1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2015

സ്വന്തം ലേഖകന്‍: വിദേശത്തെ കള്ളപ്പണ നിക്ഷേപം തടയുന്നതിനുള്ള ബില്‍ ലോക്‌സഭ കടന്നു. കള്ളപ്പണ നിക്ഷേപകര്‍ക്ക് 10 വര്‍ഷം വരെ തടവും കനത്ത പിഴയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. മാര്‍ച്ചില്‍ കള്ളപ്പണ വിവാദം കത്തിനിന്ന സമയത്താണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്.

കൃത്യമായ നികുതിയും പലിശയും പിഴയുമടച്ച് വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ തയാറുള്ളവര്‍ക്ക് അതിന് അനുമതി നല്‍കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. എന്നാല്‍, ഇതിന് തയാറാകാത്തവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷയും കനത്ത പിഴയുമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

കള്ളപ്പണമുള്ള കാര്യം അംഗീകരിച്ച് പിഴയടക്കാന്‍ തയാറുള്ളവര്‍ക്ക് അതിനായി നിശ്ചിത സമയമനുവദിക്കുമെന്ന് ബില്ലുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയവെ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. 30 ശതമാനം നികുതിക്ക് പുറമെ 30 ശതമാനം പിഴയും നല്‍കുന്നവര്‍ക്കാണ് ഈ സംവിധാനം ഉപയോഗപ്പെടുത്താനാവുക.

നേരത്തെ, ബില്‍ ലോക്‌സഭയില്‍ പാസാക്കുന്നതിന് ധനകാര്യമന്ത്രി പ്രതിപക്ഷത്തിന്റെ സഹായം തേടിയിരുന്നു. എന്നാല്‍, ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാനുള്ള പ്രതിപക്ഷ ആവശ്യം അദേഹം തള്ളി. നിയമനിര്‍മാണം ഇനിയും വൈകിയാല്‍ അത് കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് സഹായകരമായി മാറുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദേശം മന്ത്രി തള്ളിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.