1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2016

സ്വന്തം ലേഖകന്‍: പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞന്‍ ആല്‍വിന്‍ ടോഫ്‌ലര്‍ അമേരിക്കയില്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി ലോസ് ആഞ്ചലസിനെ ബെല്‍ എയറിനുള്ള വസതിയിലായിരുന്നു അന്ത്യം. സാമൂഹ്യ, സാമ്പത്തിക, സാങ്കേതിക മേഖലകളിലെ ഭാവിയിലെ മാറ്റങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

1960 കളിലെ സാമൂഹ്യ മാറ്റങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ‘ഫ്യൂച്ചര്‍ ഷോക്’ എന്ന ഗ്രന്ഥത്തിന്റെ ഒന്നര കോടി കോപ്പികളാണ് വിറ്റഴിഞ്ഞത്. ഭാവിയിലെ മാറ്റങ്ങളെ കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘ഇന്‍ഫര്‍മേഷന്‍ ഓവര്‍ലോഡഡ്’ എന്ന വിശേഷണം ടോഫ്‌ലറുടെ സംഭാവനയാണ്. മുന്‍ സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവ്, ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ഴാവോ സിയാങ്, മെക്‌സിക്കന്‍ ബിസിനസ് ഗുരു കാര്‍ലോസ് സ്ലീം തുടങ്ങിയവരുടെ ഉപദേശകനുമായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യയുടെ മുന്നേറ്റത്തോടെ സാമൂഹിക ജീവിതത്തിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളെ പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങളാണ് 1960 കളില്‍ അദ്ദേഹം എഴുതിയത്. ഇന്നത്തെ കാലത്തെ നവമാധ്യമങ്ങളുടെ അതിപ്രസരത്തെ 1980 കളില്‍ എഴുതിയ ‘ദ തേര്‍ഡ് വേവ്’ എന്ന പുസ്തകത്തില്‍ ടോഫ്‌ലര്‍ പ്രവചിക്കുകയും ചെയ്തു.

21 ആം നൂറ്റാണ്ടിലെ നിരക്ഷരതയെന്നത് എഴുത്തും വായനയും അറിയാതിരിക്കുന്നത് മാത്രമല്ല, ഗ്രഹിക്കാതിരിക്കുന്നതും ഗ്രഹിക്കുന്നത് മറക്കുന്നതും വീണ്ടും ഗ്രഹിക്കാതിരിക്കുന്നതും ആണെന്ന ടോഫ്‌ലറുടെ വാക്കുകള്‍ ഏറെ പ്രശസ്തമാണ്. എഴുത്തില്‍ എന്നും പിന്തുണയുമായി നിന്ന ഹെയ്ദിയാണ് ഭാര്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.