1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2015

സ്വന്തം ലേഖകന്‍: തീരദേശത്ത് മരങ്ങള്‍ ഉണങ്ങുന്ന പ്രതിഭാസത്തിനു കാരണം തീക്കാറ്റാണെന്ന് വിദഗ്ദര്‍. കടലില്‍നിന്നു വടക്കുകിഴക്കു ദിശയില്‍ വീശിയ തീക്കാറ്റാണാണ് വില്ലനെന്ന് സി!ഡബ്‌ള്യുആര്‍ഡിഎം ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. എന്നാല്‍ കാറ്റിന് ചൂടു കൂടാനുള്ള കാരണം കണ്ടെത്താനായിട്ടില്ല.

കാറ്റിലെ ലവണാംശം ഇലകള്‍ കരിയാന്‍ കാരണമായോ എന്നതു പരിശോധിക്കും. ശാസ്ത്രജ്ഞരായ ഡോ. പി.എസ്. ഹരികുമാര്‍, ഡോ. ഇ.ജെ. ജോസഫ്, ഡോ. യു. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട്ടെയും കൊയിലാണ്ടിയിലെയും വിവിധ ബീച്ചുകളില്‍ സന്ദര്‍ശനം നടത്തിയ സംഘം കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ചു. ചെറിയ സസ്യങ്ങള്‍ മാത്രമല്ല, വലിയ വൃക്ഷങ്ങളും ഉണങ്ങിയിട്ടുണ്ടെന്നു സംഘം നിരീക്ഷിച്ചു.

കോയവളപ്പില്‍ തെങ്ങോലകള്‍ ഉള്‍പ്പെടെ കരിഞ്ഞിട്ടുണ്ട്. കൊയിലാണ്ടിയില്‍ ചന്ദനമരവും ഉണങ്ങി. നാലോ അഞ്ചോ മിനിറ്റു നേരത്തേക്കു മാത്രമായിരിക്കാം ഈ പ്രതിഭാസമുണ്ടായത്. കടലിനുള്ളിലെ പ്രവാഹങ്ങളാണോ ചൂടുകാറ്റിനു കാരണമായതെന്നും പരിശോധിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കു നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുമായി ബന്ധപ്പെടും. പ്രതിഭാസത്തിനു കാരണം അമ്ലമഴയാണെന്ന വാദം സംഘം നേരത്തേതന്നെ തള്ളിയിരുന്നു. തീരത്തു മുന്‍പുണ്ടാകാത്തതുപോലെ തുടര്‍ച്ചയായി കാറ്റു വീശുന്നുണ്ടെന്നും തിരകള്‍ക്കു ശക്തിയേറിയിട്ടുണ്ടെന്നും കോയവളപ്പില്‍ താമസിക്കുന്നവര്‍ ശാസ്ത്രജ്ഞരോടു പറഞ്ഞു. മരങ്ങളും ചെടികളും ഉണങ്ങിയ സ്ഥലങ്ങളില്‍ ചൂടു കൂടുതലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം കേരളത്തിന്റെ തീരദേശത്തു കഴിഞ്ഞ ദിവസം അനുഭവപ്പെട്ട തീക്കാറ്റിനു കാരണം താപസ്‌ഫോടനമാണെന്നു പഠനസംഘം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സിലിനു റിപ്പോര്‍ട്ട് നല്‍കി. അത്യപൂര്‍വമായ താപസ്‌ഫോടനമെന്ന പ്രതിഭാസം പ്രാദേശിക തലത്തിലെ കാലാവസ്ഥാമാറ്റത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ്. ആ സമയത്തു താപനില പത്തു ഡിഗ്രിവരെ ഉയര്‍ന്നതായാണു സൂചനകള്‍. എന്നാല്‍, മനുഷ്യര്‍ക്കു ദോഷകരമാവുന്ന തലത്തിലേക്കു താപസ്‌ഫോടനം മാറാനുള്ള സാധ്യത വിരളമാണെന്നു റിപ്പോര്‍ട്ട് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.