1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2016

സ്വന്തം ലേഖകന്‍: സിറിയയിലെ അലെപ്പോ നഗരം വീഴുന്നു, സിറിയന്‍ സൈന്യത്തിനു മുന്നില്‍ മുട്ടുമടക്കി വിമതര്‍. വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ അലപ്പോയിലെ പ്രധാന ജില്ലകളിലൊന്ന് സിറിയന്‍ സൈന്യം കീഴടക്കി. തന്ത്രപ്രധാനമായ ഹനാനോ ജില്ലയാണ് സിറിയന്‍ സൈന്യം പിടിച്ചെടുത്തത്.

കരവ്യോമ മേഖലകളില്‍ കനത്ത ആക്രമണം നടത്തിയാണ് കിഴക്കന്‍ മേഖലയില്‍ സൈന്യം മുന്നേറുന്നത്. മാസങ്ങള്‍ക്കു മുമ്പുതന്നെ ഈ മേഖലയിലെ ജനങ്ങളെ കുടിയൊഴിപ്പിച്ചിരുന്നു. രണ്ടര ലക്ഷത്തിലേറെ ജനങ്ങള്‍ അലപ്പോയിലെ ഉപരോധത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് യു.എന്‍ റിപ്പോര്‍ട്ട്.

അഞ്ചര വര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ അലപ്പോ തിരിച്ചുപിടിക്കുക സൈന്യത്തിന്റെ അഭിമാനപ്രശ്‌നമാണ്. ദിവസങ്ങള്‍ നീണ്ട വെടിനിര്‍ത്തലിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ച മേഖലയില്‍ സൈന്യം ആക്രമണം പുനരാരംഭിക്കുകയായിരുന്നു. നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വിമതര്‍ കുഴിച്ചിട്ടിരിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുകയാണ് സൈന്യത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

ഡമാസ്‌കസ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വിമതര്‍ക്ക് അടുത്തകാലത്ത് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. കിഴക്കന്‍ ആലപ്പോയിലെ 40ശതമാനം ഭൂവിഭാഗം അസാദിന്റെ സൈന്യം കൈയടക്കിയെന്നാണു റിപ്പോര്‍ട്ട്. ആലപ്പോ നഗരം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്.

പടിഞ്ഞാറന്‍ മേഖലയില്‍ അസാദിന്റെ സൈന്യത്തിനും കിഴക്കന്‍ മേഖലയില്‍ വിമതര്‍ക്കുമാണു സ്വാധീനം. വിമത മേഖലയില്‍ ഭീകരരുമുണ്ടെന്നാണു റിപ്പോര്‍ട്ട്. റഷ്യയുടെയും സിറിയയുടെയും യുദ്ധവിമാനങ്ങള്‍ ഇവിടെ ശക്തമായ വ്യോമാക്രമണം നടത്തി. കിഴക്കന്‍ ആലപ്പോയില്‍ പോരാട്ടം അവസാനിപ്പിക്കുന്നതിനു കഴിഞ്ഞയാഴ്ച യുഎന്‍ മുന്നോട്ടുവച്ച നിര്‍ദേശം അസാദ് സര്‍ക്കാര്‍ തള്ളിയിരുന്നു.

ഇവിടെയുള്ള 900 അല്‍ക്വയ്ദ ബന്ധമുള്ള ഭീകരരെ ഒഴിപ്പിക്കാമെന്നും പ്രാദേശിക ഭരണകൂടത്തിന് കിഴക്കന്‍ ആലപ്പോയുടെ നിയന്ത്രണം കൈമാറണമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ സിറിയയുടെ പരമാധികാരത്തെ ബാധിക്കുമെന്നതിനാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് അസാദ് ഭരണകൂടം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.