികള്‍ അല്‍ അക്‌സാ പള്ളിയും ഡോം ഓഫ് ദ റോക്കും സ്ഥിതി ചെയ്യുന്ന വളപ്പില്‍ പ്രവേശിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ഇതിനു ശേഷവും ചെറിയ തോതില്‍ സംഘര്‍ഷവും പോലീസിനു നേര്‍ക്കു കല്ലേറും നടന്നതായി റിപ്പോര്‍ട്ടുണ്ട്. രണ്ടാഴ്ചയായി അല്‍അക്‌സാ പള്ളിയില്‍ പ്രവേശിക്കാതെ പുറത്തു തെരുവീഥിയിലും മറ്റുമായിരുന്നു പ്രാര്‍ഥന നടത്തിയിരുന്നത്. ഇന്നത്തെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു പതിവുപോലെ അല്‍അക്‌സായില്‍ എത്താന്‍ പലസ്തീന്‍കാരോടു പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് അഭ്യര്‍ഥിച്ചു. പലസ്തീന്‍കാര്‍ക്കു പുറമേ മറ്റു രാജ്യങ്ങളില്‍നിന്നുള്ള അനേകം മുസ്‌ലിംകളും ഇന്ന് അല്‍അക്‌സായില്‍ എത്തുമെന്നാണു കരുതുന്നത്. ഈ മാസം പതിനാലിനാണ് അല്‍അക്‌സാ മോസ്‌കിലെ പ്രവേശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി മെറ്റല്‍ഡിറ്റക്ടറുകള്‍ സ്ഥാപിച്ചത്. അന്പതുവയസിനു താഴെയുള്ളവര്‍ക്കു പ്രവേശനവിലക്കും ഏര്‍പ്പെടുത്തി. ഈ മേഖലയില്‍ ഇസ്രേലി നിയന്ത്രണം ശക്തമാക്കാനുള്ള നടപടിയായാണ് ഇതു പലസ്തീന്‍കാര്‍ വീക്ഷിച്ചത്.

എന്നാല്‍ തങ്ങളുടെ രണ്ടു സുരക്ഷാ സൈനികരെ കൊലപ്പെടുത്തിയശേഷം അക്രമികള്‍ ഈ മേഖലയിലേക്ക് ഓടിരക്ഷപ്പെട്ടതിനെത്തുടര്‍ന്നാണു സുരക്ഷ ശക്തമാക്കേണ്ടിവന്നതെന്ന് ഇസ്രേലികള്‍ വിശദീകരിച്ചു. മൂന്ന് അക്രമികളെയും ഇസ്രേലികള്‍ വകവരുത്തി. പലസ്തീന്‍ മേഖലയില്‍ സംഘര്‍ഷം കനത്തു. വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമങ്ങളില്‍ ആകെ എട്ടുപേര്‍ക്കു ജീവഹാനി നേരിട്ടു. പ്രശ്‌ന പരിഹാരത്തിന് അന്തര്‍ദേശീയതലത്തില്‍ തന്നെ ഇസ്രേലി ഭരണകൂടത്തിനു മേല്‍ സമ്മര്‍ദമുണ്ടായി. 1967 ലെ യുദ്ധത്തിലാണ് ജോര്‍ദാനില്‍നിന്ന് കിഴക്കന്‍ ജറുസലം ഇസ്രയേല്‍ പിടിച്ചത്. എന്നാല്‍ പിന്നീടുണ്ടാക്കിയ കരാര്‍ പ്രകാരം അല്‍ അക്‌സാ പള്ളി ഉള്‍പ്പെടെയുള്ള മേഖലയുടെ മേല്‍നോട്ടച്ചുമതല ജോര്‍ദാനു ലഭിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.