1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2017

സ്വന്തം ലേഖകന്‍: റഷ്യയില്‍ പുടിന്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇറങ്ങിയ റഷ്യന്‍ പ്രതിപക്ഷ നേതാവ് അകത്തായി. രാജ്യത്ത് വര്‍ധിച്ചു വരുന്ന അഴിമതി ഭരണത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പോലീസ് ഉത്തരവ് ലംഘിച്ച് പ്രതിഷേധം നടത്തി എന്നതാണ് അലക്‌സിക്കെതിരെയുള്ള കുറ്റം.

കേസില്‍ നിന്ന് ഒഴിവാക്കണമെന്ന അലക്‌സിയുടെ അപേക്ഷ കോടതി തള്ളി. 30 ദിവസത്തെ ജയില്‍ ശിക്ഷയാണ് അലക്‌സിക്ക് മോസ്‌കോ കോടതി വിധിച്ചിരിക്കുന്നത്. റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ രൂക്ഷ വിമര്‍ശകനുമാണ് അലക്‌സി നവല്‍നി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നവല്‍നിയുടെ നേതൃത്വത്തില്‍ അയ്യായിരത്തോളം ആളുകളാണ് പുടിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതില്‍ എണ്ണൂരിലധികം പേരം പോലീസ് കസ്റ്റഡിയിലെടുത്തു. അലക്‌സിയുടെ ഭാര്യ തന്നെയാണ് അറസ്റ്റു വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പുടിനില്ലാത്ത റഷ്യ സ്വാതന്ത്ര്യമുള്ള രാജ്യമായിരിക്കുമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. പുടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ച സര്‍ക്കാരാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അലക്‌സി നവല്‍നിയെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് അനുയായികള്‍ വ്യക്തമാക്കി.

നവല്‍നിയുടെ അനുയായികളായ 1500 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായി. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിരിക്കുന്ന നവല്‍നി (41), കഴിഞ്ഞ മാര്‍ച്ചിനുശേഷം പുടിന്‍ ഭരണകൂടത്തിനെതിരെ സംഘടിപ്പിച്ച രണ്ടാമത്തെ വന്‍പ്രക്ഷോഭമാണിത്. അഴിമതിക്കെതിരെ നിരന്തരമായ ഓണ്‍ലൈന്‍ പ്രചാരണത്തിലൂടെയാണ് ആയിരക്കണക്കിനു യുവ പ്രക്ഷോഭകരെ നവല്‍നി തെരുവിലിറക്കിയത്.

റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവിന്റെ അനധികൃത സമ്പാദ്യങ്ങള്‍ തുറന്നുകാട്ടുന്ന വിഡിയോ രണ്ടുമാസം മുന്‍പ് നവല്‍നി പുറത്തു വിട്ടതോടെയാണ് അഴിമതിവിരുദ്ധ സമരം കത്തിപ്പടര്‍ന്നത്. 2 കോടിയിലേറെ കാഴ്ചക്കാരാണ് ഈ വിഡിയോ യൂ ട്യൂബില്‍ കണ്ടത്. മോസ്‌കോയിലെ സ്റ്റുഡിയോയില്‍നിന്ന് യൂട്യൂബ് വഴിയാണു നവല്‍നിയുടെ സംഘം പുടിന്‍വിരുദ്ധ പ്രചാരണം നടത്തുന്നത്. എന്നാല്‍, അധികൃതര്‍ സ്റ്റുഡിയോയിലേക്കുള്ള വൈദ്യുതി ബന്ധം സ്ഥിരമായി വിച്ഛേദിക്കപ്പെടുന്നതിനാല്‍ ഇരുട്ടിലിരുന്നാണു പരിപാടികളുടെ അവതരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.