1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2017

സ്വന്തം ലേഖകന്‍: വാര്‍ത്ത വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ബ്രേക്കിംഗ് ന്യൂസായി എത്തിയത് ചാനല്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ്, കരഞ്ഞുകൊണ്ട് വാര്‍ത്ത വായിച്ചു തീര്‍ത്ത അവതാരകയുടെ വീഡിയോ വൈറലാകുന്നു. ഇസ്രയേലിലാണ് സംഭവം നടന്നത്. ഇസ്രായേല്‍ വാര്‍ത്ത ലോകത്ത് പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച സര്‍ക്കാര്‍ നിയന്ത്രിത ചാനല്‍ നിര്‍ത്തുന്നു എന്നതായിരുന്നു ചാനലിന്റെ അവസാന ബ്രേക്കിംഗ് ന്യൂസ്.

ചാനല്‍ നിമിഷങ്ങള്‍ക്കകം സര്‍ക്കാര്‍ നിര്‍ത്തലാക്കും എന്ന ബ്രേക്കിംഗ് ന്യൂസ് വേദനയോടെ വായിക്കുന്ന അവതാരികയുടെ വീഡിയോ നിമിഷങ്ങള്‍ക്കകമാണ് ലോകത്താകെ പടര്‍ന്നത്. ന്യൂസ് അറ്റ് ഏ ഗ്ലാന്‍സ് എന്ന വാര്‍ത്ത പരിപാടിക്കിടെയാണ് ന്യൂസ് വണ്‍ എന്ന ചാനല്‍ നിര്‍ത്തുന്നു എന്ന വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി ന്യൂസ് റൂമിലെത്തിയത്. വാര്‍ത്ത വായിച്ച അവതാരക ഗേല എവന്റെ കണ്ണുകള്‍ നിറയുന്നതും ശബ്ദം ഇടറുന്നതും വീഡിയോയില്‍ കാണാം.

വര്‍ഷങ്ങളായുള്ള തങ്ങളുടെ ഔദ്യോഗിക വീടിനു പൂട്ടു വീഴാന്‍ പോകുന്നു. ഈ ദിവസത്തിന്റെ അവസാനം അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും അവര്‍ക്ക് നല്ല ജോലി കണ്ടെത്താനാകട്ടെ. സഹപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദിയും പറഞ്ഞ് നിറകണ്ണുകളോടെയാണ് അവര്‍ വാര്‍ത്ത അവസാനിപ്പിക്കുന്നത്. വീഡിയോ വൈറലായതോടെ ചാനല്‍ അടച്ചുപൂട്ടിയ നടപടിയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മാധ്യമ വിരുദ്ധ നിലപാടാണ് ഇതിനു പിന്നിലെന്നാണ് പ്രധാന ആരോപണം.

55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചാനലിന്റെ ഔദ്യോഗിക പേജിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചാനല്‍ അടച്ചുപൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് തീരുമാനമുണ്ടാകുമെന്ന് ചാനല്‍ ജീവനക്കാര്‍ കരുതിയിരുന്നില്ല. വാര്‍ത്താ ബുള്ളറ്റിനു ശേഷം ദേശീയഗാനം ആലപിച്ചാണ് ചാനല്‍ സംപ്രേക്ഷണം അവസാനിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.