1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2018

സ്വന്തം ലേഖകന്‍: ദിലീപിന്റെ രാജി ചോദിച്ച് വാങ്ങിയതാണെന്ന് മോഹന്‍ലാല്‍; വ്യക്തിപരമായ ആരോപണങ്ങള്‍ വേദനയുണ്ട്; രാജിവെച്ച നടിമാര്‍ മാപ്പ് പറയേണ്ടതില്ലെന്നും അമ്മ പത്ര സമ്മേളനത്തില്‍ താരം; സിദ്ദിഖിന്റെ പത്രസമ്മേളവും തന്റെ പത്രക്കുറിപ്പും മോഹന്‍ലാലിന്റെ അറിവോടെയെന്ന് ജഗദീഷ്; അമ്മയിലെ അംഗങ്ങളെ രാജിവപ്പിക്കാനും തകര്‍ക്കാനുമാണ് ഡബ്ല്യുസിസിയുടെ ലക്ഷ്യമെന്ന് സിദ്ദിഖ്. ദിലീപിന്റെ രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആവശ്യം ദിലീപിനോട് സംസാരിച്ച് താരസംഘടന രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും മോഹന്‍ലാല്‍ നടിമാരെന്നാണ് വിശേഷിപ്പിച്ചത്. സ്ത്രീകളുടെ പ്രശ്‌നം പരിശോധിക്കാന്‍ അമ്മയില്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെപിഎസി ലളിത, കുക്കു പരമേശ്വരന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് അംഗങ്ങള്‍. ജഗദീഷിന്റെയും സിദ്ദിഖിന്റെയും വാര്‍ത്താസമ്മേളനത്തില്‍ പിശകില്ല. രണ്ടുപേരും പറഞ്ഞത് അമ്മയുടെ നിലപാടാണ്. രണ്ടുപേരും രണ്ടുവിധത്തില്‍ പറഞ്ഞതേയുള്ളൂ. രാജിവച്ചവര്‍ക്കു തിരിച്ചുവരണമെങ്കില്‍ അപേക്ഷ നല്‍കണം, അദ്ദേഹം വ്യക്തമാക്കി.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണു നടക്കുന്നത്. സംഘടന പതറിപ്പോയിനില്‍ക്കുകയാണ്. നാലുപേര്‍ രാജിവച്ചുപോയ കാര്യമല്ല ഞങ്ങളുടെ വലിയ പ്രശ്‌നം. ഈ വിഷയത്തില്‍ അടിയന്തരമായി ജനറല്‍ ബോഡി യോഗം വിളിക്കേണ്ട കാര്യമില്ല. ദിലീപിന്റേത് വലിയൊരു വിഷയമായിരുന്നു. അതാണ് ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്തത്. ദിലീപിന്റെ കാര്യത്തില്‍ പ്രശ്‌നം പരിഹരിച്ചെന്നാണ് കരുതുന്നത്. ദിലീപിന്റെ കാര്യത്തില്‍ സാവകാശം വേണമെന്ന് ഡബ്ല്യുസിസിയോട് ആവശ്യപ്പെട്ടിരുന്നു. അത് ഉള്‍ക്കൊള്ളാതെയാണ് അവര്‍ അമ്മയില്‍നിന്നു വിട്ടുപോയത്. ഡബ്ല്യുസിസി അംഗങ്ങളുടെ സമീപനമാണു പ്രശ്‌നമായത്.

ഈ മൂന്നുപേര്‍ക്കുവേണ്ടി ഞങ്ങളുടെ പ്രസിഡന്റ് വളരെയധികം ചീത്തയാണ് കേള്‍ക്കുന്നതെന്ന് നടന്‍ ബാബുരാജ് പറഞ്ഞു. അമ്മയില്‍നിന്ന് ചോരയൂറ്റിക്കുടിച്ചു വളരാനാണ് ഡബ്ല്യുസിസിയുടെ ശ്രമമെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. അമ്മയെ നാലു കഷണമാക്കാന്‍ (എ.എം.എം.എ) ഡബ്ല്യുസിസിക്ക് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നടിമാര്‍ മാപ്പു പറയണമോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ മോഹന്‍ലാല്‍ തയാറായില്ല. തിരിച്ചുവരാന്‍ അവര്‍ മാപ്പു പറയേണ്ടതില്ലെന്നും എന്നാല്‍ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയോടു മോശമായി പെരുമാറിയെന്ന സംഭവത്തില്‍ നടന്‍ അലന്‍സിയറില്‍നിന്ന് വിശദീകരണം തേടുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. അടുത്ത എക്‌സിക്യൂട്ടീവില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. ആ കുട്ടി അമ്മയില്‍ പരാതി നല്‍കിയിട്ടില്ല. ഇനിയും പരാതി നല്‍കിയാലും സ്വീകരിക്കും. ഇനി കൂടുതല്‍ പരാതി ഉണ്ടാകാതെ ഇരിക്കട്ടെയെന്നു മോഹന്‍ലാല്‍ പറഞ്ഞത് വാര്‍ത്താ സമ്മേളനത്തില്‍ ചിരി പടര്‍ത്തി. മുകേഷിനതിരെ ടെസ് ജോര്‍ജ് അമ്മയ്ക്കു പരാതി നല്‍കിയിട്ടില്ല. ആ ആരോപണത്തിലും വ്യക്തതയില്ല. അതിനാല്‍ അന്വേഷിക്കില്ല.

