1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2015

സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദം, ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ പരക്കെ ആഹ്വാനം, നടനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന നേതാവ്. ഇന്ത്യയില്‍ അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും കൂടിവരികയാണെന്ന് പരാമര്‍ശം നടത്തിയ ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ആമിര്‍ ഖാന്റെ സിനിമകള്‍ ആഗ്രയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് ഹിന്ദു ജാഗരണ്‍ സഭ രംഗത്തെത്തി. ആമിറിന്റെ സിനിമാ പോസ്റ്റര്‍ കത്തിച്ചും കരിഓയില്‍ ഒഴിച്ചും ബിജെപി സംഘപരിവാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദു ജാഗരണ്‍ സഭ രംഗത്തെത്തിയത്.

ഉത്തര്‍പ്രദേശില്‍ ആമിറിന്റെ ചിത്രങ്ങള്‍ വ്യാപകമായി നിരോധിക്കണമെന്നാവശ്യവും ഇവര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ആവശ്യം മുന്നോട്ടുവെച്ച് സംസ്ഥാന വ്യാപകമായി പ്രചരണം നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ആമിര്‍ ഖാന്‍ മാത്രമല്ല ഇത്തരം പരാമര്‍ശം നടത്തിയ ഷാരൂഖ് ഖാന്റെയും ഇനി നടത്താനിരിക്കുന്ന ചലച്ചിത്ര താരങ്ങളുടെയും സിനിമകള്‍ ബഹിഷ്‌കരിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയില്‍ സഹിഷ്ണുത തോന്നുന്നുണ്ടെങ്കില്‍ ആമിറിന് പാകിസ്താനിലേക്ക് പോകാമെന്ന് സംഘടനയുടെ ജില്ലാ പ്രസിഡന്റ് ജിതേന്ദ്ര പ്രതാപ് പറഞ്ഞു.

അതിനിടെ ആമീര്‍ ഖാനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ശിവസേന നേതാവ് പറഞ്ഞു. പഞ്ചാബിലെ ശിവസേന അധ്യക്ഷന്‍ രാജീവ് ഠണ്ഡണ്‍ ആണ് ആമിറിനെ തല്ലിയാല്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന് പ്രഖ്യാപിച്ചത്. പഞ്ചാബിലെ ലുധിയാനയില്‍ ആമീര്‍ ചിത്രീകരണത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. ആര്‍ക്ക് വേണമെങ്കിലും ആമിര്‍ ഖാനെ തല്ലാം. താമസിക്കുന്ന ഹോട്ടലിലെ മാനേജര്‍ക്കോ, ജീവനക്കാര്‍ക്കോ അല്ലെങ്കില്‍ സിനിമ ചിത്രീകരണത്തിനായി ആമിറിന്റെ കൂടെയെത്തിയവര്‍ക്കോ തല്ലാം. ആര് തല്ലിയാലും ഒരു ലക്ഷം നല്‍കുമെന്നാണ് പ്രഖ്യാപനം.

അതേസമയം സമൂഹമാധ്യമങ്ങളില്‍ താരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഹിന്ദു സംഘടനകളുടെ ഇരട്ടത്താപ്പു നയത്തെ കളിയാക്കുന്ന ട്രോളുകളും സജീവമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.