1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2017

സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ യുവ സംവിധായകര്‍ക്ക് അപ്രഖ്യാപിത വിലക്ക്, വിതരണക്കാരെ വെല്ലുവിളിച്ച് ആഷിഖ് അബു. അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും നിര്‍മാണ, വിതരണ കമ്പനികള്‍ക്ക് വിതരണക്കാര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെയാണ് ആഷിഖ് അബു രംഗത്തെത്തിയത്. ഞങ്ങള്‍ സിനിമകള്‍ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും. ഒരു സംശയവും അതില്‍ വേണ്ട. നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാമെന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

മള്‍ട്ടിപ്ലെക്‌സ് സമരത്തില്‍ നിന്ന് പിന്‍മാറിയതിന്റെ പേരിലാണ് അമല്‍ നീരദ് സംവിധാനം ചെയ്ത സിഐഎ ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് നേരെ വിതരണക്കാരുടെ സംഘടന പ്രതികാര നടപടി തുടങ്ങിയത്. മള്‍ട്ടിപ്ലക്‌സ് സമരം ഒത്തുതീര്‍പ്പിലെത്തിയെങ്കിലും സമരത്തില്‍നിന്നു വിട്ടുനിന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്കു നേര്‍ക്ക് വിതരണക്കാരുടെ സംഘടന വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കാതെയാണ് വിലക്ക്.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, എ ആന്‍ഡ് എ റീലീസ് എന്നീ ബാനറുകള്‍ക്ക് അപ്രഖ്യാപിത വിലക്ക് തുടരുന്ന സാഹചര്യത്തില്‍ ഈ ബാനറുകളുടെ പറവാ, ട്രാന്‍സ് എന്നീ സിനിമകളുടെ റിലീസിംഗ് പ്രതിസന്ധിയിലാകുമെന്ന് ഈ സിനിമകളുടെ നിര്‍മാതാക്കളായ അമല്‍ നീരദും അന്‍വര്‍ റഷീദും തുറന്നടിച്ചിരുന്നു.

ഒന്നരമാസം മുന്‍പ് മള്‍ട്ടിപ്ലക്‌സുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ വിവാദം. മെയ് 19നുണ്ടായ സമരത്തെ തുടര്‍ന്ന് ഡിസിട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് ചിത്രങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ പതിവിന് വിപരീതമായി അപ്പോള്‍ തീയേറ്ററില്‍ കളിച്ചു കൊണ്ടിരുന്ന ചിത്രങ്ങളും വിലക്കാനും അസോസിയേഷന്റെ നിര്‍ദേശമുണ്ടായിരുന്നു.

എന്നാല്‍ മെയ് അഞ്ചിന് റിലീസ് ചെയ്ത അമല്‍ നീരദ് ദുല്‍ഖര്‍ ചിത്രം സിഐഎയും രക്ഷാധികാരി ബൈജുവും മികച്ച അഭിപ്രായവുമായി മള്‍ട്ടിപ്ലക്‌സുകളില്‍ പ്രദര്‍ശനം തുടര്‍ന്നു. സമരം ഒത്തുതീര്‍ന്നെങ്കിലും റിലീസിംഗ് സെന്ററുകള്‍ വിട്ട സിഐഎയെ ബി ക്ലാസ്സ്, സി ക്ലാസ്സ് തീയേറ്റുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് സിഐഎയുടെ നിര്‍മ്മാതാവും സംവിധായകനുമായ അമല്‍ നീരദിന്റെ പരാതി.

തിയറ്റുടമകളുടെ വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും കോര്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത് ദിലീപ് ആണ്. ഈ ബാനറുകളുടെ വിലക്ക് നീക്കുമെന്ന് ദിലീപ് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും വിലക്ക് നീങ്ങിയില്ലെന്ന് അമലും അന്‍വറും പറയുന്നു. നിലവില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റാണ് ദിലീപ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.