1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2017

സ്വന്തം ലേഖകന്‍: ആറര മണിക്കൂര്‍ കൊണ്ട് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത്, കുരുന്നു ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സ് ഡ്രൈവറുടെ ‘ട്രാഫിക്’ സിനിമാ സ്‌റ്റൈല്‍ ഡ്രൈവിംഗ്. ട്രാഫിക് സിനിമയെ വെല്ലുന്ന ഡ്രൈവിംഗുമായി തമീം എന്ന ആംബുലന്‍സ് ഡ്രൈവറാണ് 31 ദിവസം മാത്രം പ്രായമായ പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്.

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള 514 കി.മീ വെറും ആറര മണിക്കൂര്‍ കൊണ്ട് പിന്നിട്ടാണ് തമീം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും അടിയന്തര ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലേക്കായിരുന്നു യാത്ര. കുഞ്ഞുമായി വരുന്ന വിവരം മുന്‍കൂട്ടി പൊലീസില്‍ അറിയിച്ചിരുന്നു.

അതുകൊണ്ട് തന്നെ വഴിയൊരുക്കാന്‍ പൊലീസും പൊതുജനങ്ങളും മുന്നിട്ടിറങ്ങി. കഠിന പ്രയത്‌നം കൊണ്ട് ഫലമുണ്ടായതിന്റെ ആഹ്ലാദത്തിലാണ് തമീം.കുട്ടിയെ കൊണ്ട് വരുന്ന ആംബുലന്‍സിന് പൊലീസ് പൂര്‍ണ്ണമായും പൈലറ്റ് നല്‍കി കൂടെയുണ്ടായിരുന്നു. ആംബുലന്‍സിന് ഒപ്പം ഒരു ഐസിയു വെന്റിലേറ്റര്‍ ആംബുലന്‍സ് എസ്‌കോര്‍ട്ട് നല്‍കിയും സഞ്ചരിച്ചിരുന്നു. കാസര്‍കോട് ബദിയടുക്ക സ്വദേശികളായ സിറാജ് ആയിഷ ദമ്പതികളുടെ കുഞ്ഞ് ഹൃദയസംബന്ധമായ അസുഖത്താല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാതെ കുഞ്ഞിന് ശ്വസിക്കാനാവുമായിരുന്നില്ല. ദിവസം കഴിയുംതോറും നില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ആംബുലന്‍സില്‍ കൊണ്ടുപോകുകശ്രമകരമായിരുന്നു. ഒരു മിനുട്ടില്‍ തുടര്‍ച്ചയായി നാലുലിറ്റര്‍ ഓക്‌സിജന്‍ അവശ്യമായിരുന്നു.

ആംബുലന്‍സിലെ ഓക്‌സിജന്‍ തീരുന്നതിനുമുന്‍പ് തിരുവനന്തപുരത്ത് എത്തിച്ചാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമെന്ന് പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് കുരുന്നു ജീവനുമായി തമീം പറപറന്നത്. ഒപ്പം കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് മാധ്യമപ്രവര്‍ത്തകരെയും പൊലിസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ആംബുലന്‍സിന് കടന്നുപോകാന്‍ ഗതാഗത സൗകര്യമൊരുക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.