1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2019

സ്വന്തം ലേഖകന്‍: ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് കാര്‍(ഡ്രൈവറില്ലാ കാര്‍)സാങ്കേതികവിദ്യയുടെ വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ മുന്‍ ഗൂഗിള്‍ എന്‍ജിനീയര്‍ അന്തോണി ലെവാന്‍ഡോവ്‌സ്‌കിക്കെതിരെ കുറ്റപത്രം. 2016 ലാണ് ഇദ്ദേഹം സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് പിന്നീട് യൂബറുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയത്.

2017 ല്‍ ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് യൂണിറ്റായ വേമോ വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തിയതിനെ കുറിച്ച് നിയമപരമായി പരാതി നല്‍കിയിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. അന്തോണിയ്‌ക്കെതിരെ 33 മോഷണക്കുറ്റവും വിവിധ മോഷണശ്രമങ്ങളും ആരോപിക്കപ്പെട്ടിരുന്നു. കുറ്റക്കാരനെന്ന് വിധിച്ചാല്‍ ഓരോ കുറ്റകൃത്യത്തിനും അന്തോണി 2,50,000 ഡോളര്‍ പിഴ നല്‍കേണ്ടി വരും. കൂടാതെ 10 കൊല്ലം ജയില്‍ ശിക്ഷയും വിധിച്ചേക്കാം.

2009 മുതല്‍ ഗൂഗിളിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന അന്തോണി ഗൂഗിളിന്റെ ലൈറ്റ് ഡിറ്റക്ടിങ് ആന്‍ഡ് റേഞ്ചിങ് ടീമിന്റെ മേധാവിയായിരുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ 2016 ല്‍ അന്തോണി ഗൂഗിള്‍ വിട്ടു. സ്വന്തം സ്റ്റാര്‍ട്ട് അപ്പായ ഓട്ടോ(Otto) യൂബറുമായി ലയിപ്പിച്ചു. അന്തോണിയും മറ്റൊരു ഗുഗിള്‍ മുന്‍ ഉദ്യോഗസ്ഥനും ചേര്‍ന്ന് വികസിപ്പിച്ച സെല്‍ഫ് ഡ്രൈവിങ് ട്രക്കായിരുന്നു ഓട്ടോ. എന്നാല്‍ 2017 ല്‍ ഗൂഗിള്‍ പരാതിയുമായി രംഗത്തെത്തി.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ യൂബര്‍ ശ്രമിച്ചെങ്കിലും യൂബര്‍ അന്തോണിയുമായി ചേര്‍ന്ന് വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്താന്‍ കൂട്ടുനിന്നുവെന്ന വാദത്തില്‍ ഗൂഗിള്‍ ഉറച്ചു നിന്നു. 245 മില്യണ്‍ ഡോളര്‍ ഒത്തുതീര്‍പ്പ് തുക നല്‍കാന്‍ യൂബര്‍ തയ്യാറായെങ്കിലും കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് കോടതി അത് തള്ളി.

ഗൂഗിളിന്റെ വ്യാപാരരഹസ്യങ്ങളൊന്നും യൂബറിലെത്തിയിട്ടില്ലെന്ന് കമ്പനി സിഇഒ അറിയിച്ചു. അന്തോണിയെ യൂബര്‍ കമ്പനിയില്‍ നിന്ന് 2017 ല്‍ പുറത്താക്കിയിരുന്നു. ഗൂഗിള്‍ വിടുന്നതിന് മുമ്പ് സെല്‍ഫ് ഡ്രൈവിങ് കാറുമായി ബന്ധപ്പെട്ട 14,000 ത്തോളം സ്വകാര്യഫയലുകള്‍ അന്തോണി ചോര്‍ത്തിയതായി ഗൂഗിള്‍ പറയുന്നു. അന്തോണിയെ പുറത്താക്കിയ ശേഷം ഗൂഗിളിനൊപ്പം യൂബറും അന്വേഷണത്തില്‍ പങ്കു ചേര്‍ന്നിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.