നടിമാരൈന്നു വിശേഷിപ്പിച്ചെന്ന പരാതിയില്‍ – നടീ നടന്‍മാരുടെ സംഘടനയല്ലേ അത്. അവരെ അങ്ങനെയല്ലേ വിശേഷിപ്പിക്കേണ്ടതെന്നും മോഹന്‍ലാല്‍ ചോദിച്ചു. അതു ഒരു വലിയ കാര്യമായി എനിക്കു തോന്നിയിട്ടില്ല. അവരെന്നെ എന്തുവേണമെങ്കിലും വിളിച്ചോട്ടെ. ഞാനതു കാര്യമാക്കുന്നില്ല. രേവതി, പദ്മപ്രിയ, പാര്‍വതി എന്നിവരോട് ഇപ്പോഴും സൗഹൃദമുണ്ട്. കെപിഎസി ലളിതയുടെ പരാമര്‍ശം നാടന്‍ പ്രയോഗമായി കണ്ടാല്‍ മതി.

അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നതിനാല്‍ എല്ലാ ആരോപണങ്ങളും മോഹന്‍ലാല്‍ എന്ന വ്യക്തിയെ ഉന്നം വച്ചാണ് പറയുന്നത്. അതില്‍ അതൃപ്തിയുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. മോഹന്‍ലാലും ഡ!ബ്ല്യുസിസിയും നേര്‍ക്കുനേര്‍ എന്ന തരത്തിലാണ് ചര്‍ച്ചകളും ആരോപണങ്ങളും. ഇതില്‍ പ്രതിഷേധമുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ഈ സ്ഥാനത്ത് ഇരിക്കുന്നതില്‍ സംതൃപ്തനല്ല. അര്‍ഥമില്ലാത്ത ആരോപങ്ങള്‍ വരുന്നതില്‍ താല്‍പര്യമില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

അമ്മയെ തകര്‍ക്കാന്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍ സിദ്ദിഖ് അറിയിച്ചു. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചെന്നു തന്റെ മൊഴിയാണെന്ന പേരില്‍ പ്രചരിക്കുന്നതിനെക്കുറിച്ചു തനിക്ക് അറിയില്ലെന്നും സിദ്ദിഖ് പറഞ്ഞു. താന്‍ ഒപ്പിട്ട പേപ്പറില്‍ അങ്ങനെയില്ല. ചോദ്യങ്ങള്‍ക്കു വ്യക്തമായി ഉത്തരം നല്‍കിയിട്ടുണ്ട്. ആ കേസിലെ സാക്ഷിയാണ് താന്‍ ഇനി കോടതിയില്‍ എല്ലാം പറയും, സിദ്ദിഖ് വ്യക്തമാക്കി.

വാട്‌സാപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശം ചോര്‍ന്നതെങ്ങനെയെന്നു പരിശോധിക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. ഔദ്യോഗിക വക്താവ് എന്ന നിലയില്‍ ഇതുവരെ ആളില്ല. ജഗദീഷ് വാര്‍ത്താക്കുറിപ്പ് ഇറക്കിയതും സിദ്ദിഖ് വാര്‍ത്താസമ്മേളനം നടത്തിയതും മോഹന്‍ലാലിന്റെ അനുവാദത്തിലാണ്. ഇതുവരെ സംഘടനയ്ക്ക് ഇത്തരമൊരു ആവശ്യം വന്നിട്ടില്ല. അതിനാല്‍ അടുത്ത യോഗത്തില്‍ ഔദ്യോഗിക വക്താവ് ആരെന്നു തീരുമാനിക്കും. എല്ലാവര്‍ക്കും എന്നെ ആവശ്യമാണെന്നു തോന്നിയാല്‍ ഈ സ്ഥാനത്തിനു മര്യാദ കൊടുത്ത് എന്നെ ഇതു നല്ല രീതിയില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നു തോന്നിയാല്‍ താന്‍ ഇതില്‍ മുന്നോട്ടുപോകുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.