1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2018

സ്വന്തം ലേഖകന്‍: അമ്മ, വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് കൂടിക്കാഴ്ച; പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് നടിമാര്‍; എല്ലാം കേള്‍ക്കാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വിശദീകരണം തേടി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി തിരുവോത്ത്, രേവതി, പദ്മപ്രിയ തുടങ്ങിയവര്‍ സംഘടനയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വൈകുന്നേരം നാലുമണിക്കായിരുന്നു കൂടിക്കാഴ്ച.

സംഘടനയ്‌ക്കെതിരെ പരസ്യമായി രംഗത്തു വന്ന ജോയ് മാത്യു, ഷമ്മി തിലകന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ അമ്മ അംഗങ്ങള്‍ മാധ്യമങ്ങളെ കണ്ടു. നടി ആക്രമിക്കപ്പെട്ട വിഷയത്തിന് പിന്നാലെ ഉണ്ടായ വിവാദത്തില്‍ താന്‍ എഎംഎംഎയില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് മുന്നോട്ടുപോകാനാണ് താല്‍പര്യമെന്നും സഹകരണമില്ലാത്ത ഒരവസ്ഥ വന്നാല്‍ രാജിക്കാര്യം ആലോചിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനുശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സംഘടനയില്‍ വനിതാ സെല്‍ രൂപവത്കരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കും. വനിതാ സംഘടനയായ ഡബ്ല്യുസിസിയിലെ കത്തു നല്‍കിയ നടിമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും. എല്ലാവരുടെയും ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണ്. പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. ചര്‍ച്ചയില്‍ തീരുമാനങ്ങള്‍ രണ്ടു ദിവസത്തിനകം മാധ്യമങ്ങളെ അറിയിക്കും,’ മോഹന്‍ലാല്‍ പറഞ്ഞു.

എന്നാല്‍, ദിലീപിനെ തിരിച്ചെടുക്കാനുള്ള എഎംഎംഎ തീരുമാനത്തെ ചോദ്യം ചെയ്ത് നേതൃത്വത്തിന് നല്‍കിയ കത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചോ എന്ന ചോദ്യത്തിന് ആ വിഷയങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണെന്ന് കത്ത് നല്‍കിയ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും ചര്‍ച്ചയിലാണെന്നും നടിമാര്‍ വ്യക്താക്കി. നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാനുള്ള എഎംഎംഎ വനിതാ ഭാരവാഹികളായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവരുടെ തീരുമാനം സ്വമേധയാ ഉള്ളതാണെന്നും അമ്മയുടെ തീരുമാനമായിരുന്നില്ല എന്നും നടന്‍ ജഗദീഷ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.