1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2019

സ്വന്തം ലേഖകൻ: വനിതകൾ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം ഇന്ന്. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മെയറുമാണ് ഇന്ത്യൻ സമയം വൈകിട്ട് 5.20 ഓടെ ചരിത്രം കുറിക്കാൻ ഇറങ്ങുക. ഏഴ് മണിക്കൂർ സമയം ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്ത് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ജസീക്ക മെയറുടെയും ക്രിസ്റ്റീന കോച്ചിന്‍റെയും ചരിത്ര ചുവട്‍ വയ്പ്പ് നാസ ടിവി തൽസമയം കാണിക്കും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവര്‍ കണ്‍ട്രോളര്‍ മാറ്റിസ്ഥാപിക്കുന്നതിനാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങുക. പെൺ സാന്നിധ്യം നിലയത്തിന് പുറത്ത് എത്തുന്നത് ഇതാദ്യമല്ല. ഇതുവരെ 15 വനിതകൾ പുറത്ത് നടന്നിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം പുരുഷനും കൂടെയുണ്ടായിരുന്നു.

ക്രിസ്റ്റീന കോച്ച് മാർച്ചിലാണ് നിലയത്തിൽ എത്തിയത്. ഇതുവരെ മൂന്ന് തവണ നിലയത്തിന് പുറത്ത് നടന്നു. ജസീക്ക മെയർ ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് നിലയത്തിൽ എത്തിയത്. ജസീക്ക മെയറുടെ നിലയത്തിന് പുറത്തുള്ള ആദ്യ നടത്തം ചരിത്രത്തിലേക്കാണ്. വനിതാ ദിനത്തിൽ നാസ പദ്ധതിയിട്ടതാണ് വനിതാ നടത്തം. പാകമായ വസ്ത്രത്തിന്‍റെ കുറവ് കാരണം ഉപേക്ഷിക്കുകയായിരുന്നു. ക്രിസ്റ്റീന കോച്ചും ആൻ മക്ലൈനുമായിരുന്നു അന്ന് നടക്കേണ്ടിയിരുന്നത്. ജൂണിൽ മക്ലൈൻ ഭൂമിയിലേക്ക് മടങ്ങിയതോടെയാണ് ജസീക്ക മെയർക്ക് നറുക്ക് വീണത്.

പുതിയ ബാറ്ററികള്‍ സ്ഥാപിക്കുന്നതിനായി ഒക്ടോബര്‍ 21 തിങ്കളാഴ്ച ഇരുവരും ചേര്‍ന്ന് ബഹിരാകാശനിലയത്തിന് പുറത്തിറങ്ങാന്‍ നിശ്ചയിച്ചിരുന്നു. ഇതിനിടെ പവര്‍ കണ്‍ട്രോളറുകളിലൊന്നില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരുടേയും ബഹിരാകാശ നടത്തം ഈ ആഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച തീരുമാനിച്ച നടത്തമാണ് ബാറ്ററിയിലെ തകരാ‌ർ ശ്രദ്ധയിൽ പെട്ടതോടെ മൂന്ന് ദിവസം നേരത്തെ ആക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.